പ്രതികളുടെ ഫെയ്‌സ്ബുക്ക് ഉപയോഗം: ഫേസ്ബുക്ക് മറുപടി നല്‍കുന്നില്ല, അന്വേഷണം വഴിമുട്ടി
Kerala
പ്രതികളുടെ ഫെയ്‌സ്ബുക്ക് ഉപയോഗം: ഫേസ്ബുക്ക് മറുപടി നല്‍കുന്നില്ല, അന്വേഷണം വഴിമുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th February 2014, 11:52 pm

[share]

[]കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ ചട്ടം ലംഘിച്ച് ഫെയ്‌സ്ബുക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം അനിശ്ചിതത്തില്‍.

സംഭവത്തെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫെയ്‌സ്ബുക്കില്‍ പ്രതികള്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയയിലെ ഫേസ്ബുക്ക് ആസ്ഥാനത്തിലേക്ക് വിവരങ്ങള്‍ തരാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഫേസ്ബുക്കില്‍നിന്നും വിവരങ്ങള്‍ കിട്ടാനുള്ള കാലതാമസമാണ് അന്വേഷണത്തെ ബാധിച്ചിരിക്കുന്നത്.

കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കസബ സി.ഐ ഫേസ്ബുക്ക് ആസ്ഥാനത്തേക്ക് ഇതുസംബന്ധിച്ച അപേക്ഷ അയച്ചിരുന്നത്. ഒരു മാസത്തിനകം മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല.

സി.ബി.ഐ മുഖേനയാണ് ഐ.പി വിലാസത്തിനായി കാലഫോര്‍ണിയയിലേയ്ക്ക് വിവരങ്ങള്‍ തേടികൊണ്ടുള്ള അപേക്ഷ അയച്ചത്. ഫെയ്‌സ്ബുക്കില്‍നിന്നും കിട്ടുന്ന വിവരങ്ങള്‍ക്കനുസരിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ എന്നാണ് പോലീസ് നിലപാട്.