Advertisement
Face Book
വിശ്വാസയോഗ്യമായ വാര്‍ത്തകള്‍ക്ക് എഡിറ്റര്‍മാരെ നിയമിക്കാന്‍ ഫേസ്ബുക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 02, 06:21 am
Tuesday, 2nd April 2019, 11:51 am

കാലിഫോര്‍ണിയ: അടുത്തിടെ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ പേരില്‍ വിവാദത്തിലായ ഫേസ്ബുക്ക് മുഖം രക്ഷിക്കാന്‍ പരിഷ്‌കരണത്തിനൊരുങ്ങുന്നു. ഉപഭോക്താക്കളിലേക്കു നിലവാരമുള്ള വാര്‍ത്തകള്‍ എത്തിക്കുന്നതിനായി എഡിറ്റര്‍മാരെ നിയമിക്കാനാണു പുതിയ തീരുമാനമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ജര്‍മന്‍ ന്യൂസ് പബ്ലിഷിങ് ഹൗസായ ഏക്സല്‍ സ്പ്രിങ്ങറിന്റെ സി.ഇ.ഒ. മത്തേവൂസ് ഡെഫ്നറുമായി സക്കര്‍ബര്‍ഗ് ചര്‍ച്ച നടത്തി.

Read Also : മുരളി ഗോപിയും പ്രിഥ്വിരാജും ലുസിഫറിലൂടെ ഒളിച്ചു കടത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയം

വിശ്വാസയോഗ്യമായ വാര്‍ത്തകള്‍ നല്‍കുന്നതിനായി സാമൂഹികമാധ്യമത്തില്‍ ഒരു വാര്‍ത്താവിഭാഗം തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തേര്‍ഡ് പാര്‍ട്ടി നല്‍കുന്ന വാര്‍ത്തകള്‍ പ്രൊമോട്ട് ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്നത നിലവാരമുള്ളതും വിശ്വാസയോഗ്യവുമായ ലേഖനങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഫേസ്ബുക്ക് പ്രതിഫലം നല്‍കുകയും ചെയ്യും. ഈവര്‍ഷമൊടുവില്‍ ഈ സംവിധാനം പ്രവര്‍ത്തനമാരംഭിക്കും.

ഇത്തരം കാര്യങ്ങള്‍ക്കായി കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ഉപയോഗിക്കുന്ന ഫേസ്ബുക്കിന്റെ പരമ്പരാഗതരീതിക്കാണ് ഇതോടെ മാറ്റംവരുന്നത്.
ഫേസ്ബുക്ക് ആദ്യമെടുക്കുമ്പോള്‍ത്തന്നെ വരുന്ന ന്യൂസ് ഫീഡിനു സമാന്തരമായായിരിക്കും വാര്‍ത്താവിഭാഗവും ഉപഭോക്താവിനു കാണാനാവുക. ഫെയ്സ്ബുക്കിന്റെ 10-20 ശതമാനം ഉപഭോക്താക്കള്‍ ഈ പുതിയ സംവിധാനത്തോടു താത്പര്യം പ്രകടിപ്പിച്ചതായും സക്കര്‍ബര്‍ഗ് പറഞ്ഞു.