ഡിസ്‌പ്ലേസ്മെന്റ് പേടിക്കേണ്ടാത്തവന്‍ വികസനത്തിന് വേണ്ടി വാദിച്ചുകൊണ്ടിരിക്കും, അനുഭവിച്ചവര്‍ക്കേ അതിന്റെ വേദനയറിയൂ
Notification
ഡിസ്‌പ്ലേസ്മെന്റ് പേടിക്കേണ്ടാത്തവന്‍ വികസനത്തിന് വേണ്ടി വാദിച്ചുകൊണ്ടിരിക്കും, അനുഭവിച്ചവര്‍ക്കേ അതിന്റെ വേദനയറിയൂ
സാബ്ലു തോമസ്
Tuesday, 16th June 2020, 11:13 am

എന്നോട്ട് പലരു ചോദിക്കുന്ന ഒരു ചോദ്യം നിങ്ങള്‍ വികസനത്തിനെതിരാണ് അല്ലേ എന്നാണ്. ഞാന്‍ വികസനത്തിന് എതിരല്ല. എന്നാല്‍ പണ്ടേ കിടപ്പാടം നഷ്ടപ്പെടുന്ന വേദന നന്നായി അറിയാവുന്നത് കൊണ്ട് യാന്ത്രിക വികസന വാദത്തോട് ഒട്ടും മമതയില്ല.

ഇടുക്കി ജില്ലയില്‍ തൊടുപുഴ താലുക്കിലെ മുട്ടം പഞ്ചായത്തിലെ ശങ്കരപള്ളി എന്ന സ്ഥലത്തെ മലങ്കര ജലസേചന ഡാം നിര്‍മാണത്തിന്റെ ഭാഗമായി എണ്‍പതുകളില്‍ എറ്റെടുത്തതാണ് എന്റെ പപ്പയുടെ കുടുംബ വീട്.

അഞ്ച് ആണും അഞ്ചു പെണ്‍മക്കളും അടങ്ങുന്ന പപ്പയുടെ കുടുംബത്തെ ശരിക്കും ഈ ഡിസ്‌പ്ലേസ്മെന്റ് ബാധിച്ചു. (അതില്‍ പപ്പാ അടക്കം മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും മരിച്ചു.) കുടുംബം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലേക്ക് ചിതറി പോയി.

കുടുംബത്തിലെ മൂത്ത ആളായ പപ്പയും മിലിട്ടറി നഴ്‌സായിരുന്ന ഒരു സഹോദരിയും ഒഴിച്ച് ആരും സര്‍ക്കാര്‍ ജീവനക്കാരായിരുന്നില്ല. ചെറുകിട കൃഷികരായിരുന്നു. അവരുടെ പിന്‍തലമുറയില്‍ ചാര്‍ട്ടേഡ് അകൗണ്ടന്റ്, എന്‍ജിനിയര്‍മാര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എന്നിങ്ങനെ വിവിധ തൊഴില്‍ മേഖലയിലുണ്ടെന്നും ചിലരൊക്കെ അമേരിക്കയിലൊക്കെ കുടിയേറി എന്നതും വേറെ കാര്യം.

അക്ഷരാര്‍ത്ഥത്തില്‍ തന്നെയാണ് ചിതറി പോയി എന്ന് പറഞ്ഞത്. ഒരു സഹോദരിയും കുടുംബവും കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്ത്, ഒരു സഹോദരന്‍ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തിനടുത്ത് ചന്ദനയ്ക്കാംപാറയില്‍, ഒരു സഹോദരനും സഹോദരന്റെ രണ്ടു പെണ്‍മക്കളും നിലമ്പൂര്‍ പ്രദേശത്ത്, മരിച്ചു പോയ ഒരു സഹോദരിയുടെ മകനും മരിച്ചുപോയ സഹോദരന്റേയും മകളും കൊച്ചിയില്‍. ഒരു സഹോദരിയും അവരുടെ മകനും മുന്നാറിനപ്പുറം മറയൂരില്‍. ആ സഹോദരിയുടെ മക്കള്‍ ചങ്ങനാശ്ശേരിയിലും മൂവാറ്റുപുഴയിലെ മറ്റും.

രണ്ടു സഹോദരിമാരും മരിച്ചുപോയ സഹോദരന്റെ മക്കളും തൊടുപുഴയില്‍. ഞാനും എന്റെ സഹോദരന്മാരും തിരുവനന്തപുരത്ത്. മറ്റുള്ളവര്‍ തൊടുപുഴയ്ക്കടത്തു വിവിധ പ്രദേശങ്ങളില്‍. പലരും തമ്മിലുള്ള പരസ്പര ബന്ധം പോലും മുറിഞ്ഞു പോവുന്നതിനു ഒത്തുകൂടാന്‍ കുടുംബ വീട്ടിലില്ലാത്തത് കാരണമായിട്ടുമുണ്ട്.

ഇനി പപ്പയുടെ കുടുംബത്തെ ചിതറിച്ച പ്രോജക്ടിലേക്ക് 1970 കളില്‍ തുടങ്ങി, 40 വര്‍ഷം കൊണ്ട് 906 കോടി ചിലവാക്കിയിട്ടും പൂര്‍ത്തിയാക്കാത്ത കൃഷിക്കായുള്ള ജലസേചന പദ്ധതി നമ്മുടെ വികസന വാദത്തിന്റെ കാപട്യങ്ങള്‍ക്ക് നല്ല ഒരു ഉദാഹരണമാണ്. പലവട്ടം ഉദ്ദേശ ലക്ഷ്യം മാറ്റി മറിച്ച പ്രോജക്റ്റ് വാട്ടര്‍ അതോറിറ്റിയുടെ ഹില്ലി അക്വാ എന്ന കുപ്പിവെള്ള കമ്പനിയ്ക്ക് വെള്ളം എടുക്കാനാണ് പ്രധാനമായും ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ചെറിയ ഒരു പ്രദേശത്തെ കുടിവെള്ള വിതരണത്തിനും ഡാം ഉപയോഗിക്കുണ്ട് എന്ന് കേട്ടിട്ടുണ്ട്, എന്നാല്‍ കൃഷിയ്ക്കുള്ള ജലസേചനത്തിനും അത് ഉപയോഗപ്പെടുന്നില്ല എന്നതിന് കാടു കയറിയ അതിന്റെ കനാലുകള്‍ തന്നെ സാക്ഷി.

ഇനിയും പദ്ധതിയുടെ ലക്ഷ്യം മാറും. കാരണം അവിടെ സാഹസിക ടൂറിസം പദ്ധതിയും ആലോചനയിലുണ്ട് എന്ന് കേള്‍ക്കുന്നു. വികസനത്തിനു വേണ്ടിയുള്ള ത്യാഗം എന്ന പ്രയോഗികവാദിയാവാന്‍ ഒട്ടും താല്പര്യമില്ലാത്തത് എന്റെ തന്നെ അനുഭവം കൊണ്ടാണ്. നമ്മുടെ പല വികസന പദ്ധതികളുടെയും പിന്നാമ്പുറങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ്. പലവട്ടം ഉദ്ദേശ ലക്ഷ്യങ്ങള്‍ മാറ്റി മറിച്ചിട്ടും ഇങ്ങനെ അവ ഒരേ കുറ്റിയില്‍ തന്നെ കറങ്ങുന്നു.

അതിരപ്പള്ളി പദ്ധതിയോടുള്ള എതിര്‍പ്പ് എന്ത് കൊണ്ട് എന്നും പറയാം. കേന്ദ്ര താല്പര്യമാണോ കേരള സര്‍ക്കാരിന്റെ താല്പര്യമാണോ ഈ പദ്ധതിയ്ക്ക് ഇപ്പോള്‍ എന്‍.ഓ.സി ലഭിക്കാന്‍ കാരണമായത് എന്ന കക്ഷി രാഷ്ട്രീയ വിഷയത്തില്‍ ഒട്ടും തന്നെ താല്പര്യമില്ല. എന്‍.ഓ.സി കിട്ടിയത് കൊണ്ട് മാത്രം പദ്ധതി വരില്ലെന്നും അറിയാം. അതിരപ്പള്ളി പദ്ധതിയുടെ എന്‍വയോണ്‍മെന്റ് ഇംപാക്ട് അസ്സെസ്സ്‌മെന്റിന്റെയും സോഷ്യോ എക്ണോമിക്ക് സ്റ്റഡിയുടെയും കാലാവധി കഴിഞ്ഞത് കൊണ്ട് അവ വീണ്ടും നടത്താന്‍ എന്‍.ഒ.സി വേണമെന്നതാണല്ലോ ഒരു വാദം.

നടപ്പിലാക്കാനല്ലാത്ത ഒരു പദ്ധതിയ്ക്ക് എന്തിനാണ് ഈ പഠനങ്ങള്‍ക്ക് വേണ്ടി എന്‍.ഒ.സി പുതുക്കി നല്കുന്നത് എന്ന സംശയം ബാക്കി നില്‍ക്കുന്നു.

ഒട്ടൊക്കെ പ്രിവിലേജ് ഉള്ള എന്റെ അനുഭവങ്ങള്‍ മുകളില്‍ പറഞ്ഞ പോലെയാണെങ്കില്‍ പ്രിവിലേജുകള്‍ക്ക് പുറത്തു ജീവിക്കുന്ന, വനത്തെയും ചെറിയ വന്യജീവികളെയും നദിയിലെ മത്സ്യങ്ങളെയും കിഴങ്ങുകള്‍, തേന്‍, മറ്റ് ചെറിയ വനഉല്പന്നങ്ങളേയും ആശ്രയിച്ച് കാട്ടില്‍ തന്നെ കഴിയുന്ന കാടര്‍ ആദിവാസി വിഭാഗത്തിന് ഇനി ഒരു ഡിസ്‌പ്ലേസ്മെന്റ് കൂടി താങ്ങാന്‍ കെല്‍പില്ല എന്ന് മനസിലാവും.

തോട്ടങ്ങള്‍ക്കു വേണ്ടിയുള്ള വനനശീകരണവും അണക്കെട്ടുനിര്‍മ്മാണവും മൂലം അവരുടെ കുടികള്‍ വെള്ളത്തിനടിയിലായതു കാരണം കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി നാലോ അഞ്ചോ പ്രാവശ്യം ഡിസ്‌പ്ലേസ് ചെയ്യപ്പെട്ടതാണ് ഇവര്‍.

ഇപ്പോള്‍ വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലെ 413 ചതുരശ്ര കിലോ മീറ്ററില്‍ 8 കാടര്‍ കുടികളാണ് അവശേഷിക്കുന്നത്. ഇവയില്‍ 2 എണ്ണം – വാഴച്ചാല്‍, പൊകലപ്പാറ കുടികള്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ തന്ത്രപ്രധാനഭാഗത്താണത്ര.

അവരുടെ യഥാര്‍ത്ഥ വന ആവാസ കേന്ദ്രം പലപ്പോഴായി നശിപ്പിക്കപ്പെട്ടുവെന്നും ഓര്‍ക്കുക. ഡിസ്‌പ്ലേസ്മെന്റ് പേടിക്കേണ്ടാത്തവന് വികസനത്തിന് വേണ്ടിയുള്ള ത്യാഗത്തിന്റെ കഥകള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കാം.അത് അനുഭവിച്ചവര്‍ക്കേ അതിന്റെ വേദന അറിയൂ.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ