| Thursday, 7th May 2020, 1:15 pm

ഇത് ദുരന്തമല്ല, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കൂട്ടുനില്‍ക്കുന്ന കൊലപാതകമാണ്

ഹരീഷ് വാസുദേവന്‍

വിശാഖപട്ടണത്തെ വാതകദുരന്തത്തില്‍ 4 പേര്‍ മരിച്ചു, ആയിരത്തിലധികം പേര്‍ ആശുപത്രിയില്‍. ആദ്യ 4 മണിക്കൂറിനുള്ളില്‍ ദേശീയ-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികള്‍ കാര്യമായൊന്നും ചെയ്തില്ല. റെസ്‌ക്യൂ, റിക്കവറി പ്ലാന്‍ ഒന്നുമുണ്ടായില്ല.

പരിസ്ഥിതി അനുമതി ലഭിച്ച പ്ലാന്റിന്റെ പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് അവ്യക്തം. ദുരന്തലഘൂകരണ പ്ലാനുകള്‍ക്കും പഠനങ്ങള്‍ക്കും പുല്ലുവില കൊടുക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ EIA നടപടികള്‍ പ്രഹസനമാകുന്നതിന്റെ വ്യക്തമായ ദേശീയ ഉദാഹരണം.

റെഡ് ക്യാറ്റഗറി വ്യവസായങ്ങള്‍ക്ക് പോലും പരിസ്ഥിതി മോണിറ്ററിങ്ങിനു മലിനീകരണ ബോര്‍ഡ് പരാജയമാണെന്ന 2016 ലെ CAG റിപ്പോര്‍ട്ട് അവഗണിച്ചു. പ്രത്യേക മോണിറ്ററിങ് അതോറിറ്റി വേണമെന്ന സുപ്രീംകോടതിയുടെ ലഫര്‍ജ് കേസിലെ വിധി കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പാലിച്ചിട്ടില്ല. ഇതെല്ലാം ദുരന്തം മുന്‍കൂട്ടി കാണുന്നതിനു പിഴവായി.

ഇതെല്ലാം നിലനില്‍ക്കുമ്പോഴാണ് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ EIA വിജ്ഞാപനത്തില്‍ വെള്ളം ചേര്‍ത്ത് എല്ലാത്തരം വ്യവസായങ്ങള്‍ക്കും ഇളവ് നല്‍കാനുള്ള കരട് വിജ്ഞാപനം കേന്ദ്രം ഇറക്കുന്നത്. മെയ് 15 നാണ് എതിര്‍പ്പ് അറിയിക്കാനുള്ള അവസാന തീയതി.

ഏത് റെഡ് വിഭാഗ വ്യവസായത്തിലും ദുരന്തമുണ്ടാകാം. എന്നാല്‍ പരിസ്ഥിതി ആഘാത പഠനത്തിലും Environment Management Plan ലും അത് തരണം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളും നടപടികളും വ്യക്തമാക്കും. അതനുസരിച്ച്, പാലിക്കേണ്ട site specific conditions അനുമതിയില്‍ ഉള്‍ച്ചേര്‍ക്കണം. അപ്പോള്‍ ദുരന്തങ്ങളില്‍ ആളപായവും നാശനഷ്ടവും വലിയ തോതില്‍ കുറയ്ക്കാന്‍ കഴിയും.

ഇത് ദുരന്തമല്ല, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കൂട്ടുനില്‍ക്കുന്ന കൊലപാതകമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

ഹരീഷ് വാസുദേവന്‍

Video Stories

We use cookies to give you the best possible experience. Learn more