ന്യൂദൽഹി:ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക്ക് പോളിസി ഡയറക്ടർ അങ്കി ദാസ് തനിക്കെതിരെ സൈബർ ആക്രമണവും വധഭീഷണിയും വരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ദൽഹിയിലെ സൈബർ സെൽ യൂണിറ്റിന് പരാതി നൽകി. ദക്ഷിണേഷ്യയിലെയും മധ്യേഷ്യയിലെയും ഫേസ്ബുക്കിന്റെ പബ്ലിക്ക് പോളിസി ഡയറക്ടർ കൂടിയാണവർ.
ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയ ഏതാനും അക്കൗണ്ടുകളുടെ വിശദാംശങ്ങളും അവർ പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഫേസ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുകളുമായി ബന്ധപ്പെട്ട് വാൾസ്‌ട്രീറ്റ് ജേണൽ പുറത്തു വിട്ട റിപ്പോർട്ടിൽ അങ്കി ദാസിനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു.
ബി.ജെ.പിയുടെ തെലങ്കാന എം.എൽ.എയായ ടി രാജാ സിങ് വിദ്വേഷപ്രചരണം നടത്തിയിട്ടും എം.എൽ.എയ്ക്കെതിരെ ഫേസ്ബുക്ക് മാനദണ്ഡങ്ങൾ പ്രകാരം നടപടി സ്വീകരിക്കാൻ അവർ തയ്യാറായില്ല എന്നായിരുന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട് രാജാ സിങിനെ അപകടകാരിയായ വ്യക്തിയായി ഫേസ്ബുക്ക് കണക്കാക്കിയെങ്കിലും അദ്ദേഹത്തിന് ഇപ്പോഴും വെരിഫൈഡ് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെന്നും വാൾ സ്ട്രീറ്റ് ജേണൽ വ്യക്തമാക്കിയിരുന്നു.
ഭരണകക്ഷിയായ ബി.ജെ.പി നേതാക്കളുടെ എതിർപ്പിനിടയാക്കുന്ന തീരുമാനങ്ങൾ എടുത്താൽ കമ്പനിയുടെ ബിസിനസിനെ ഇത് ബാധിക്കുമെന്ന് കമ്പനിയിലെ ജീവനക്കാരോട് അങ്കി ദാസ് പറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
റിപ്പോർട്ടിനെ തുടർന്ന് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ