[]കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഫെയ്‌സ്ബുക്കില്‍ സജീവമായത് വിവാദമായതിനെ തുടര്‍ന്ന് ജില്ലാ ജയിലില്‍ ക്രിസ്മസ് ആഘോഷത്തിന് വിലക്ക്. കഴിഞ്ഞ ഓണത്തിന് ജയിലില്‍ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഫെയ്‌സ്ബുക്കില്‍ പ്രതികള്‍ അധികവും പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇക്കാരണത്താലാണ് മറ്റൊരു ആഘോഷം കൂടി ജയിലില്‍ വേണ്ടെന്ന് ജയില്‍ അധികൃതര്‍ തീരുമാനിച്ചതെന്നാണ് സൂചന.
സാധാരണ ഗതിയില്‍ ക്രിസ്മസിന് പ്രതികളും ജയില്‍ ജീവനക്കാരും ഒരുമിച്ചാണ് ആഘോഷങ്ങള്‍ നടത്താറ്.
എന്നാല്‍ ഇത്തവണ ജയിലില്‍ കേക്ക് മുറിക്കല്‍ പോലുമില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതു വരെ ജയിലിലേക്ക് കേക്കുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആരു തയ്യാറായിട്ടില്ലെന്നാണ് കേള്‍വി.
കഴിഞ്ഞ മാസമാണ് പ്രതികള്‍ ഫെയ്‌സ്ബുക്കില്‍ സജീവമാണെന്ന വാര്‍ത്ത പുറംലോകമറിയുന്നത്. സംഭവത്തെ തുടര്‍ന്ന് ജയില്‍ ഡി.ജി.പിയെ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.
ഈ സാഹചര്യത്തില്‍ പണം പിരിവിട്ട് ക്രിസ്മസ് ആഘോഷം നടത്താന്‍ ജീവനക്കാരും ധൈര്യപ്പെടാതായതോടെയാണ് ജയിലിലെ ക്രിസ്മസ് ആഘോഷം പ്രതിസന്ധിയിലായത്.