| Friday, 24th February 2023, 7:45 pm

ഇനി എല്ലാം ഫ്രീയല്ല; ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി നടപ്പിലാക്കി മെറ്റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെല്ലിങ്ടണ്‍: ഫെയ്‌സ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും ചില സേവനങ്ങള്‍ക്ക് പണം ഈടാക്കുന്ന പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി അവതരിപ്പിച്ച് മാതൃസ്ഥാപനമായ മെറ്റ. ഇത് വരെ സൗജന്യമായി കിട്ടിയിരുന്ന പല ഫീച്ചറുകള്‍ക്കും ഇനിമുതല്‍ പണം മുടക്കേണ്ടി വരും. ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലുമാണ് ആദ്യഘട്ടത്തില്‍ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

മെറ്റ വെരിഫൈഡ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ ഗവണ്‍മെന്റ് അംഗീകൃത രേഖകള്‍ വെച്ച് വെരിഫൈ ചെയ്യാനും, ബ്ലൂ ടിക് നേടാനും സാധിക്കും. മെറ്റ സ്‌പോണ്‍സര്‍ ചെയ്ത പ്ലാറ്റ്‌ഫോമില്‍ വെച്ച് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് പദ്ധതി അവതരിപ്പിച്ചത്.

തങ്ങളുടെ സേവനങ്ങളില്‍ കൃത്യതയും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതാണ് പദ്ധതിയെന്ന് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളിലും സേവനം ലഭ്യമാകും. പ്രതിമാസം 14.99 ഡോളറാണ് ആന്‍ഡ്രോയിഡിലും
ആപ്പിള്‍ ഐ.ഒ.എസിലും സേവനം ലഭിക്കാന്‍ മുടക്കേണ്ടിവരുന്നത്. അതേസമയം വെബ്ബിലാണങ്കില്‍ 11.99 ഡോളറും നല്‍കണം.

മെറ്റ വെരിഫൈഡിലൂടെ ഉപഭോക്താക്കള്‍ക്ക് ഒരേ സമയം ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഫെയ്‌സ്ബുക്ക് അക്കൗണ്ടും വെരിഫൈ ചെയ്യാനും, ബ്ലൂടിക് നേടാനും സാധിക്കും. കൂടാതെ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സുരക്ഷയും അക്കൗണ്ടുകള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

കസ്റ്റമര്‍ സപ്പോര്‍ട്ടിലേക്ക് നേരിട്ട് ആക്‌സസ് ലഭിക്കാനും സഹായിക്കും. സെര്‍ച്ച് ലിസ്റ്റില്‍ കൂടുതല്‍ വിസിബിലിറ്റി നേടാനും, സൈബറിടങ്ങളിലെ ആള്‍മാറാട്ടം ചെറുക്കാനുമുള്ള സൗകര്യവും ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

നേരത്തെ വെരിഫൈ ചെയ്ത അക്കൗണ്ടുകള്‍ക്ക് പൂര്‍വ്വ സ്ഥിതിയില്‍ തന്നെ തുടരാനാകും. സോഷ്യല്‍ മീഡിയ ഫീച്ചറുകള്‍ക്ക് പണം നല്‍കാനുള്ള ഉപഭോക്താക്കളുടെ സന്നദ്ധതയാണ് ഇത് ലക്ഷ്യമിടുന്നത്. പരസ്യ വരുമാനത്തില്‍ ഇടിവ് സംഭവിക്കുന്നതിനെ തുടര്‍ന്ന് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി അവതരിപ്പിക്കാന്‍ മെറ്റ തീരുമാനിക്കുന്നുണ്ടെന്ന വിവരം ആദ്യമേ പുറത്ത് വന്നിരുന്നു.

Content Highlight: Facebook launch new subscription plan

We use cookies to give you the best possible experience. Learn more