കല്ല്യാണ്‍ സാരീസിനെതിരെ ഇരിക്കല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഫേസ്ബുക്ക് കൂട്ടായ്മ
Daily News
കല്ല്യാണ്‍ സാരീസിനെതിരെ ഇരിക്കല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഫേസ്ബുക്ക് കൂട്ടായ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th March 2015, 11:06 am

Irikkal-Samaramതൃശ്ശൂര്‍: തൊഴിലാളി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന കല്ല്യാണ്‍ സാരീസിനെതിരെ തൊഴിലാളികള്‍ നടത്തുന്ന ഇരിക്കല്‍ സമരത്തിന് പിന്തുണയുമായി ഫേസ്ബുക്ക് കൂട്ടായ്മകള്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് തൊഴിലാളികള്‍ക്കൊപ്പം സമരത്തില്‍ പങ്കുചേരാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ കൂട്ടായ്മകള്‍.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് “ന്നാ മ്മളും ഇരിക്ക്യല്ലേ ഗഡിയെ..” എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജും ഇവന്റും ആരംഭിച്ചിട്ടുണ്ട്. 308 ഓളം ആളുകളാണ് സമരത്തിനെത്തിച്ചേരുമെന്ന് അറിയിച്ചിരിക്കുന്നത്.

ദിവസവും 11 മുതല്‍ 12 മണിക്കൂര്‍ വരെ പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന തൊഴിലാളികള്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും ലഭ്യമാക്കുന്നില്ല. ഇതിനെതിരെ പ്രിതികരിച്ചതിന് ആറു തൊഴിലാളികളെയാണ് സ്ഥലംമാറ്റം എന്ന വ്യാജേന കല്ല്യാണ്‍ സാരീസ് പുറത്താക്കിയത്. ഇതേ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ അനിശ്ചിതകാല സമരത്തിലേക്ക് വഴിമാറിയത്. നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് അസംഘടിത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

ഡിസംബര്‍ 30ന് തൃശൂരിലെ കല്ല്യാണ്‍ സാരീസിനു മുമ്പിലാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. കടുത്ത അവകാശലംഘനങ്ങളാണ് കല്ല്യാണ്‍ സാരീസിലെ തൊഴിലാളികള്‍ നേരിടുന്നത്.

ജോലി സമയമത്രയും അതായത് 11-12 മണിക്കൂറുകള്‍ മുഴുവനും നില്‍ക്കണം. ഇരിക്കാന്‍ പാടില്ല. അതിനിടയില്‍ മൂത്രമൊഴിക്കാന്‍ പോകാന്‍ പറ്റില്ല. ഒന്നില്‍ക്കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ പോകാന്‍ അനുമതി തേടിയാല്‍ “നിനക്കൊക്കെ ഓസ് ഫിറ്റ് ചെയ്ത് നടന്നാല്‍ പോരെടീ” എന്ന ചോദ്യം വരും. ഇതു ഭയന്ന് ജോലി സമയമത്രയും വേദനസഹിച്ച് നില്‍ക്കേണ്ട സ്ഥിതിയാണിവര്‍ക്ക്.

മാസത്തില്‍ രണ്ട് ഞായറാഴ്ച മാത്രമാണ് ഇവര്‍ക്ക് അവധി അനുവദിച്ചിട്ടുള്ളത്. വിശ്രമസമയം പോലും ഇവര്‍ക്ക് അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരരംഗത്തെത്തിയത്.

ഇരിക്കല്‍ സമരത്തിനു ശക്തമായ പിന്തുണയാണ് സോഷ്യല്‍ മീഡിയകളില്‍ നിന്നും ലഭിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇരിക്കല്‍ സമരത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.

എന്നാല്‍ സമരത്തെ പാടേ അവഗണിക്കുന്ന നടപടിയാണ് മുഖ്യധാരാ മാധ്യമങ്ങളെല്ലാം സ്വീകരിക്കുന്നത്. സമരത്തെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല.

ഇതിനെതിരെയും സോഷ്യല്‍ മീഡിയ സമരത്തിനു ആഹ്വാനം ചെയ്തിരുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ കമന്റ് ബോക്‌സില്‍ ഇരിക്കല്‍ സമരത്തെക്കുറിച്ച് കുറിച്ചുകൊണ്ടായിരുന്നു സമരം. ഇതിനു പിന്നാലെയാണ് മാര്‍ച്ച് എട്ടിന് ഐക്യദാര്‍ഢ്യസമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.