താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഫേസ്ബുക്ക്
ലണ്ടന്‍: താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഫേസ്ബുക്ക്. കമ്പനിയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവിടങ്ങളിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍പ് പോസ്റ്റ് ചെയ്തിരുന്ന താലിബാന്‍ അനുകൂല ഉള്ളടക്കങ്ങളും നീക്കം ചെയ്യാന്‍ തുടങ്ങിയെന്ന് ഫേസ്ബുക്ക് പ്രതിനിധി അറിയിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘യു.എസ് നിയമപ്രകാരം താലിബാന്‍ ഒരു ഭീകര സംഘടനയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതോടെ താലിബാന്‍ അല്ലെങ്കില്‍ അവരുടെ പേരില്‍ പരിപാലിക്കുന്ന അക്കൗണ്ടുകള്‍ ഞങ്ങള്‍ നീക്കം ചെയ്യുകയാണ്,’ ഫേസ്ബുക്ക് പ്രതിനിധി പറഞ്ഞു.
അഫ്ഗാനില്‍ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ പ്രാദേശിക ഭാഷയിലുള്ള താലിബാന്‍ അനുകൂല ഉള്ളടക്കവും നീക്കം ചെയ്യുമെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പൂര്‍ണമായും പിടിച്ചെടുത്തത്. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിക്കഴിഞ്ഞു. ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.
രാജ്യം വിട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം നിലവില്‍ അയല്‍രാജ്യമായ താജിക്കിസ്ഥാനിലാണ് അഭയം തേടിയിരിക്കുന്നത്.
താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയതിന് പിന്നാലെ ഏതു വിധേനയും രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് സാധാരണക്കാരായ അഫ്ഗാന്‍ പൗരന്മാര്‍. പറന്നുയരാന്‍ പോകുന്ന വിമാനങ്ങള്‍ക്ക് ചുറ്റും ആളുകള്‍ തടിച്ചുകൂടുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്നിരുന്നു.
അഫ്ഗാനില്‍ താലിബാന്‍ ഇസ്‌ലാമിക് നിയമസംഹിതയായ ശരീഅത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍. നേരത്തെ താലിബാന്‍ അധികാരത്തിലുണ്ടായിരുന്ന സമയത്തുണ്ടായിരുന്ന കര്‍ക്കശ നിയന്ത്രണങ്ങള്‍ മടങ്ങിവരുമെന്ന ഈ പേടിയിലാണ് ജനങ്ങള്‍ പലായനത്തിനൊരുങ്ങുന്നത്.