കേംബ്രിഡ്ജ് അനലിറ്റിക്ക നിങ്ങളുടെ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയോ എന്നറിയാനുള്ള മാര്‍ഗവുമായി സക്കര്‍ബര്‍ഗ്. വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് നിങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെത്തന്നെ പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ വിശദമായ സന്ദേശം ലഭിക്കുമെന്ന് യു.എസ്.എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രൊട്ടക്ടിംഗ് യുവര്‍ ഇന്‍ഫര്‍മേഷന്‍ എന്ന തലക്കെട്ടില്‍ ഒരു നോട്ടീസും ഒരു ലിങ്കും ലഭിക്കും. ഈ ലിങ്കിലൂടെ നിങ്ങള്‍ ഏതൊക്കെ ആപ്പുകളാണ് ഉപയോഗിക്കുന്നത്, എന്തൊക്കെ വിവരങ്ങള്‍ ഈ ആപ്പ് വഴി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്, അവ കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവെച്ചിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും.
Also Read: ‘കൊച്ചി പഴയ കൊച്ചി തന്നെയാണ്’; മമ്മൂട്ടി ചിത്രത്തിലെ ഡയലോഗിനെതിരെ കമല്‍, വീഡിയോ
നേരത്തെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിന് നിയന്ത്രണവുമായി മാര്‍ക് സക്കര്‍ബര്‍ഗ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പേജുകള്‍ക്കും പരസ്യദാതാക്കള്‍ക്കും വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുകയാണ് കമ്പനി.
പേജുകള്‍ കൈകാര്യം ചെയ്യുന്നവരും അവരുടെ വ്യക്തിത്വവും ആധികാരികതയും തെളിയിച്ചിരിക്കണം.
അമേരിക്ക, മെക്‌സികോ, ബ്രസീല്‍, ഇന്ത്യ, പാകിസ്ഥാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അടുത്ത വര്‍ഷം സുപ്രധാന തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, ഈ തെരഞ്ഞെടുപ്പുകളില്‍ അനധികൃത ഇടപെടല്‍ ചെറുക്കുകയും ഗുണകരമായ സംവാദങ്ങളെ പിന്തുണയ്ക്കുകയുമാണ് 2018 ലെ തന്റെ ലക്ഷ്യങ്ങളിലൊന്ന് എന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു.
അടുത്തയാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ ഹാജരാകാനിരിക്കുകയാണ് സക്കര്‍ബര്‍ഗ്.
പരസ്യങ്ങളുടെ വെരിഫിക്കേഷന്‍ നടപടികള്‍ അമേരിക്കയില്‍ ആരംഭിക്കും. അതേസമയം മെക്‌സിക്കോയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മറ്റൊരു സംവിധാനവും പരീക്ഷിക്കുന്നുണ്ട്. ഈ പേജുകളും, പരസ്യ ദാതാക്കളെയും തിരിച്ചറിയുന്നതിനായി ആയിരക്കണക്കിന് ജീവനക്കാരെ കൂടി നിയമിക്കുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
5.6 ലക്ഷത്തിലധികം ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതായി ഫേസ്ബുക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. വിശദീകരണം ആവശ്യപ്പെട്ട് ഐ.ടി മന്ത്രാലയം പുറപ്പെടുവിച്ച നോട്ടീസിനുള്ള മറുപടിയായി ഫേസ്ബുക്ക് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഡോ. അലക്‌സാണ്ടര്‍ കോഗന്‍ നിര്‍മിച്ച “ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്” എന്ന ആപ്പ് 335 ഇന്ത്യാക്കാര്‍ ഉപയോഗിച്ചതു വഴിയാണ് 5,62,120 ആളുകളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്കക്ക് ലഭിച്ചിരിക്കുന്നതെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്. 87 ദശലക്ഷം ആളുകളുടെ വിവരങ്ങളാണ് ആഗോളതലത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയിട്ടുള്ളതെന്നാണ് ഫേസ്ബുക്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.