[] മെസേജിങ്ങിനുള്ള ഏറ്റവും മികച്ച മൊബൈല്‍ സേവനമായി മെസഞ്ചറിനെ മാറ്റുവാനായി മൊബൈല്‍ ആപ്പിലെ മെസേജിങ് സംവിധാനം ഫേസ്ബുക്ക് നിര്‍ത്തലാക്കുന്നു. ഇതോടെ ഫേസ്ബുക്ക് മൊബൈല്‍ ആപ്പിന്റെ ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ ഇനി മുതല്‍ ചാറ്റിങ്ങ് ലഭ്യമാകില്ല.
മൊബൈല്‍ ആപ്പിനേക്കാള്‍ ഇരുപത് ശതമാനം വേഗത്തില്‍ മെസഞ്ചറിലൂടെ ചാറ്റ് ചെയ്യാനാവുമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ അവകാശപ്പെടുന്നത്. ഏതായാലും മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്ത് ചാറ്റിങ്ങ് നടത്താന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാവുകയാണ്.
ഇതിലൂടെ ഫേസ്ബുക്ക് മെസഞ്ചറിന് കാര്യമായ പ്രചാരം നേടാനാവുമെന്നാണ് സുക്കര്‍ ബര്‍ഗിന്റെ കണക്കുകൂട്ടല്‍.
യൂറോപ്യന്‍ രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ മാറ്റം വിജയകരമായതോടെ മെസഞ്ചര്‍ ആപ്പ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്കു വ്യാപിപ്പിക്കാന്‍ ഫേസ്ബുക്ക് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കംപ്യൂട്ടറിലും ലാപ്‌ടോപ്പിലും ഈ മാറ്റം ബാധകമാവില്ല.