| Tuesday, 18th July 2017, 1:40 pm

വാശിക്ക് തൂമ്പയെടുത്ത് കിളക്കാനിറങ്ങുമ്പോള്‍, സംവരണത്തിന്റെ കഴുത്തില്‍ കൊത്തരുത്, കുഴിച്ചിട്ട ദളിതന്റെ ചോര കണ്ണില്‍ തെറിക്കും; റോസ് നിറമുള്ള ബി.പി.എല്‍ റേഷന്‍ കാര്‍ഡ് നീലനിറത്തിലെത്തിക്കലല്ല സംവരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്ലസ്ടുക്കാരന്‍ പയ്യന്റെ സ്വഭാവികമായ അറിവില്ലായ്മ അത്ഭുതപ്പെടുത്തുന്നില്ല. എന്നെങ്കിലും ബോധം വക്കുന്ന കാലത്ത് അവന്‍ എഴുതിവച്ചതിലെ ശരികേട് തിരിച്ചറിയുമായിരിക്കും. പക്ഷേ, സംവരണ വിരുദ്ധതക്ക് ഇന്നാട്ടിലെ സവര്‍ണ്ണ പൊതുബോധത്തിന്റെ, ഉറച്ച ബോധ്യങ്ങളുടെ കയ്യടി കേട്ടിരിക്കാനാവില്ല.

കോളേജില്‍ അഡ്മിഷനു നില്‍ക്കുമ്പോ, ജോലിക്ക് അപ്ലൈ ചെയ്യുമ്പോ, വിളി വരുമ്പോ മാത്രം, എല്ലാവരും തുല്ല്യരാണെന്നും യോഗ്യതയനുസരിച്ച് കയറ്റിവിടണമെന്നുമുള്ള സമത്വസുന്ദരമനോഭാവം വിരിയുന്ന എല്ലാ എലൈറ്റ് ബുദ്ധികളും, സംവരണത്തിന്റെ ആനുകൂല്യമറിഞ്ഞശേഷം ആ കൂട്ടത്തില്‍ നിന്ന് നമ്മളെങ്ങനെ നമ്മളായെന്നറിയാതെ, “എനിക്ക് സംവരണം വേണ്ട” എന്ന് കൈകഴുകി മാറിനില്‍ക്കുന്ന അല്‍പബുദ്ധികളും അറിഞ്ഞിരിക്കേണ്ടത് ഇതാണ്.

സംവരണമെന്നാല്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപ്രക്രിയയല്ല. താഴ്ന്ന ജാതിയില്‍ പെട്ട ഒരുത്തനെ പരിഗണിച്ച്, ആ കുടുംബത്തെ രക്ഷപ്പെടുത്താനുള്ള, രക്ഷപ്പെട്ടാല്‍ പിന്നെ പരിഗണിക്കേണ്ടതില്ലാത്ത, റോസ് നിറമുള്ള ബി.പി.എല്‍ റേഷന്‍ കാര്‍ഡ് നീലനിറത്തിലെത്തിച്ചാല്‍ വിജയം കാണുന്ന പരിപാടിയുമല്ല.

അത് സ്‌കൂളില്‍, കോളേജുകളില്‍, തൊഴിലിടങ്ങളില്‍, പൊതുവിടങ്ങളില്‍, ഭൂസ്വത്തില്‍, നിയമനിര്‍മ്മാണസഭകളില്‍, നീതിന്യായവ്യവസ്ഥയുടെ അകത്തളങ്ങളില്‍ തുടങ്ങി എല്ലായിടങ്ങളിലും നൂറ്റാണ്ടുകളായി വെളിച്ചം തടഞ്ഞിരുട്ട് കയറ്റിയ ബുദ്ധികള്‍ക്ക്, ഇന്നീ കിടന്ന് സംവരണവിരുദ്ധത ആഘോഷിക്കുന്നവരാല്‍ ചവിട്ടിയരക്കപെട്ടവര്‍ക്ക്, ഇക്കാലത്തിലെങ്കിലും ജനസംഖ്യക്കാനുപാതികമായ പ്രാതിനിധ്യം ഉറപ്പ് വരുത്താനുള്ള ആശയമാണ്, അനിവാര്യതയാണ്.


Dont Miss മാധ്യമ പ്രവര്‍ത്തകരെ ആക്ഷേപിച്ച് സ്വന്തം ദേഹത്തെ ചെളി ഇല്ലാതാക്കാമെന്ന് സ്വപ്നം കാണുന്നുവെങ്കില്‍ അത് വൃഥാവിലാവുകയേ ഉള്ളൂ; കേരള പത്രപ്രവര്‍ത്തക യൂണിയന്‍


ഇന്നൊരുത്തന്‍ വാങ്ങുന്ന 79 ശതമാനമോ 89 ശതമാനമോ ഇനി 99 ശതമാനമോ ഒള്ള മാര്‍ക്കിനു അവന്റെ 17 വര്‍ഷത്തെ ബുദ്ധിക്ക് മാത്രമേ റോള്‍ ഉള്ളു എന്ന ലളിതമായ ചിന്ത മാറ്റി വച്ച്, നൂറ്റാണ്ടുകളായി അവന്റെ സമൂഹം കടന്നുവന്ന ജീവിതസാഹചര്യങ്ങള്‍ക്ക്, പ്രിവിലേജുകള്‍ക്ക്, അണ്‍-പ്രിവിലേജുകള്‍ക്ക്, നെല്ല് കുത്തി സംഭരിച്ച പത്തായപ്പുരക്ക്, കുമ്പിളില്‍ കുടിച്ച കഞ്ഞിക്ക്, ചാട്ടവീശിയ കൈകള്‍ക്ക്, ചാട്ടയടികൊണ്ട പുറങ്ങള്‍ക്ക്, ഒരുവന്റെ കവര്‍ന്നെടുത്ത വെളിച്ചങ്ങള്‍ക്ക്, അവിടെ ബാക്കിയായ ഇരുട്ടിനു തുടങ്ങി ഒരായിരം കാരണങ്ങള്‍ അതിലുണ്ടെന്ന തിരിച്ചറിവ് വരേണ്ടതുണ്ട്.

അത്തരം കടന്നുകയറ്റങ്ങളില്‍ സാമൂഹികമായും സാമ്പത്തീകമായും അല്ലാതെയും ഏറ്റക്കുറച്ചിലുകള്‍ അവര്‍ക്കിടയില്‍ വന്നിട്ടുണ്ട്, അതിപ്പഴും തുടരുന്നുണ്ട്.

അതില്ലാതാക്കാനുള്ള, എല്ലാവരും തുല്ല്യരാവാനുള്ള, ഭരണഘടന മുന്നോട്ടുവക്കുന്ന പോംവഴിയാണ്, ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം, അഥവാ സംവരണം.

മൂവായിരം വര്‍ഷത്തെ അടിച്ചമര്‍ത്തല്‍, 60 വര്‍ഷത്തെ സംവരണം കൊണ്ട് മറികടന്നോ എന്ന് താഴെയുള്ള ടേബിള്‍ ഉത്തരം പറയും. എന്തുകൊണ്ട് സംവരണം, എന്തുകൊണ്ടത് തുടരണം എന്നും.

സംവരണാനുകൂല്യം ലഭിക്കാത്ത, 14.5% വരുന്ന മുന്നാക്ക ഹിന്ദു 20 ശതമാനത്തിലധികം ഭൂമിയും 24% മുകളില്‍ സര്‍ക്കാര്‍ ജോലിയും 17% എയ്ഡഡ് സ്ഥാപങ്ങളും കയ്യാളുന്നു. അതുകൊണ്ടുതന്നെ, സ്ഥിരവരുമാനമുള്ളവരും മികച്ച വിദ്യാഭ്യാസം ലഭിക്കുന്നവരും അവരില്‍ കൂടുതല്‍ തന്നെ. ഇത് സവര്‍ണ്ണ ഹിന്ദു, അവന്റെ ചെറിയബുദ്ധിവച്ച നേടിയെടുത്തതല്ല, കാലാകാലങ്ങളായി അടിച്ചമര്‍ത്തിയതിന്റെ, ആട്ടിയോടിച്ച് ഭൂമി സ്വന്തമാക്കിയതിന്റെ, അടിയാളന്‍ വച്ചുണ്ടാക്കി കൊടുത്തതിന്റെ ബാക്കിപത്രം കൂടിയാണത്.

ഇനി, ക്രൈസ്തവര്‍, 18% വരുന്നവര്‍ ഭൂസ്വത്തില്‍ 25%, സര്‍ക്കാര്‍ ജോലികളില്‍ 20 ശതമാനത്തിനുമുകളില്‍, എയ്ഡഡ് കോളേജുകളില്‍ 47%, സ്ഥിരവരുമാനവും വിദ്യാഭ്യാസം ലഭിക്കുന്നവരില്‍ മുന്നിലും നില്‍ക്കുന്നു. പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ വക്താക്കളായിരുന്ന, ക്രൈസ്തവമിഷണറിമാരുടെ പ്രവര്‍ത്തനം കേരളത്തിനും ക്രൈസ്തവര്‍ക്കും നല്‍കിയ സംഭാവന ചെറുതല്ല. ജന്മിയായിരുന്ന നമ്പൂരി മാര്‍ഗ്ഗം കൂടിയതുമുതല്‍ കിഴക്കന്‍ മലയില്‍ കുടിയേറി എല്ലുവെള്ളമാക്കി ഒരുക്കിയ അപ്പാവികളുടെ ഭൂമി വരെ ആ കണക്കില്‍ പെടും.

എയ്ഡഡ് കോളേജുകള്‍ക്ക് ആ പദവി മിക്കതും ചരിത്രപരമായി സ്വാതന്ത്ര്യാനന്തരം ലഭിച്ചവയുമാണ്. (സംഘികള്‍ ന്യൂനപക്ഷം കൊണ്ട് പോകുന്നു എന്ന വാദം ഇവിടെ കയറ്റാതിരിക്കാന്‍ പറയുന്നത്.) ക്രൈസ്തവര്‍ക്കും ജനസംഖ്യക്ക് വളരെ മുകളില്‍ പ്രാതിനിധ്യം വന്നിട്ടുണ്ട്.
ഇനി പിന്നാക്ക ഹിന്ദു, മുസ്ലിം, ദളിത് മുതലായവരുടെ നിലനോക്കുക. ആനുപാതികമായ ഭൂമിയോ, സര്‍ക്കാര്‍ ജോലിയോ, എയ്ഡഡ് സ്ഥാപനങ്ങളോ, സ്ഥിരവരുമാനമോ, മികച്ച വിദ്യാഭ്യാസമോ അവര്‍ക്ക് ലഭിക്കുന്നില്ല, ലഭിച്ചിട്ടില്ല. ദളിതുകള്‍ ഏറ്റവും പിന്നാക്കം നില്‍ക്കുമ്പോള്‍ അവക്ക് മുകളിലാണ് മുസ്ലിങ്ങളും മറ്റു പിന്നാക്ക ഹിന്ദുക്കളും.

അതില്‍ ഏറ്റവും കുറവ് സര്‍ക്കാര്‍ ജോലികളിലെ പ്രാതിനിധ്യം മുസ്ലിങ്ങള്‍ക്കാണ്.
> ദളിതുകള്‍ക്കാണ് ഭൂമിയും എയ്ഡഡ് സ്ഥാപങ്ങളും(കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചത് ചേര്‍ത്ത്) കുറവ്. അവരില്‍ സ്ഥിരവരുമാനമുവരും നല്ല വിദ്യാഭ്യാസം ലഭിക്കുന്നവരും തുലോം തുച്ഛമാണ്.
> പിന്നാക്ക ഹിന്ദുക്കള്‍, മുന്നാക്ക ഹിന്ദുക്കളില്‍ നിന്ന് എത്രത്തോളം സ്റ്റാറ്റിസ്റ്റിക്കലി പിറകിലാണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.
> സ്‌കൂള്‍ ഡ്രോപ്പൗട്ടുകള്‍ കൂടുതല്‍ ദളിതര്‍ക്കിടയിലാണ്.
> സാമാന്യം ഭേദപ്പെട്ട കേരളത്തിലെ അവസ്ഥ ഇതാണ്. ഇന്ത്യ മുഴുവനായെടുത്താല്‍ ഇതിലും പരിതാപകരമാണ്.

സംവരണാനുകൂല്യമില്ലാത്തവര്‍ നിലവില്‍ കയ്യാളുന്നത് അതുള്ളവരുടെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിനുമുകളിലാണ്. സംവരണം ലഭിക്കുന്നവരില്‍ ഒരു വിഭാഗവും ആനുപാതികമായി ഭൂമിയോ ജോലിയോ വിദ്യാഭ്യാസമോ ലഭിക്കാത്തവരാണ്. മുകളിലെ ടേബിള്‍ ബാലന്‍സഡ് ആവുന്നത് വരെ സംവരണം തുടരേണ്ടതുമാണ്.


Also Read അനിതയ്ക്ക് വിനുവിനെ വിമര്‍ശിക്കാം; പക്ഷേ ഉപയോഗിക്കേണ്ട ഭാഷ അതായിരുന്നില്ല: ഭാഗ്യലക്ഷ്മി


സ്‌കൂളുകളില്‍ പിന്നാക്കം പോയവര്‍, പഠിക്കാനുള്ള ചുറ്റുപാടില്ലാതെ അതുപേക്ഷിച്ചവര്‍, ഒരേ സമയം പഠിക്കുകയും പണിയെടുക്കുകയും ചെയ്യുന്നവര്‍ സംവരണം ലഭിക്കുന്ന ദളിതുകള്‍ക്കിടയിലും മറ്റുപിന്നാക്കാക്കര്‍ക്കിടയിലും കൂടുതലാണ്. പ്ലസ് ടു കഴിഞ്ഞപ്പോ മാത്രം തൂമ്പയെടുത്ത്, സ്വന്തം ഭൂമിയില്‍ കിളക്കേണ്ടി വന്നവരേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ കടലവിറ്റും മണല്‍ വാരിയും കടയില്‍ നിന്നും ഹോട്ടലില്‍ പണിയെടുത്തും ജീവിക്കേണ്ടി വന്ന, പഠിക്കേണ്ടി വന്ന ബാല്യങ്ങളായിരിക്കും.

പിന്നെ കൂട്ടിച്ചേര്‍ക്കാനുള്ളത്, ന്യൂനപക്ഷം എല്ലാം കോണ്ടുപോകുന്നു എന്ന് പറയുന്ന സംഘികളോട്, അതെന്താണെന്ന് കണക്ക് വച്ച പറയാമോ എന്നൊരു ചോദ്യമുണ്ട്.

ഹിന്ദു ഐക്യം പറഞ്ഞ് ദളിതന്റെ വീട്ടില്‍ ഉണ്ണാനിരുന്ന, വെള്ളപ്പള്ളി തോളില്‍ കയ്യിടുന്ന അമിത് ഷായോട്, ആര്‍ എസ് എസിനോട് ദളിതരും ഈഴവനും ചോദിക്കേണ്ട മറ്റൊരു ചോദ്യവുമുണ്ട്. സംവരണത്തോട് നിങ്ങളുടെ നിലപാടെന്തെന്ന്..?

സംവരണവിരുദ്ധരോട്, ദളിതരായ, ഡോക്ടര്‍മാരായ അച്ഛനമ്മമാരുടെ മക്കള്‍ക്ക്, വീണ്ടും സംവരണം വേണമോ എന്ന ചോദ്യം ഇനിയും ചോദിക്കരുത്. കാരണം, സംവരണം പട്ടിണിമാറ്റാന്‍ മാത്രമുള്ള പണിയല്ല, പ്രാതിനിധ്യമാണെന്ന ബേസിക്ക് അറിവ് ഇനിയെങ്കിലും വേണ്ടതാണ്. പ്രാതിനിധ്യമെന്നാല്‍ ഒരു വ്യക്തിക്കല്ല, ആ വ്യക്തി അടങ്ങുന്ന വിഭാഗത്തിനാണെന്നതാണ്.

ഭൂപരിഷ്‌കരണം വഴി ഭൂമിനഷ്ടമായി, പ്രതാപം പോയി, അത്താഴപഷ്ണിക്കാര്‍ക്ക് വിളിച്ചോതി കൊടുക്കാന്‍ കഴിയാത്ത ഇല്ലങ്ങള്‍, അരവയര്‍ നിറക്കാന്‍ പാങ്ങില്ലാത്തവരുടെ അഗ്രഹാരങ്ങള്‍, എസ് സി/എസ് ടിക്കാരന്‍ കാരണം അവസരം നഷ്ടമായ ജൂഡ് അന്തോണിമാര്‍ ഒക്കെ അങ്ങ് സിനിമയില്‍ കാണുന്നതാണ്.

യഥാര്‍ത്ഥ ജീവിതത്തിലെ പട്ടിണിയും പരിവട്ടവും ഇപ്പഴും സംവരണം ലഭിക്കുന്നവരുടെ, ലഭിക്കേണ്ടവരുടെ മുറ്റത്ത് തന്നെയാണ്.

99% മാര്‍ക്കുള്ളവന്‍ കാത്ത് നില്‍ക്കുമ്പോള്‍ 50% മാര്‍ക്കുള്ളവനു വിളിവന്നാല്‍ കുരുപൊട്ടരുത്. ഈ ലോകം പ്രിവിലേജുകളില്ലാത്ത, പിന്നാക്കം പോയവര്‍ക്ക് കൂടിയുള്ളതാണ്.

വാശിക്ക് തൂമ്പയെടുത്ത് കിളക്കാനിറങ്ങുമ്പോള്‍, സംവരണത്തിന്റെ കഴുത്തില്‍ കൊത്തരുത്, കുഴിച്ചിട്ട ദളിതന്റെ ചോര കണ്ണില്‍ തെറിക്കും.
നിന്റെ അര്‍ഹത കവര്‍ന്നെടുത്തതാണവന്റെ സംവരണമെന്ന് കരുതരുത്, തീര്‍ച്ചയായും അതവരുടെ അവകാശമാണ്..

We use cookies to give you the best possible experience. Learn more