| Saturday, 25th November 2023, 11:29 am

'സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും ഗസയിൽ നിന്ന് തുടച്ചുനീക്കുക'; പരസ്യങ്ങൾക്ക് അംഗീകാരം നൽകി ഫേസ്ബുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: ഫലസ്തീനികളുടെ കൂട്ടക്കുരുതി ആവശ്യപ്പെടുന്ന പരസ്യങ്ങൾക്ക് ഫേസ്ബുക്ക് അംഗീകാരം നൽകിയെന്ന് ദി ഇന്റർസെപ്റ്റിന്റെ റിപ്പോർട്ട്.

ഫേസ്ബുക്കിന്റെ ഉള്ളടക്ക നിയന്ത്രണം പരീക്ഷിച്ചുനോക്കാൻ ഫലസ്തീനിയൻ സമൂഹ മാധ്യമ ഗവേഷണ ഗ്രൂപ്പായ 7അംലേഹ് (7AMLEH) അയച്ച അഞ്ച് സെറ്റ് പരസ്യങ്ങളാണ് യാതൊരു തടസവുമില്ലാതെ അംഗീകരിക്കപ്പെട്ടത്.

അറബിയിലും ഹീബ്രൂ ഭാഷയിലുമുള്ള പരസ്യങ്ങളിൽ മുഴുവൻ ഫലസ്തീനികൾക്കെതിരെയുള്ള അക്രമങ്ങൾക്ക് ആഹ്വാനമിടുന്നവയാണ്.

‘സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും ഗസയിൽ നിന്ന് തുടച്ചുനീക്കുവാൻ ആവശ്യപ്പെടുന്ന പരസ്യങ്ങൾ ഉൾപ്പെടെയുണ്ട്. ഗസയിലെ കുട്ടികളെ ‘ഭാവി തീവ്രവാദികൾ’ എന്നും ‘അറബ് പന്നികൾ’ എന്ന് പരാമർശം നടത്തുന്നതുമായ പരസ്യങ്ങൾക്കും അംഗീകാരം ലഭിച്ചു.
ഫേസ്ബുക്കിന്റെയും മെറ്റയുടെയും നയങ്ങൾ ലംഘിക്കുന്ന പരസ്യത്തിന്റെ ഉള്ളടക്കം ഫേസ്ബുക്ക് അൽഗോരിതം മറികടന്നുവെന്ന് 7അംലേഹ് അറിയിച്ചു.

‘ഫലസ്തീൻ ജനങ്ങളോടുള്ള മെറ്റയുടെ മനോഭാവം വ്യക്തമാക്കുന്ന ഏറ്റവും പുതിയ സംഭവമാണ് പരസ്യങ്ങൾക്ക് അംഗീകാരം ലഭിച്ചത്.
നിലവിലെ സംഘർഷാവസ്ഥയിലുടനീളം ഫലസ്തീനികളോടുള്ള മെറ്റയുടെ വിവേചനവും പക്ഷാപാതവും നമ്മൾ കണ്ടതാണ്,’ 7അംലേഹിന്റെ സ്ഥാപകൻ നദീം നാഷിഫ് പറഞ്ഞു.

ഫ്രീ ഗസ മുന്നേറ്റത്തിന്റെ സഹ സ്ഥാപകനായ അമേരിക്കൻ ആക്റ്റിവിസ്റ്റ് പോൾ ലരുദീയെ കൊലപ്പെടുത്തുവാൻ ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പരസ്യം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് നാഷിഫ് പരീക്ഷണം നടത്തുവാൻ തീരുമാനിച്ചത്.

2018ൽ മ്യാന്മറിൽ റോഹിങ്ക്യകളുടെ വംശീയ ഉന്മൂലനത്തിൽ പ്രകോപനപരമായ ഫേസ്ബുക്ക് പരസ്യങ്ങളിലെ ഉള്ളടക്കം നിർണായക പങ്കുവഹിച്ചിരുന്നു എന്ന് യു.എൻ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു എന്ന് ദി ഇന്റർസെപ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

‘ പാർശ്വവത്ക്കരിക്കപ്പെട്ട സമുദായത്തെ സംരക്ഷിക്കുവാൻ മെറ്റ ഒന്നും ചെയ്യുന്നില്ല എന്ന് മ്യാൻമറിലെ രോഹിങ്ക്യകളുടെ ഉദാഹരണത്തിൽ നിന്ന് നമുക്ക് അറിയാവുന്നതാണ്,’ നാഷിഫ് പറഞ്ഞു.

Content Highlight: Facebook greenlit ads calling for ‘holocaust’ against Palestinians in Gaza

We use cookies to give you the best possible experience. Learn more