| Friday, 29th October 2021, 8:13 am

ഫേസ്ബുക്ക് കമ്പനി ഇനി 'മെറ്റ'; പേരുമാറ്റം പുറത്തുവിട്ട് സുക്കര്‍ബര്‍ഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ മാതൃകമ്പനിയുടെ പേര് മാറ്റി. മെറ്റ (Meta) എന്ന പേരിലായിരിക്കും ഇനി കമ്പനി അറിയപ്പെടുക.

ഫേസ്ബുക്ക് (Facebook Inc./ FB.O) എന്ന കമ്പനിയുടെ പഴയ പേരാണ് മാറ്റിയത്. വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പേരുമാറ്റം എന്നാണ് ഔദ്യോഗിക വിശദീകരണം.

വെര്‍ച്വല്‍ സാങ്കേതിക വിദ്യയിലൂടെ ആളുകള്‍ക്ക് ഗെയിം കളിക്കാനും ആശയം വിനിമയം നടത്താനുമൊക്കെയുള്ള പദ്ധതിയുടെ പ്രഖ്യാപനത്തിനിടെയാണ് കമ്പനി ഇനി മെറ്റ എന്ന പേരിലറിയപ്പെടുമെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്.
നിലവിലുള്ള ബ്രാന്റിനെ മാറ്റേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ സ്വകാര്യതയും സുരക്ഷയും മെറ്റാവേഴ്‌സ് സാങ്കേതികവിദ്യയിലേക്ക് മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും ‘വിര്‍ച്വല്‍ ആന്‍ഡ് ഓഗ്‌മെന്റഡ് റിയാലിറ്റി’യെക്കുറിച്ചുള്ള വാര്‍ഷിക കോണ്‍ഫറന്‍സ്, കണക്ട് 2021നിടെ സുക്കര്‍ബര്‍ഗ് പറഞ്ഞു.

പേര്മാറ്റം വ്യക്തിഗത പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവക്ക് ബാധകമല്ലെന്നും ഇവയുടെ മാതൃ കമ്പനിയുടെ പേര് മാത്രമാണ് മാറ്റിയതെന്നും അധികൃതര്‍ വിശദീകരിച്ചു.

കമ്പനി പേരുമാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ ദിവസങ്ങള്‍ക്ക് മുന്‍പേ പുറത്തുവന്നിരുന്നു. മുന്‍പ് ഫേസ്ബുക്കില്‍ ജോലി ചെയ്തവരായ പലരും കമ്പനിയുടെ വിശ്വാസ്യതയും പോളിസികളും സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങള്‍ തെളിവ് സഹിതം ഉന്നയിക്കുന്ന സമയത്താണ് പേരുമാറ്റം എന്നതും ശ്രദ്ധേയമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Facebook company changes name to Meta, to focus on virtual reality

We use cookies to give you the best possible experience. Learn more