| Thursday, 3rd March 2016, 1:17 pm

നിങ്ങള്‍ മുസ്‌ലിംകളാണെന്ന കാര്യം ആരോടും പറയരുതേ...ദല്‍ഹിയിലെ മുസ്‌ലീം വിദ്യാര്‍ത്ഥിയുടെ അനുഭവകുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വായിച്ചും കേട്ടറിഞ്ഞും മാത്രം പരിചയമുള്ള വിവേചനത്തിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ തരിച്ച് നില്‍ക്കുകയായിരുന്നു ഞാനും എന്റെ സുഹൃത്തും. ദിനംപ്രതി ലക്ഷകണക്കിനാളുകള്‍ നേരിടുന്ന അവസ്ഥയുടെ നൂറിലൊന്ന് തീഷ്ണത പോലും ഇല്ലെങ്കിലും, അവരുടെ വാക്കുകള്‍ ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു..



ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ | ഹാനി ഹിലാല്‍


പുതിയ ഫ്‌ലാറ്റിലേക്ക്താമസം മാറിയിട്ട് കുറച്ച് ദിവസങ്ങളായിട്ടേയുള്ളൂ.. ബ്രോക്കര്‍ മുഖേനയായിരുന്നു എല്ലാ കാര്യങ്ങളും ശരിയാക്കിയിരുന്നത്. അതിനാല്‍ തന്നെ ഫ്‌ലാറ്റ് ഓണറായ സ്ത്രീയെ, ഒന്ന് രണ്ട് തവണ കണ്ടതൊഴിച്ചാല്‍, വലിയ പരിചയമില്ലായിരുന്നു…ഒരറുപതോളം പ്രായം കാണുമവര്‍ക്ക് ..

ഇന്നലെ എന്തോ ഒരാവശ്യത്തിനവര്‍ റൂമില്‍ വന്നപ്പോള്‍ ഞാന്‍ തൊപ്പി ധരിച്ചിട്ടുണ്ടായിരുന്നു… തൊപ്പി കണ്ടതും അവരുടെ നെറ്റി ചുളിഞ്ഞു.. മുഖഭാവം കണ്ട ഞാന്‍ കാര്യം തിരക്കി…

അവര്‍: ഹാനി എന്ന് തന്നെയല്ലേ പേര് പറഞ്ഞത്
ഞാന്‍: അതെ..
അവര്‍: നിങ്ങള്‍ മുസ്‌ലിമാണോ?
ഞാന്‍:അതെ..
അവര്‍ : മറ്റുള്ളവരോ? (എന്റെ റൂം മേറ്റ്‌സ്… മൂന്ന് പേരുടെയും പേരുകള്‍ ഏതെങ്കിലുമൊരു മതത്തിന്റേത് മാത്രമായിട്ടുള്ളതല്ല എന്നത് കൊണ്ടായിരിക്കാം ഇങ്ങനെയൊരു ചോദ്യം )
ഞാന്‍: അതെ. ഞങ്ങള്‍ മൂന്ന് പേരും മുസ്‌ലിംകളാണ്.


Read More:മുസ്‌ലീമായതിന്റെ പേരില്‍ ദല്‍ഹിയില്‍ വീട് നിഷേധിച്ചു; കെജ്‌രിവാളിന് അന്ധയായ മലയാളി അദ്ധ്യാപികയുടെ യൂട്യൂബ്

അല്‍പ്പ നേരത്തെ മൗനത്തിന് ശേഷം അവര്‍ റൂം സംബന്ധമായ കാര്യങ്ങളിലേക്ക് കടന്നു.

പിന്നീട് പോകാന്‍ നേരം, നേരിയ ശബ്ദത്തില്‍,വീണ്ടും ഈ വിഷയത്തിലേക്കെത്തി.

അവര്‍: നിങ്ങള്‍ ബീഫും മട്ടനും പാചകം ചെയ്യില്ലല്ലോ?
ഞാന്‍: ഞങ്ങള്‍ അതെല്ലാം കഴിക്കുന്നവരാണ്. ഞങ്ങളത് പാചകം ചെയ്യും.
അവര്‍ :അത് പറ്റില്ല… എന്റെ വീട്ടില്‍ അത് ഞാന്‍ അനുവദിക്കില്ല…
ഞാന്‍: ആഹ്!
അവര്‍: പിന്നെ,നിങ്ങള്‍ മുസ്‌ലിംകളാണെന്ന കാര്യം ഞാന്‍ ആരോടും പറയില്ല. നിങ്ങളും ആരോടും പറയരുത് … നിങ്ങള്‍ മുസ്‌ലിംകളാണെന്ന് അറിയുമായിരുന്നെങ്കില്‍ ഞാന്‍ റൂം തരില്ലായിരുന്നു… ഇതിപ്പോള്‍ നിങ്ങള്‍ താമസം തുടങ്ങിയ സ്ഥിതിക്ക് ഒന്നും ചെയ്യാനില്ല… നിങ്ങള്‍ നല്ല കുട്ടികളാണെന്നെനിക്കറിയാം, അത് കൊണ്ട് തന്നെ ആര്‍ക്കുമൊരുപദ്രവവും ചെയ്യാതെ അടങ്ങി ഒതുങ്ങി ജീവിക്കണം…


Read Also:ഡി.വൈ.എഫ്.ഐ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രഞ്ജിത്തിനെ ക്ഷണിച്ചതില്‍ തെറ്റില്ലെന്ന് എം.സ്വരാജ്


ഇത്രയും പറഞ്ഞ് ആ സ്ത്രീ പോയപ്പോള്‍, വായിച്ചും കേട്ടറിഞ്ഞും മാത്രം പരിചയമുള്ള വിവേചനത്തിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ തരിച്ച് നില്‍ക്കുകയായിരുന്നു ഞാനും എന്റെ സുഹൃത്തും. ദിനംപ്രതി ലക്ഷകണക്കിനാളുകള്‍ നേരിടുന്ന അവസ്ഥയുടെ നൂറിലൊന്ന് തീഷ്ണത പോലും ഇല്ലെങ്കിലും, അവരുടെ വാക്കുകള്‍ ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു.. വ്യക്തിപരമായി യാതൊരു ദേഷ്യവുമില്ല എന്ന് മാത്രമല്ല ,ഈ വാര്‍ദ്ധക്യകാലത്തും ചുറുചുറുക്കോടേ എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യുന്ന അവരോട് അതിയായ മതിപ്പുമുണ്ട്..

എങ്കിലും അവരുടെ ഈയൊരു പേടിയും ,BAD മുസ്‌ലിം/GOOD മുസ്‌ലിം എന്ന കാഴ്ച്ചപ്പാടും , അവര്‍ ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന്റെ ചിന്തയും പേടിയുമായി വേണം കാണാന്‍.. ദല്‍ഹിയിലുള്ള സുഹൃത്തുക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഇതിന് മുമ്പും ഇതേ കാരണത്താല്‍ താമസ സൗകര്യം നിഷേധിക്കപ്പെട്ടിട്ടുണ്ട്.. പലര്‍ക്കും മറ്റു സ്ഥലങ്ങളില്‍ അപമാനിതരാകേണ്ടി വന്നിട്ടുണ്ട്..

അപ്പോഴൊന്നും തോന്നാത്ത ഭയം ഇപ്പോള്‍ തോന്നുന്നു.. ചിലപ്പോള്‍, വിശ്വാസം കാരണം നേരിടേണ്ടി വന്ന ആദ്യത്തെ വിഷമമേറിയ അനുഭവം കാരണമാവാം.. അല്ലെങ്കില്‍ ,മുസ്‌ലിം എന്ന എന്റെ സ്വത്വത്തെ സമൂഹം എത്രത്തോളം അപകടകരമായാണ് നോക്കി കാണുന്നത് എന്ന തിരിച്ചറിവായിരിക്കാം…

We use cookies to give you the best possible experience. Learn more