ന്യൂയോര്‍ക്ക്: ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയെ പിന്തുണക്കുന്നവര്‍ പാര്‍ലമെന്റ് മന്ദിരവും സുപ്രീംകോടതിയുമടക്കം ആക്രമിച്ച സംഭവത്തെ അനുകൂലിക്കുന്ന തരത്തിലുള്ള കണ്ടന്റുകള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കം ചെയ്യുമെന്ന് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ.
തിങ്കളാഴ്ചയാണ് മെറ്റ (Meta) ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.
ബ്രസീലില്‍ കഴിഞ്ഞ ദിവസം നടന്ന ജനാധിപത്യ വിരുദ്ധമായ പ്രകടനങ്ങളെ പിന്തുണക്കുന്നതോ പ്രശംസിക്കുന്നതോ ആയ ഉള്ളടക്കങ്ങളും പോസ്റ്റുകളും നീക്കം ചെയ്യുകയാണെന്നാണ് പ്രസ്താവനയില്‍ പറഞ്ഞത്.
”തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഞങ്ങള്‍ ബ്രസീലിനെ താല്‍ക്കാലികമായി ഉയര്‍ന്ന അപകടസാധ്യതയുള്ള സ്ഥലമായി തരംതിരിച്ചിരുന്നു. അതിന്റെ ഭാഗമായി ജനങ്ങളോട് ആയുധമെടുക്കാനും പാര്‍ലമെന്റും പ്രസിഡന്‍ഷ്യല്‍ കൊട്ടാരവും മറ്റ് ഫെഡറല്‍ കെട്ടിടങ്ങളും ബലമായി ആക്രമിക്കാനും ആഹ്വാനം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തുവരികയായിരുന്നു.
അതിനെ ലംഘിക്കുന്ന ഒരു കാര്യമായി ഈ സംഭവത്തെ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസത്തെ അക്രമസംഭവങ്ങളെ പിന്തുണക്കുന്നതോ പ്രശംസിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ ഞങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്യും. ഞങ്ങളുടെ പോളിസികള്‍ ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നത് തുടരും,” മെറ്റ വക്താവ് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ബ്രസീലില്‍ പ്രസിഡന്റിന്റെ വസതിക്കും സുപ്രീംകോടതിക്കും പാര്‍ലമെന്റ് മന്ദിരത്തിനും നേരെ ബോള്‍സൊനാരോ അനുകൂലികളുടെ ആക്രമണമുണ്ടായത്.
തീവ്ര വലതുപക്ഷ നേതാവായ ബോള്‍സൊനാരോയെ പിന്തുണക്കുന്ന ആയിരക്കണക്കിന് പേര്‍ സുരക്ഷാ ബാരിക്കേഡുകള്‍ മറികടക്കുകയും പാര്‍ലമെന്റ് മന്ദിരത്തിന്റെയും സുപ്രീംകോടതിയുടെയും മേല്‍ക്കൂരയിലേക്ക് കയറി ജനലുകളടക്കം അടിച്ചുതകര്‍ക്കുകയുമായിരുന്നു.
സൈന്യം ഇടപെട്ട് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയെ (Luiz Inácio Lula da Silva) സ്ഥാനത്ത് നിന്ന് പുറത്താക്കി ബോള്‍സൊനാരോയെ തിരികെ കൊണ്ടുവരണമെന്നും അക്രമികളില്‍ ചിലര്‍ ആവശ്യപ്പെട്ടു.
അക്രമം അഴിച്ചുവിട്ടത് മൂവായിരത്തോളം തീവ്ര വലതുപക്ഷക്കാരാണെന്നാണ് പ്രസിഡന്റ് ലുല പ്രതികരിച്ചത്. അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ലുല വ്യക്തമാക്കി.
യു.എസില്‍ ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് സമാനമായാണ് ബ്രസീലിലും ആക്രമണമുണ്ടായത്. കലാപസമാനമായ അന്തരീക്ഷം നേരിടാന്‍ സംഭവസ്ഥലത്ത് സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ഇതിനിടെ അക്രമ സംഭവങ്ങളെ അപലപിച്ച് ബോള്‍സൊനാരോയും രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിന് നേരെയടക്കം നടന്ന അക്രമങ്ങളില്‍ തനിക്ക് പങ്കില്ലെന്നും മുന്‍ പ്രസിഡന്റ് പറഞ്ഞു.
നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയം നേരിട്ടതിന് പിന്നാലെ രാജ്യത്തെ പൊലീസ് ആസ്ഥാനത്തിന് നേരെയും ബോള്‍സൊനാരോയുടെ അണികള്‍ ആക്രമണം നടത്തിയിരുന്നു.
ബ്രസീലിയയിലെ ഫെഡറല്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കായിരുന്നു ബോള്‍സൊനാരൊയെ പിന്തുണക്കുന്നവര്‍ അതിക്രമിച്ച് കയറുകയും ആക്രമണം നടത്തുകയും ചെയ്തത്. ബ്രസീലിന്റെ പതാകയുടെ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു.
Content Highlight: Facebook Meta says it will remove content backing Brazil assault