രാജ്യം മുഴുവന്‍ ഇന്ന് കൊവിഡ് വാക്സിന്‍ വിതരണം തുടങ്ങുകയാണ്. ഒരു വര്‍ഷത്തിലേറെയായി നമ്മുടെ സൈ്വര്യവും സ്വസ്ഥതയും കെടുത്തുന്ന ഭീകരന്റെ കൊമ്പൊടിക്കുന്ന വാക്സിന്റെ പെട്ടി മുറ്റത്ത് കൊണ്ട് വന്ന് പിടിച്ചിരിക്കുന്ന ഈ നേരത്ത്, അവരോട് അകത്ത് കയറിയിരിക്കാന്‍ പറഞ്ഞ ശേഷം നമ്മുടെ ആ പതിവ് വാട്ട്സ്ആപ്പ് ചോദ്യങ്ങളിലേക്ക് കടക്കാം.
* ഈ വാക്സിനും ഒരു ഗൂഢാലോചനയുടെ ഫലമല്ലേ? ലോകം മുഴുവന്‍ ഒരേ മരുന്ന് കുത്തിവെക്കാന്‍ വേണ്ടി ഉണ്ടായ ഒരു ഉഡായിപ്പ് സെറ്റപ്പല്ലേ ഇതെല്ലാം?
– കോവിഡ് 19 എന്ന SARS COV 2 ഇനത്തില്‍പ്പെട്ട വൈറസ് ഉണ്ടാക്കുന്ന രോഗം 2019 അവസാനം മുതല്‍ 2021 ആദ്യം വരെ ഒന്‍പത് കോടിയിലേറെ പേരെ ബാധിക്കുകയും ഇരുപത് ലക്ഷത്തിലേറെ പേരുടെ ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇനിയും ഇതാവര്‍ത്തിക്കാതിരിക്കാന്‍ ഒന്നുകില്‍ കൊവിഡ് 19 വൈറസിനെ നശിപ്പിക്കാനുള്ള മരുന്ന് കണ്ടുപിടിക്കണം. അല്ലെങ്കില്‍ വാക്സിന്‍ വരണം. സദാ മ്യൂട്ടേഷന് വിധേയമാകുന്ന സ്വഭാവത്തില്‍ യാതൊരു സ്ഥിരതയുമില്ലാത്ത ഈ സൂക്ഷ്മജീവിക്കെതിരെ മരുന്ന് നിര്‍മ്മിക്കാന്‍ അത്ര എളുപ്പമല്ല, നിലവില്‍ അത് സാധിച്ചിട്ടുമില്ല. ഇത്തരത്തില്‍ മരുന്നില്ലാത്ത ആദ്യത്തെ രോഗാണുവല്ല കൊവിഡ് 19. നാടന്‍ ജലദോഷം മുതല്‍ നിപ്പ വരെ ഇത്തരം മരുന്നില്ലാത്ത രോഗങ്ങളാണ്. ഇവയ്ക്കെല്ലാം തന്നെ ലക്ഷണങ്ങളെ ചികിത്സിക്കുകയാണ് പതിവ്.
ഈ സാഹചര്യത്തില്‍, കോവിഡ് കൊണ്ട് പോയ ജീവനുകളുടെ എണ്ണം കൂടാതിരിക്കാന്‍ രോഗാണുവിനെ പ്രതിരോധിക്കുകയേ വഴിയുള്ളൂ. ആ പ്രതിരോധമാണ് വാക്സിന്‍. ഗൂഢാലോചന ആരോപിക്കുന്നവരും വായില്‍ തോന്നിയ തിയറി പറയുന്നവരും നമ്മുടെ ജീവന് ഉത്തരവാദിത്വം ഏറ്റെടുക്കില്ല. വാക്സിന്‍ അധിനിവേശമല്ല, നമ്മുടെ അവകാശമാണ്, രക്ഷയാണ്.
– ആവശ്യത്തിന് പരീക്ഷണനിരീക്ഷണങ്ങള്‍ക്ക് ശേഷം തന്നെയാണ് ഇപ്പോള്‍ കോവിഡ് വാക്സിന്‍ വിതരണം തുടങ്ങിയിരിക്കുന്നത്. ലോകത്ത് എവിടെയും തന്നെ ഈ വാക്സിന് സാരമായ പാര്‍ശ്വഫലങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. വാക്സിന്‍ എടുത്ത ഭാഗത്ത് വേദന, തടിപ്പ്, ചെറിയ പനി തുടങ്ങിയ തികച്ചും സ്വാഭാവികമായ പാര്‍ശ്വഫലങ്ങള്‍ക്കപ്പുറം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണ്.
അലര്‍ജിയുടെ സാരമുള്ള വേര്‍ഷനായ അനഫൈലാക്സിസ് പോലും അത്യപൂര്‍വ്വസാധ്യത മാത്രമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
രോഗാണുവുമായി ഏറ്റവും കൂടുതല്‍ സമ്പര്‍ക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ ‘പരീക്ഷണവസ്തുവാക്കുന്നു’ എന്നൊക്കെ മസാലവല്‍ക്കരിച്ചെഴുതി ദയവ് ചെയ്ത് ഞങ്ങളുടെ ആത്മവീര്യം കെടുത്തരുത്, ഞങ്ങളുടെ വീട്ടുകാരെ ആധിയിലാക്കരുത്.
ലോകമെമ്പാടുമുള്ള ആരോഗ്യശാസ്ത്രഞ്ജരുടെ ഈ അമൂല്യമായ കണ്ടെത്തല്‍ വിലയേറിയതാണ്. കൊറോണക്ക് ശേഷം ജനജീവിതം സാധാരണ ഗതിയിലേക്ക് വരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കൂട്ടരും ഒരു പക്ഷേ ഏറ്റവും സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്ന ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരാകും. അത്രക്ക് വശം കെട്ടിരിക്കുന്നു ഞങ്ങളില്‍ പലരും. വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ ഞങ്ങള്‍ അതിലേക്ക് ഞങ്ങളുടെ പങ്ക് നല്‍കുകയാണ്. വാക്സിന്‍ സുരക്ഷിതമാണെന്നത് കൊണ്ടാണ് വിതരണം തുടങ്ങിയത്.
* വാക്സിനില്‍ ‘എന്തൊക്കെയോ പ്രശ്നമുള്ള’ ingredients ഉണ്ടെന്ന് കേട്ടല്ലോ. കൊഴപ്പാവോ?
വാക്സിനില്‍ ഉള്ള ഘടകങ്ങള്‍ L Histidine, L Histidine hydrochloride monohydrate, Magnesium chloride hexahydrate, Polyosrbate 80, Ethanol, Sucrose, Sodium chloride, EDTA, Water എന്നിവയാണ്. നോ സീക്രട്ട്സ്.
വാക്സിന്‍ ഏതാണ്ട് നിഗൂഢ ഐറ്റം ആണെന്ന് ഇനിയിവിടെ മിണ്ടിയേക്കരുത്.
-അല്ല. നിലവില്‍ പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്സിന്‍ പരീക്ഷിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് നല്‍കുന്നില്ല.
ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍ എന്നിവരില്‍ വാക്സിന്‍ പഠനങ്ങള്‍ നടന്നിട്ടില്ല. അവര്‍ക്ക് വാക്സിന്‍ നല്‍കണോ എന്നതിന്റെ വിശദാംശങ്ങള്‍ വാക്സിനേഷന്‍ ഘട്ടങ്ങള്‍ പുരോഗമിക്കുന്നതിനനുസരിച്ച് അറിയാന്‍ സാധിക്കും.
അര്‍ബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവ ഉള്ളവര്‍ക്ക് വാക്സിനെടുക്കാം. ചെറിയ പനിയോ മൂക്കൊലിപ്പോ ഒന്നും വാക്സിന് തടസമല്ല. എന്നാല്‍ എയിഡ്സ്, സ്റ്റിറോയിഡ് മരുന്ന് കഴിക്കുന്നവര്‍ തുടങ്ങി ശരീരത്തില്‍ പ്രതിരോധശേഷി തീരെ കുറവുള്ളവര്‍ വാക്സിനെടുത്താലും ശരീരത്തില്‍ ആവശ്യത്തിന് പ്രതിരോധഘടകങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതിരോധപ്രക്രിയ നടക്കില്ല. ഫലം കുറഞ്ഞേക്കാം.
* ഒരെണ്ണം എടുത്താല്‍ പിന്നെ സൂക്കേട് വരൂലാ?
വാക്സിനെടുത്താല്‍ എഴുപത് ശതമാനവും പിന്നെ കോവിഡ് വരില്ല. ഇനി അഥവാ വന്നാല്‍ തന്നെ, രോഗം സാരമാകാതിരിക്കാന്‍ ഉള്ള പ്രതിരോധശേഷി നമുക്ക് വാക്സിന്‍ വഴി ലഭിക്കും.
പക്ഷേ ഒരു ഡോസല്ല, നാലാഴ്ച ഇടവിട്ട് രണ്ട് ഡോസാണ് എടുക്കേണ്ടത്. ഇടത് തോളിന്റെ താഴെയായിട്ട് പേശിയിലാണ് വാക്‌സിനെടുക്കുന്നയിടം. 0.5 മില്ലിലിറ്റര്‍ വാക്സിന്‍ ഒറ്റതവണ മാത്രം ഉപയോഗിക്കാനാവുന്ന ഓട്ടോ ഡിസേബിള്‍ സിറിഞ്ച് കൊണ്ടാണ് നല്‍കുന്നത്. ആ പിന്നെ, വാക്സിനെടുക്കുന്നവരുടെ രജിസ്ട്രേഷന്‍ മുതല്‍ എടുത്ത് കഴിഞ്ഞ് അര മണിക്കൂര്‍ നിരീക്ഷണവും ശേഷമുള്ള ഫോളോ അപ്പും അടക്കം സര്‍വ്വത്ര വ്യക്തമായി പ്ലാന്‍ ചെയ്തിട്ടുണ്ട്. എല്ലാം ഡിജിറ്റല്‍ ആയി രേഖപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.
ഒരു പ്രധാനകാര്യം വേറെ വാക്സിനെടുത്ത് പതിനാല് ദിവസത്തിനകം കൊവിഡ് വാക്സിന്‍ എടുത്തൂടാ. അതേ പോലെ കൊവിഡ് വാക്സിനെടുത്ത് പതിനാല് ദിവസം കഴിയാതെ വേറെ വാക്സിനും എടുത്തൂടാ. എനി കണ്‍ഫ്യൂഷന്‍?
* അപ്പോ പിന്നെ, എടുക്കാല്ലേ? ഇത് എടുത്താല്‍ ഈ മുഖംമൂടീം സോപ്പും ഒക്കെ വലിച്ച് പറിച്ച് ദൂരെ കളയാല്ലോന്ന് ഓര്‍ക്കുമ്പോ…ഒരു പുളകം..
– അയ്യോ…മുന്‍കരുതലുകളെ കാറ്റില്‍ പറത്താനും പുളകം കൊള്ളാനും ഒന്നുമായില്ല. അതിന് സമൂഹത്തിലെ വലിയൊരു ശതമാനം ആളുകള്‍ വാക്സിനെടുക്കണം. ഘട്ടം ഘട്ടമായി നമ്മള്‍ അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ.
എങ്കില്‍ പോലും ”എന്നാണൊരു രക്ഷ!’ എന്ന ഘട്ടത്തില്‍ നിന്നും ‘വലിയ താമസമില്ലാതെ ഇതിനൊരന്ത്യമുണ്ടാവും’എന്നയിടത്ത് നമ്മളെത്തിക്കഴിഞ്ഞു.
പ്രസിദ്ധമായൊരു പാട്ട് പോലെ…
‘ഈ കാലം മാറും നമ്മുടെ കാലക്കേടുകള്‍ കഥയാകും… നാമൊന്നായ് കൂടിയിരിക്കും നാളൊട്ടും വൈകാതെ…’
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക