അമിത് ഷായും ജെ.പി നഡ്ഡയുമടങ്ങുന്ന ധുരന്ധരസംഘം രാത്രി രണ്ടുമണിവരെ പാര്‍ട്ടി ഓഫീസില്‍ കുത്തിയിരുന്ന് ഉരുട്ടിയുണ്ടാക്കിയ ഒടുക്കത്തെ കൗണ്ടര്‍ സ്ട്രാറ്റജിയാണ് രണ്ട് പെണ്‍തരികളുടെ ഗോ ബാക് വിളിയില്‍ തൂറ്റിപ്പാറ്റിപ്പോയത്. പിന്നെങ്ങനെ കലിയിളകാതിരിക്കും.!പിന്നെങ്ങനെ എഴുത്തും വായനേം അറിയാവുന്നവരെ തെരഞ്ഞുപിടിച്ച് തല തല്ലിപ്പൊളിക്കാതിരിക്കും..?!
പ്രധാനമന്ത്രിതന്നെ നേരിട്ടിറങ്ങി നടത്തിയ സപ്പോര്‍ട്ട് സി.എ.എ കാംപെയ്ന്‍ പൊട്ടി. ഒരു കൈ സഹായത്തിനെത്തിയ ജഗ്ഗി alias ജഗദീഷിനെ സോഷ്യല്‍ മീഡിയയില്‍ പിള്ളേര് കണ്ടം തുണ്ടം വെട്ടി. അങ്ങേര് പേജില്‍ തുടങ്ങിയ പോളും മുക്കി കണ്ടംവഴി ഓടി.
റിപ്പബ്ലിക്, ടൈംസ് നൗ തുടങ്ങിയ റോമിങ്ങുള്ള നോട്ടീസുപലകകള്‍ മുതല്‍ ലോക്കല്‍ നമോ ഫാന്‍സ് ക്ലബ്ബുകള്‍ വരെ നടത്തിയ പ്രൊപ്പഗാന്‍ഡ പോളുകള്‍ ഒന്നുകില്‍ തുടങ്ങിയവമ്മാര് തന്നെ മുക്കി അല്ലെങ്കില്‍ നാട്ടുകാര് ചവിട്ടിമുക്കി.
പ്രക്ഷോഭം നടത്തുന്നവരെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി തന്നെ വര്‍ഗ്ഗീയ കുത്തിത്തിരിപ്പ് പയറ്റി. ജിഹാദിന് അവസരം കിട്ടിയ ആവേശത്തിനപ്പുറം മതേതരത്വത്തോട് കൂറില്ലാത്ത ഒരു കൂട്ടത്തെ ആ കുത്തിത്തിരുപ്പിന് ക്ലച്ച് പിടിപ്പിക്കാന്‍ കൂട്ടുകിട്ടിയതാ, പക്ഷേ ഈ രാജ്യത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പുതന്നത് മതമല്ല മതേതരത്വമാണെന്ന് ഉറപ്പിച്ചുപറഞ്ഞ മനുഷ്യക്കൂട്ടം ആ പ്രതീക്ഷയും തകര്‍ത്തു.
പൊലീസിനെ ഇറക്കി വെടിവച്ചുനോക്കി, വീടുകേറി തല്ലിനോക്കി, കൊള്ളയടിച്ചുനോക്കി, ഇന്റര്‍നെറ്റ് കട്ട് ചെയ്തുനോക്കി…. നോ രക്ഷ!
ചത്തുവീണ മുപ്പതില്‍ ക്രിസ്ത്യാനിയും ഹിന്ദുവും മുസല്‍മാനുമുണ്ടായിരുന്നു, അവര് സര്‍ക്കാരിനെ നോക്കി ചിരിച്ചു.!
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മിസ്‌കോളടിക്കൂ സി.എ.എയെ രക്ഷിക്കൂ എന്നൊരു പദ്ധതി കൊണ്ടുവന്നു. പോണ്‍ സ്റ്റാറുകളുടെ പടം പതിച്ചും സോപ്പ് ചീപ്പ് കണ്ണാടി ഇനാം പ്രഖ്യാപിച്ചും ട്രെയിനിലെ ടൊയ്‌ലറ്റില്‍ പേരെഴുതി വയ്ക്കുന്നമട്ടില്‍ പ്രോത്സാഹിപ്പിച്ചിട്ടും ഏറ്റില്ല.
അങ്ങനെയാണ് വീട് വീടാന്തരം കേറി നുണപ്രചാരണം നടത്തിനോക്കാം എന്ന് തീരുമാനിക്കുന്നത്. കേരളത്തില്‍ വീടുകേറ്റം ഉദ്ഘാടനം ചെയ്യാന്‍ വന്നത് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ്. നല്ല മനുഷ്യനാ – ബീഫൊക്കെ തിന്നും!, തിന്നിട്ട് കള്ളം പറയത്തുവില്ല.!
പക്ഷേ പണി പാളി, കേറിയ മൂന്നു വീട്ടിന്നും ചായേം കടീം ഒക്കെ കിട്ടിയെങ്കിലും കേന്ദ്രത്തിന്റെ കന്നന്തിരിവിനൊപ്പമില്ലെന്ന് വീട്ടുകാര് മുഖത്തുനോക്കിപ്പറഞ്ഞു.
ലാജ്പത് നഗര്‍ പോലൊരു പാര്‍ട്ടി കേന്ദ്രത്തില്‍ സമ്പര്‍ക്കത്തിനിറങ്ങാന്‍ അമിത് ജി തീരുമാനിച്ചത് പ്രതിഷേധം ഉണ്ടാവാതിരിക്കാനാണ്. അപ്പോ ദേണ്ടേ ഉശിരോടെ ഗോ ബാക് വിളിച്ച് രണ്ടുപെണ്ണുങ്ങള്‍ തലയ്ക്കുമുകളില്‍.
ഭക്തമാധ്യമങ്ങളില്‍പ്പോലും തലക്കെട്ടായത് പെണ്ണുങ്ങളുടെ പ്രതിഷേധം. പ്രതിഷേധം പരിചയമില്ലാത്ത ടീമാണ്,
ഗുജറാത്തിലായാലും ദില്ലിയിലായാലും തിരുവായ്ക്ക് എതിര്‍ വാ ഇല്ല. പക്ഷേ ഭരണഘടനയില്‍ തൊട്ടപ്പോ ഈ പെണ്ണുങ്ങളും പിള്ളേരും ചേര്‍ന്ന് തോല്‍പ്പിച്ചുകളഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഏതായാലും പൗരത്വനിയമ ഭേദഗതിക്കും എന്‍.ആര്‍.സിയ്ക്കും എന്‍.പി.ആറിനുമെതിരായ പ്രക്ഷോഭം മുന്നേറുക തന്നെയാണ് എന്നുറപ്പിയ്ക്കാം. ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ സമരം രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുന്നു.
ജെ.എന്‍.യുവില്‍ മുഖം മറച്ചെത്തിയതും ഓയ്ഷി ഘോഷിന്റേയും അദ്ധ്യാപകരുടെയും തല തല്ലിപ്പൊളിച്ചതും വിരണ്ട തെമ്മാടിക്കൂട്ടമാണ്. ആദായനികുതി അടയ്ക്കാനില്ലാത്ത പിള്ളേരെ EDയെ വിട്ട് വിരട്ടാന്‍ പറ്റില്ലല്ലോ. അപ്പോപ്പിന്നെ പോളോസ്റ്റിക്കുകൊണ്ട് തല തല്ലിപ്പൊളിക്കുകയേ വഴിയുള്ളൂ. പക്ഷേ അകമ്പടിക്കാരും തോക്ക്-ലാത്തിപ്പടയും നോക്കിനില്‍ക്കേ തലയ്ക്ക് മുകളില്‍ നിന്ന് ഗോ ബാക് വിളിച്ച സൂര്യയും ഹര്‍മിതയും നിങ്ങളെ തളര്‍ത്തിക്കൊണ്ടേയിരിക്കും.