| Thursday, 8th August 2019, 5:55 pm

നായരുടെ ഭീഷണിക്ക് വഴങ്ങുന്ന സോഷ്യലിസ്റ്റ് നേതാവേ... നിങ്ങളുടെ എല്ലാ പ്രസിദ്ധീകരണവും നിര്‍ത്തുകയാണ്; എം.ആര്‍ അനില്‍ കുമാര്‍ എഴുതുന്നു

എം.ആര്‍ അനില്‍കുമാര്‍

പലകാരണങ്ങളാൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളോട് ചെറുപ്പം മുതൽക്കേ ഒരിഷ്ടമുണ്ട്. പതിമൂന്ന് വയസ് മുതൽക്കെങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുന്നു. കഴിഞ്ഞ 25 വർഷമായി മാതൃഭൂമി പത്രവും സ്ഥിരമായി വായിക്കുന്നു. ഒരു പത്രം വരുത്താനുള്ള കാശുണ്ടായ കാലം മുതൽ ഇന്നുവരെ മാതൃഭൂമി പത്രം വീട്ടിൽ വരുത്തുന്നു. സോയയും എന്റെ മക്കളും ജനിച്ച കാലം മുതലേ കണ്ടു വളർന്ന പത്രമാണ് മാതൃഭൂമി. അതു കൊണ്ടാണ് ഏറ്റവും വിവാദമുണ്ടായ ഒരു കാലത്തു പോലും അതിനെ കൈവിടാതിരുന്നത്.

ആ പത്രം ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഗാന്ധിജി, നെഹ്റു എന്നിവരുടെ ദേശീയത, മതേതരത്വം, സാമ്പത്തികാശയങ്ങൾ എന്നിവ പ്രചരിപ്പിക്കാനും ദേശീയ സ്വാതന്ത്ര്യ സമരത്തെ പ്രോജ്വലിപ്പിക്കാനും വേണ്ടി ”സംഘടിപ്പിച്ച” ഒരു പത്രമാണ്. പ്രധാനമായും കെ .പി കേശവമേനോൻ മുതൽ വി.എം നായരും എം.ടി വാസുദേവൻ നായരും അടക്കം നായന്മാരും സവർണ ഹിന്ദുക്കളും ചേർന്ന് നടത്തിയിരുന്ന ഒരു പത്രവും പ്രസിദ്ധീകരണസ്ഥാപനവുമാണ് മാതൃഭൂമി. അതു കൊണ്ട് ഒരു സവർണ പത്രസ്ഥാപനമെന്ന പേരുദോഷം അതിനുണ്ടായിരുന്നെങ്കിലും ഖിലാഫത്ത് പ്രസ്ഥാനകാലം മുതൽ കോൺഗ്രസും പിന്നീട് മാതൃഭൂമിയും സ്വീകരിച്ചിരുന്ന പേരിനെങ്കിലുമുള്ള മുസ്ളിം സൗഹാർദ്ദതയും പിന്നോക്ക സ്നേഹവും കീഴാള പക്ഷപാതവും മലബാറിലെ ഒരേ ഒരു പത്രം എന്ന പദവിയിലേക്ക് വളരാൻ അതിനു പ്രേരകശക്തിയായി. അറുപതുകളിലെ നവസാക്ഷര സമൂഹമായ പിന്നോക്ക, ദളിത്, മതന്യൂനപക്ഷ പിന്തുണയോടു കൂടി ആ പത്രം കേരളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ പത്രമായി. കേരളത്തിലെ 16% നായന്മാരെ മാത്രം വെച്ചു കൊണ്ട് ഒരു പത്രത്തിന് ഈ നിലയിൽ എത്താൻ കഴിയില്ല എന്ന് എല്ലാവർക്കും അറിയാം.

കോഴിക്കോട് നിന്ന് മാധ്യമം എന്ന പ്രസിദ്ധീകരണം ആരംഭിക്കുന്നതോടു കൂടി മാതൃഭൂമി പത്രം പ്രഖ്യാപിത നിലപാടുകളിൽ നിന്ന് പിന്നോട്ട് പോകാൻ തുടങ്ങി എന്നാണ് ഞാൻ കരുതുന്നത്. സർക്കുലേഷനും കുറഞ്ഞു. മാധ്യമം വാരിക മികച്ച സമാന്തര പ്രസിദ്ധീകരണമായി വന്നതോടെ മാതൃഭൂമി വീക്കിലിയും പ്രതിസന്ധിയിലായി. ദേശാഭിമാനി, വർത്തമാനം എന്നീ പത്രങ്ങളും മലബാറിൽ ശക്തമായി ഇടപെട്ടു തുടങ്ങിയതോടെ മാതൃഭൂമി മുസ്ളിം വിരോധം, ഇടതുപക്ഷ വിരോധം, സി.പിഎം വിരുദ്ധത , മൃദു ഹിന്ദുത്വം, ആൾദൈവ പൂജ, സാംസ്കാരിക പത്രപ്രവർത്തനം എന്നിവയിലേക്ക് വഴിമാറി നടക്കാൻ തുടങ്ങി.

അപ്പോഴും ഈ പത്രം മികച്ച അച്ചടി, അക്ഷരവിന്യാസം, ലേ ഔട്ട്, ഉള്ളടക്കം, ഭാഷ എന്നിവ കൊണ്ട് മലയാളത്തിലെ ഏറ്റവും ” നിലവാരമുള്ള ” പത്രമായി തുടർന്നു. എങ്കിലും അതിന്റെ മതേതര മുഖംമൂടിയും, കോൺഗ്രസ് ദേശീയതയും എല്ലാം പൂർണമായി ചേർന്നു പോയി. വെറും 3.5 % വോട്ട് മാത്രമുണ്ടായിരുന്ന BJP യെ LDF / UDF എന്നീ 96.5 % വോട്ടുള്ള പാർട്ടികൾക്ക് തുല്യമായി സങ്കല്പിച്ച് പത്രത്തിലെ തെരഞ്ഞെടുപ്പ് വാർത്തകളുടെ 33% സ്ഥലം നീക്കിവെച്ച് ആദ്യമായി വളർത്തിയത് മാതൃഭൂമി ആണ്. RSS ന്റെ ജന്മഭൂമി പത്രത്തിൽ നിന്നുയർന്നു വന്ന വെല്ലുവിളിയെ നേരിടാൻ മാതൃഭൂമിയെ ജന്മഭൂമിവത്കരിക്കുകയാണ് ആ പത്രം ചെയ്തത്! കഴിഞ്ഞ 15-20 വർഷം കൊണ്ട് കേരളത്തിൽ BJP യെ വളർത്തുന്നതിൽ 80 % സംഭാവന നൽകിയ ഒരേ ഒരു മാധ്യമം മാതൃഭൂമിയാണ്. ദൃശ്യമാധ്യമങ്ങളുടെ വരവോടെ ഇക്കാര്യത്തിൽ മാതൃഭൂമി ചാനലും ഇക്കാര്യത്തിൽ മുൻപന്തിയിലാണ്.

ഇങ്ങനെ ചുവടുമാറാൻ മാതൃഭൂമിക്ക് അവകാശമുണ്ട്. പക്ഷേ വായനക്കാരെ ചുവടുമാറ്റിക്കാൻ അവകാശമില്ല. അതു കൊണ്ട് തങ്ങളുടെ രാഷ്ട്രീയം സത്യസന്ധമായി തുറന്നു പറയാൻ ഈ പത്രം തയ്യാറാവണം.

അതവിടെ നിൽക്കട്ടെ, ഇതോടൊപ്പം ചേർത്തിട്ടുള്ള NSS സെക്രട്ടറിയുടെ ഇണ്ടാസിലേക്ക് വരാം. മാതൃഭൂമി ആഴ്ചപ്പതിൽ പ്രസിദ്ധീകരിച്ച മീശ നോവലിനെതിരെ ഹിന്ദുക്കൾ പ്രതിഷേധവുമായി ഇറങ്ങി എന്ന് കണ്ടിരുന്നു. മാതൃഭൂമി ഓഫീസും ഹരീഷിന്റെ വീടും കുടുംബവും ആക്രമണത്തിനിരയായി. പക്ഷേ NSS ആണത് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. അഥവാ അവരുടെ പിന്തുണ ഉണ്ടായിരുന്നു എന്നതിന്. പക്ഷേ, ഈ ഇണ്ടാസ് കാണിക്കുന്നത് NSS ആണ് അതിനെല്ലാം പിന്നിൽ ചാലകശക്തിയായി പ്രവർത്തിച്ചത് എന്നാണ്! അവരു തന്നെയാണ് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരായി നടന്ന സമരങ്ങളിലും മുൻപന്തിയിൽ ഉണ്ടായിരുന്നത്!

ചുരുക്കത്തിൽ ഹിന്ദുത്വ വികാരം ഇളക്കി വിട്ട് കേരളത്തിൽ ജാതീയമായും മതപരമായും കുത്തിത്തിരിപ്പുണ്ടാക്കുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് കേരളത്തിലെ ജാതി സംഘടനകളാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. അതിന്റെ മുന്നണിയിൽ NSS ആണ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് ഇതോടൊപ്പമുള്ള ഇണ്ടാസിൽ നിന്ന് വളരെയധികം വ്യക്തമാവുകയും ചെയ്തിരിക്കുന്നു.

കേരള സമൂഹത്തെ സംബന്ധിച്ചിടത്തോളം ചട്ടമ്പിസ്വാമികൾ മുതൽ ഇങ്ങോട്ട് നൂറുകണക്കിന് നായർ സമുദായ പരിഷ്കർത്താക്കളും നായർ സമൂദായാംഗങ്ങളും ചേർന്ന് കെട്ടിപ്പടുത്ത ഒരു ഭൂമിയാണ് കേരളം. പരശുരാമ കേരളത്തിൽ നിന്ന് ആധുനിക കേരളത്തെ സൃഷ്ടിച്ചെടുക്കുന്നതിൽ നായർ സമൂഹത്തോളം പങ്കുവഹിച്ച മറ്റൊരു സമൂഹവും ഇല്ല എന്നുറപ്പാണ്. ഏതാണ്ട് അത്ര തന്നെ കേരള സമൂഹത്തെ പിന്നോട്ട് വലിച്ചു കൊണ്ടു പോകുന്നതും ഇതേ സമുദായമാണ്. ഇന്ന് ആ പിന്നോട്ട് നടത്തത്തിന് നേതൃത്വം കൊടുക്കുന്നത് സുകുമാരൻ നായരുടെ നേതൃത്വത്തിലാണ്.

നായരുടെ ഭീഷണിക്ക് വഴങ്ങിയാണ് ഏതാണ്ട് 90 വർഷം പഴക്കമുള്ള ഒരു പത്രത്തിന്റെ മാനേജിങ്ങ് ഡയറക്ടർ ആ ജാതി സംഘടനയുടെ ഓഫീസിൽ കയറി അവരോട് ക്ഷമ ചോദിച്ചത്. അവരുടെ നിർദ്ദേശപ്രകാരമാണ് തങ്ങളുടെ വീക്കിലിയിൽ ജോലി ചെയ്യുന്ന കമൽ റാം സജീവിനേയും മറ്റും സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതെന്ന് വ്യക്തമാക്കുന്നു. ക്ഷമ ചോദിക്കുന്നു. അതിന്റെ പേരിൽ മുട്ടുകാലിലിഴയുന്നു. കാലു നക്കുന്നു. ഇതൊക്കെ ചെയ്യുന്നത് ഒരു വലിയ പത്രത്തിന്റെ മുതലാളി. ഒരു ദേശീയ പാർട്ടിയുടെ വയോധികനായ നേതാവ്. ഗ്രന്ഥകാരൻ, സോഷ്യലിസ്റ്റ്, സാഹിത്യ അക്കാദമി അവാർഡ് ജേതാവ്, മുൻ എം.പി, ഫാഷിസ്റ്റ് വിരുദ്ധ പോരാളി, എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങളുള്ള പ്രഭാഷകൻ … പുലി…

കാലു നക്കുന്നതോ ഒരു സമുദായ നേതാവിന്റേത് ! :(
അതും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി എന്നെന്നും നില കൊള്ളണ്ട ഒരു പത്രത്തിന്റെ പേരിൽ ! ! അങ്ങേയറ്റം ലജ്ജാവഹമായ പതനമാണിത്!

അതു കൊണ്ട് നൂറുവട്ടം നീട്ടിക്കൊണ്ടുപോയ ആ ശസ്ത്രക്രിയ ഇന്നു നടത്തി:

മാതൃഭൂമി പത്രം
മാതൃഭൂമി ആഴ്ചപ്പതിപ്പ്
മാതൃഭൂമി സ്പോർട്സ്
മുതലായ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും സബ്സ്ക്രിപ്ഷൻ ഈ ആഴ്ച കൊണ്ട് അവസാനിപ്പിച്ചു. വലിയ സന്തോഷം, സമാധാനം, ഒപ്പം ദുഃഖവും…

പക്ഷേ പകരം എന്ത് എന്ന് ചോദിച്ചാൽ ?

ഒന്നുമില്ല.
ലേശം ഇടതു ചായ്വുള്ള , പുരോഗമനപരമായ, വിമർശനാത്മകമായ, ധാർമ്മികതയുള്ള, നിലവാരമുള്ള നല്ല കരുത്തും കാമ്പും സർഗാത്മതയും ഉള്ള യാതൊന്നും മുന്നിൽ കാണുന്നില്ല! അത്തരം മനുഷ്യരും കുറഞ്ഞു കുറഞ്ഞ് ഇല്ലാതാവുന്നു

അതു കൊണ്ടാവാം ഇത്തരം പാഴുകൾ സാമുദായിക ഉമ്മറപ്പടികളിലിരുന്ന് നമ്മുടെ മുഖത്തേക്ക്
മുറുക്കിയും കാർക്കിച്ചും തുപ്പുന്നത്!
കഴിവതും മുഖത്ത് വീഴാതെ ഒഴിഞ്ഞു പോകുകയേ നിർവാഹമുളളു ! :( :(

DoolNews Video

എം.ആര്‍ അനില്‍കുമാര്‍

We use cookies to give you the best possible experience. Learn more