| Wednesday, 25th January 2023, 11:54 pm

'ഒറ്റനോട്ടത്തില്‍ സംഘി ചാനലെന്ന് തോന്നാതെ സംഘപരിവാറിനെ തൃപ്തിപ്പെടുത്തുന്നു'; 24 ന്യൂസ് ഓണ്‍ലൈനിലെ മുന്‍ ജീവനക്കാരന്റെ കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ബി.സി ഡോക്യുമെന്ററി സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച ശേഷം 24 ന്യൂസ് ചാനല്‍ പരിപാടി ഉപേക്ഷിച്ചെന്ന് എ.എ. റഹിം എം.പി കഴിഞ്ഞ ദിവസം പറഞ്ഞത് വാര്‍ത്തയായിരുന്നു. ചാനല്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും എതിരായി ചാനല്‍ ചര്‍ച്ച നടത്തുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിനെതിരായ വിഷയങ്ങളില്‍ മാത്രമാണ് പ്രൈം ടൈം ചര്‍ച്ച കാര്യമായി നടത്തുന്നുള്ളുവെന്നും എ.എ. റഹീം ആരോപിച്ചിരുന്നു.

ഇതിനുപിന്നാലെ 24 ന്യൂസ് റൂമില്‍ സംഘപരിവാര്‍ ആധിപത്യമുണ്ടെന്ന് പറയുകയാണ് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍. മുമ്പ് 24 ഓണ്‍ലൈനില്‍ ജോലി ചെയ്തിരുന്ന നെല്‍വിന്‍ ഗോക്ക് എന്ന മാധ്യമപ്രവര്‍ത്തരനാണ് ചാനലിനെതിരെ രംഗത്തെത്തിയത്.

ബി.ജെ.പിക്കെതിരെ നല്‍കിയ വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് ചാനലില്‍ നിന്ന് പടിയിറങ്ങിയതെന്നും, ഒറ്റനോട്ടത്തില്‍ ഇതൊരു സംഘി ചാനല്‍ ആണെന്ന് ആര്‍ക്കും തോന്നരുത്, എന്നാല്‍ സംഘപരിവാരത്തെ തൃപ്തിപ്പെടുത്തിയാണ് ചാനല്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നെല്‍വിന്‍ ഗോക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ പണിയെടുക്കുന്ന സമയത്ത് അവിടത്തെ എഡിറ്റോറിയല്‍ ബോര്‍ഡ് ഇടപെട്ട് പിന്‍വലിച്ചിട്ടുള്ള മൂന്ന് വാര്‍ത്തകളാണ് എനിക്ക് പെട്ടന്ന് ഓര്‍മ വരുന്നത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയും സിവില്‍ കേസായ സഭാതര്‍ക്കത്തില്‍ അതിന് മുന്‍പ് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന ഒരു അഭിഭാഷകന്റെ കുറിപ്പുമായി ബന്ധപ്പെട്ടതായിരുന്നു ഒന്നാമത്തേത്.

സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയുടെ പ്രസക്തി എന്താണെന്ന് ആ കുറിപ്പില്‍ പ്രതിപാദിച്ചിരുന്നു. വാര്‍ത്ത ഷെയര്‍ ചെയ്ത് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ താഴെ സംഘികള്‍ തെറി വിളിക്കാന്‍ തുടങ്ങി. ഉടനെ മുകളില്‍ നിന്ന് വിളിച്ച് ആ വാര്‍ത്ത ഡെലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അന്ന് ചാനല്‍ തുടങ്ങിയിട്ടില്ല.

മോദിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകള്‍ വന്നിരുന്ന കാലമാണ് അത്. ട്രോള്‍ വാര്‍ത്തകള്‍ നല്‍കാന്‍ ‘സോഷ്യല്‍ മീഡിയ ട്രെന്‍ഡ്’ എന്ന പ്രത്യേക സെക്ഷന്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. അങ്ങനെ എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും അക്കാലത്ത് വന്ന മോദി-മുതല ട്രോള്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡിങ്ങില്‍ വാര്‍ത്തയാക്കിയതും മുകളില്‍ നിന്ന് ആളുകള്‍ ഇടപെട്ട് പിന്‍വലിച്ചു. അതാണ് രണ്ടാമത്തെ വാര്‍ത്ത.

ബിന്ദു അമ്മിണിയും കനകദുര്‍ഗയും ശബരിമലയില്‍ പ്രവേശിച്ച ദിവസം ഫേസ്ബുക്കില്‍ ഒരു കാര്‍ഡ് പബ്ലിഷ് ചെയ്തിരുന്നു. പത്ത് മിനിറ്റാകും മുന്‍പ് ചാനലിലെ സംഘികള്‍ അത് പബ്ലിഷ് ചെയ്ത ആളെ ചീത്ത വിളിച്ച് ഡെലീറ്റ് ചെയ്യിപ്പിച്ചു. ‘നമ്മുടെ സൈറ്റില്‍ ബി.ജെ.പിക്കെതിരെ കൂടുതല്‍ വാര്‍ത്തകള്‍ വരുന്നു. അതൊന്ന് കുറയ്ക്കണം.

‘എല്ലാവര്‍ക്കുമെതിരെ ഒരുപോലെ വാര്‍ത്ത കൊടുക്കാന്‍ ശ്രദ്ധിക്കണം’ എന്ന് ചാനല്‍ എം.ഡി അന്നത്തെ വെറും കോണ്‍ട്രാക്ട് സ്റ്റാഫ് മാത്രമായിരുന്ന എന്നെ ഫോണില്‍ വിളിച്ച് താക്കീത് ചെയ്യണമെങ്കില്‍ ആ ചാനലിനുള്ളിലെ സംഘപരിവാര്‍ സ്വാധീനം എത്രമാത്രമായിരിക്കണം?

പിന്നീട് ബി.ജെ.പിക്കെതിരെ നല്‍കിയ വാര്‍ത്തയുമായി ബന്ധപ്പെട്ട് തന്നെയാണ് ആ ചാനലില്‍ നിന്ന് പടിയിറങ്ങിയത്. ഭരണഘടനയെ കുറിച്ചും ഫാസിസത്തിനെതിരെയും നെടുനീളന്‍ ക്ലാസെടുത്ത് സോഷ്യല്‍ മീഡിയയില്‍ കയ്യടി വാങ്ങുന്നവര്‍ ആ ചാനലില്‍ പണിയെടുക്കുമ്പോള്‍ സംഘികള്‍ മുട്ടേല്‍ വരാന്‍ പറഞ്ഞാല്‍ നിലത്ത് കിടന്ന് ഇഴയുന്നതും നേരില്‍ കണ്ടിട്ടുണ്ട്.

ആ ചാനലിനുള്ളില്‍ കാര്‍ ഡ്രൈവര്‍ക്ക് വരെ എഡിറ്റോറിയല്‍ പോളിസികളില്‍ ഇടപെടാന്‍ പറ്റും. ഒരൊറ്റ ഡിമാന്‍ഡ് മാത്രം, സംഘിയായാല്‍ മതി! ‘നിങ്ങള്‍ ബി.ജെ.പിക്കെതിരെ വാര്‍ത്ത കൊടുക്കുന്നത് കൊണ്ട് പന്തളം കൊട്ടാരത്തില്‍ നിന്ന് നമുക്കൊന്നും കിട്ടുന്നില്ല’ എന്ന് മുഖത്ത് നോക്കി വിലപിച്ച ഒരു സംഘി ആ ചാനലിലെ പ്രധാനപ്പെട്ട ആളായി ഇപ്പോഴുമുണ്ട്.

‘ഒറ്റനോട്ടത്തില്‍ ഇതൊരു സംഘി ചാനല്‍ ആണെന്ന് ആര്‍ക്കും തോന്നരുത്, എന്നാല്‍ സംഘപരിവാരത്തെ തൃപ്തിപ്പെടുത്തി നില്‍ക്കുകയും വേണം’ ഇതായിരുന്നു അവരുടെ അജണ്ട.

അവരത് കൃത്യമായി നടപ്പിലാക്കി. ബി.ജെ.പിക്ക് വേണ്ടി വാര്‍ത്തകള്‍ നല്‍കിയല്ല മറിച്ച് ബി.ജെ.പിക്കെതിരെ വാര്‍ത്തകള്‍ നല്‍കാതെ വളരെ ക്രൂക്ക്ഡായാണ് അവര്‍ ആ പദ്ധതി നടപ്പിലാക്കിയിരുന്നത്. സംഘികളെ നൈസായി തലോടിയാല്‍ മാത്രമേ നിലനില്‍പ്പുള്ളൂ എന്ന് അറിയുന്നതുകൊണ്ട് അവരെ പിണക്കാതെ ഇത്രകാലം മുന്നോട്ടുപോയി. അതിനിട്ടാണ് സഖാവ് എ.എ.റഹിം ഇന്നലെ ഒരു കൊട്ട് കൊടുത്തത്. തെളിവ് സഹിതമാണ് നായരുടെയും സംഘത്തിന്റെയും സംഘപരിവാര്‍ പ്രേമം പൊളിച്ചുകൊടുത്തത്.

ഇതൊക്കെ ഇപ്പോള്‍ എഴുതാന്‍ തോന്നിയത് തന്റെ ഫേസ്ബുക്ക് പോസ്റ്റിന് ശ്രീകണ്ഠന്‍ നായര്‍ ഇന്ന് കൊടുത്ത മറുപടിയെ കുറിച്ച് റഹിം എഴുതിയത് കണ്ടപ്പോള്‍ ആണ്. ‘ഈ റഹീമൊക്കെ ഞങ്ങളെ വിളിച്ചു വ്യക്തിപരമായി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഞങ്ങളായി പുറത്തുപറയുന്നില്ല എന്നു മാത്രമേയുള്ളൂ’ എന്നാണ് ശ്രീകണ്ഠന്‍ നായരുടെ വാക്കുകള്‍. സംഗതി കൈവിട്ട് പോയെന്ന് കണ്ടപ്പോള്‍ ഉള്ള ഭീഷണിയുടെ സ്വരമാണ് ഇതൊക്കെ.

ഒരു ചാനലും മൈക്കും ഉണ്ടേല്‍ ആരേയും കയറി അവരാതിച്ചുകളയാമെന്ന ധാര്‍ഷ്ട്യമാണ് ആ വാക്കുകള്‍. ഇതങ്ങ് കേട്ടാല്‍ റഹീം മിണ്ടാതെ ഒരിടത്ത് ഇരിക്കുമെന്ന് അങ്ങേര്‍ക്ക് തോന്നി കാണും ! അതും ബൂമറാങ് പോലെ അങ്ങേരുടെ നെഞ്ചത്ത് തന്നെ…!

Content Highlight: Facebook Note by ex-employee of 24 News Channel

We use cookies to give you the best possible experience. Learn more