| Tuesday, 9th February 2016, 3:15 pm

നെറ്റ് സമത്വവുമായി ബന്ധപ്പെട്ട് നമ്മള്‍ നേടിയ വിജയം ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


|ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: അനിവര്‍ അരവിന്ദ്|


1.ഇന്റര്‍നെറ്റിന്റെ പൊട്ടും പൊടിയും ഇന്റര്‍നെറ്റ്, കണക്റ്റിവിറ്റി എന്നൊക്കെ പറഞ്ഞ് പറ്റിച്ച് തരുന്ന സെലക്റ്റീവ് സീറോ റേറ്റിങ്ങ് പരിപാടികളെല്ലാം ബാന്‍ ചെയ്തു . അതായത് ഏതെങ്കിലും സേവനങ്ങള്‍ക്കോ ആപ്പിനോ വെബ്‌സൈറ്റിനോ മാത്രമായി ഉള്ള ഡാറ്റാപാക്കുകള്‍ ഇനി പാടില്ല. (എയര്‍ ടെല്‍ സീറോ , ഫ്രീ ബേസിക്‌സ് എന്നിവയൊക്കെ ഇതില്‍ ഒലിച്ചുപോയി )

2.എന്നാല്‍ തുറന്ന ഇന്റര്‍നെറ്റ് ലഭ്യമായ തരം ഡാറ്റാസൗജന്യം നല്‍കല്‍ അനുവദനീയമാണുതാനും. അതിനു നിയന്ത്രണവും ആവശ്യമില്ല. അതായത് ഇന്റര്‍നെറ്റിലെ ഏതു വെബ്‌സൈറ്റില്‍ കയറാനും ഉപയോക്താവിനു സ്വന്തം ഇഷ്ടപ്രകാരം പറ്റുന്നതരത്തില്‍ ഡാറ്റ സൈജന്യമായി നല്‍കുന്നതിനു പ്രശ്‌നമില്ല. (ഇതായിരുന്നു മോസില്ല നിര്‍ദ്ദേശിച്ചത്. സുക്കര്‍ബര്‍ഗ്ഗിനു പറയുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പാവപ്പെട്ടവര്‍ക്ക് കണക്റ്റിവിറ്റി നല്‍കാനായി ഈ വഴി പ്രയോജനപ്പെടുത്താം )

3.ചെന്നൈയിലെ വെള്ളപ്പൊക്കം പോലെയൊക്കെപോലുള്ള ദുരന്ത അടിയന്തരാവസ്ഥകളില്‍ മാത്രം അടിയന്തര സേവനങ്ങളിലേയ്ക്കുള്ള ആക്‌സസ് പണം കുറച്ചോ സൗജന്യമായോ ലഭ്യമാക്കാനും ടെലകോം കമ്പനികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട് . അത്തരം സാഹചര്യത്തില്‍ അതു 7 ദിവസത്തിനുള്ളില്‍ ട്രായെ അറിയിക്കുകയും വേണം

ഈ പോളിസി രണ്ടുവര്‍ഷം കഴിഞ്ഞ് റിവ്യൂ ചെയ്യുമെന്നും പറയുന്നുണ്ട് .100% വിജയം എന്നൊക്കെ പറയാമെങ്കില്‍ അതിതാണ് .ട്രായുടെ ഡിഫറന്‍ഷ്യല്‍ പ്രൈസിങ്ങ് ഓഫ് ഡാറ്റാ സര്‍വ്വീസസ് കണ്‍സള്‍ട്ടേഷനില്‍ നമ്മള്‍ ആവശ്യപ്പെട്ടതൊക്കെ നേടി .

അതായത് ഈ വിജയം ട്രായ്ക്ക് കത്തയച്ച ഓരോരുത്തരുടേയും വിജയമാണ്. നമ്മുടെ പരിശ്രമം വിജയത്തിലെത്തിയിരിയ്ക്കുന്നു . നിങ്ങള്‍ സുഹൃത്തുക്കളോട് മുമ്പു ട്രായ് യ്ക്ക് കത്തയയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഈ വിജയവാര്‍ത്തയും അവരിലെത്തിയ്ക്കൂ.

ഡിഫറന്‍ഷ്യല്‍ പ്രൈസിങ്ങ് വിഷയത്തിലെ ഈ വിജയത്തോടെ ഇതോടെ നെറ്റ്‌ന്യൂട്രാലിറ്റി വിഷയത്തില്‍ വലിയൊരു പങ്ക് വിജയിച്ചു എന്നുപറയാം. ഇനിയും യുദ്ധങ്ങള്‍ ബാക്കിയുണ്ട് . വോയ്‌സ് ഓവര്‍ ഐപി വിഷയത്തിലും ചില വെബ്‌സൈറ്റുകള്‍ക്ക് വേഗത കൂടുതലും ചിലയ്ക്ക് വേഗത കുറവും ആക്കുന്നതും ഒക്കെ അടങ്ങുന്ന വിഷയങ്ങളിലെ നയരൂപീകരണം ബാക്കിയുണ്ട് . ഇവയിലും നമുക്ക് ഭാവിയില്‍ ഇടപെടേണ്ടിവന്നേയ്ക്കും

നമ്മുടെ ഭൂമിയും വെള്ളവും കുത്തകവല്‍ക്കരിക്കാന്‍ ശ്രമിച്ചപോലെ ഇന്റര്‍നെറ്റ്ബന്ധം സാധ്യമാക്കുന്ന ആകാശ തരംഗങ്ങളും (സ്‌പെക്ട്രം) കുത്തകവല്‍ക്കരിക്കാന്‍ കമ്പനികള്‍ ശ്രമിയ്ക്കുമ്പോള്‍ കമ്പനികള്‍ വാടകയ്‌ക്കെടുത്താലും ഈ സ്‌പെക്ട്രം എന്ന പബ്ലിക് യൂട്ടിലിറ്റി ഉപയോഗിയ്‌ക്കേണ്ടത് ഇന്ത്യയുടെ ഇന്റര്‍നെറ്റ് വളര്‍ച്ചയ്ക്കും സാധാരണക്കാര്‍ക്കും ഇന്റര്‍നെറ്റിന്റെ പ്രയോജനം പൂര്‍ണ്ണമായി ലഭ്യമാവുന്ന തരത്തിലുമാവണമെന്നും അതല്ലാതെ ലാഭക്കൊതിയാല്‍ അതിനെ തകര്‍ത്ത് പരസ്പരബന്ധമില്ലാത്തെ കൊച്ചുകൊച്ചു ദ്വീപുകളാക്കുന്നതരത്തിലാവരുതെന്നും കൂടിയുള്ള വിധിയെഴുത്തായിരുന്നു നമ്മുടെ കത്തുകള്‍. ടെലകോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) നാം ആവശ്യപ്പെട്ടത് പൂര്‍ണ്ണമായും അംഗീകരിക്കുന്ന നയമാണ് ഇന്നു പുറത്തുവിട്ടത് ഈ വിജയം നമ്മുടേതാണ് . അതുകൊണ്ട് നമുക്കിതാഘോഷിക്കാം . ഈ വിവരം കൂടുതല്‍ പേരിലെത്തിയ്ക്കാം

ഈ നോട്ടിനും യാതൊരു കോപ്പിറൈറ്റും ഇല്ല. നിങ്ങളുടെ എല്ലാ സുഹൃത്തുക്കളും ഇത് പങ്കുവെയ്ക്കൂ . ട്രായ്ക്ക് കത്തയച്ച എല്ലാവരും ഒപ്പം ഫേസ്ബുക്കിനെ പിന്തുണച്ച് കത്തയച്ചവരും ഇതറിയട്ടെ.

We use cookies to give you the best possible experience. Learn more