| Thursday, 28th December 2017, 5:17 pm

ഫേസ്ബുക്ക് അക്കൗണ്ടിന് ആധാര്‍ നെയിം; വാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫേസ്ബുക്കില്‍പുതിയ അക്കൗണ്ട് തുറക്കുന്നതിന് ആധാര്‍ നെയിം വേണ്ടി വരുമെന്ന വാര്‍ത്ത ഫേസ്ബുക്ക് അധികൃതര്‍ നിഷേധിച്ചു. ഉപയോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും പുതിയ അക്കൗണ്ടുകള്‍ക്ക് ആധാറിലേത് പോലെ പേര് ചോദിച്ചത് പരീക്ഷണം മാത്രമായിരുന്നു എന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.

“യഥാര്‍ത്ഥ പേര് ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യുന്നതിന് വേണ്ടിയാണ് ഈ പരീക്ഷണം നടത്തിയത്. ആരും ആധാര്‍ നമ്പര്‍ നല്‍കേണ്ടതില്ല. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചുള്ള വെരിഫിക്കേഷന്‍ പ്രക്രിയ ഫേസ്ബുക്കിനില്ല.” ഫേസ്ബുക്ക് പ്രൊഡക്റ്റ് മാനേജര്‍ തായ്ചി ഹൊഷിനോ വ്യക്തമാക്കി.

ബ്ലോഗ്പോസ്റ്റിലൂടെയാണ് ഫേസ്ബുക്ക് ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്കില്‍ പുതിയ അക്കൗണ്ടു തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ആധാര്‍ കാര്‍ഡിലെ പേര് ചോദിച്ചെന്നും ആധാര്‍ വിവരങ്ങള്‍ ഉള്‍പെടുത്തിയുള്ള പുതിയ അക്കൗണ്ട് വെരിഫിക്കേഷന്‍ ഫീച്ചറാണ് ഇതെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ആധാറിലേത് പോലെ പേര് നല്‍കിയാല്‍ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും എന്നുള്ള പരീക്ഷണം മാത്രമായിരുന്നു ഇതെന്നും പുതിയ അക്കൗണ്ട് ഉണ്ടാക്കുന്നതിന് ആധാറിലേ പേര് വേണമെന്ന നിര്‍ബന്ധമില്ലന്നും ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

240 മില്യണ്‍ ഉപയോക്താക്കളുള്ള ഇന്ത്യയാണ് ഫേസ്ബുക്ക് ഉപയോഗത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. മൊബൈല്‍ കണക്ഷനുകള്‍, പാന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവയെല്ലാം ആധാറുമായി ബന്ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടയിലാണ് ഫേസ്ബുക്കിനും ആധാര്‍ വേണമെന്ന് വാര്‍ത്തകള്‍ വന്നത്.

We use cookies to give you the best possible experience. Learn more