അതെ.. ഫുട്‌ബോള് മാത്രല്ല എല്ലാ കളികളും നിങ്ങടേതാണ്… ലോകകപ്പ് ആവേശത്തില്‍ മുങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് മാധ്യമ പ്രവര്‍ത്തക ഹൈറുന്നിസ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്റെ തുടക്കമാണിത്.
തുടര്‍ന്ന് കളിക്കളങ്ങളിലെ നീതികേടിനെ കുറിച്ച് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണവും നിലപാടും രേഖപ്പെടുത്തിയത്. പുരുഷന്മാര്‍ മാത്രം കളിക്കുന്ന ലോകകപ്പ് ഫുട്‌ബോളിനെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍.
ഫുട്‌ബോള്‍ പോലെ ജനകീയമായ മറ്റൊരുകളി ഒരുപക്ഷെ ലോകത്തുണ്ടാകില്ല. ഇത്രയും ജനകീയമായ കളിയില്‍ എങ്ങനെയാണ് പുരുഷന്റെത് സ്ത്രീയുടേത് എന്ന് തരംതിരിവ് വന്നത്? ആളുകള്‍ ചോദിക്കുന്നു. സകലമാന ഫുട്‌ബോള്‍ പുരുഷാരവങ്ങളോട് ചില ചോദ്യങ്ങളും സ്ത്രീകള്‍ ചോദിക്കുന്നുണ്ട്.
ഇപ്പോള്‍ നടക്കുന്നത് ലോക ഫുട്‌ബോള്‍ മത്സരമല്ല. “ലോക പുരുഷ ഫുട്‌ബോള്‍ മത്സരം” മാത്രമാണ്. ലോക ഫുട്‌ബോള്‍ മത്സരമാകണമെങ്കില്‍ ഒരേ ടീമില്‍ തന്നെ സ്ത്രീയും പുരുഷനും ട്രാന്‍സ്‌ജെന്‍ഡറും ഉണ്ടാകണം കളിക്കാരായി. സാമൂഹ്യ പ്രവര്‍ത്തക ദിവ്യ ദിവാകരന്റെഫേസ്ബുക്ക് കുറിപ്പാണിത്.
സ്ത്രീയും പുരുഷനും ട്രാന്‍സ്‌ജെന്‍ഡറും ഒന്നിച്ച് കളിക്കുന്ന മത്സരങ്ങളും ഇടങ്ങളുമാണ് ഇവിടെ ആവശ്യമെന്ന് പറയുകയാണ് ഇവര്‍.
“ആണിന്റെ ഫുട്ബോള് ലോക ഫുട്ബോള്, പെണ്ണിന്റെയാണെങ്കില്‍ ലോക വനിതാ ഫുട്‌ബോള്‍. ഒരു ശരികേട്”. സാമൂഹ്യ പ്രവര്‍ത്തക സുല്‍ഫത്ത് എം സുലുവിന്റെ ഫെയിസ്ബുക്ക് പോസ്റ്റാണിത്.
പെണ്‍കുട്ടികള്‍ക്ക് പാവയും ആടയാഭരണങ്ങളും വാങ്ങിക്കൊടുത്ത് തിരിച്ചറിവ് നേടാനാവുന്ന പ്രായത്തിനും മുമ്പ് അടുക്കളക്കാരിയാവാനും, ശുശ്രൂഷകയാവാനും, സ്വയം ഉപഭോഗവസ്തുവാകാനും പരിശീലിപ്പിച്ച് കളിക്കളത്തില്‍ നിന്ന് മാറ്റി നിര്‍ത്തി വീടും വിദ്യാലയവും ബുദ്ധി, വേഗം, സംഘബോധം, ചെറുത്തു നില്‍പ്പ്, ശക്തി എല്ലാമടങ്ങിയ കായിക വിനോദങ്ങള്‍ അവന്റെതാക്കുന്നത് എന്തുകൊണ്ട് കാണുന്നില്ല.
വൈകുന്നേരങ്ങളിലെ വയലിലേയും മൈതാനങ്ങളിലേയും കായിക വിനോദങ്ങളില്‍ അവളും കൂടട്ടെ. സ്ത്രീകള്‍ക്ക് അപ്രാപ്യമെന്ന് പറഞ്ഞ എല്ലാ മേഖലകളിലും സ്ത്രീകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെവിടെയെങ്കിലും വൈകുന്നേരങ്ങളില്‍ വിനോദത്തിനായി കാല്‍പ്പന്തുകളിയില്‍ ഏര്‍പ്പെട്ട ഒരു പെണ്‍കൂട്ടത്തെ കാണാന്‍ ഇനിയും കഴിഞ്ഞിട്ടുണ്ടോ?
അതിന് ആരെങ്കിലും അനുവദിക്കുമോ? കളിപ്പാവയും ആടയാഭരണങ്ങളുമില്ലാതെ ബാല്യത്തില്‍ ഒരു പന്ത് പെണ്‍കുഞ്ഞുങ്ങള്‍ക്ക് സമ്മാനിക്കാറുണ്ടോ? എന്നീ ചോദ്യങ്ങളാണ് ഫുട്‌ബോള്‍ പ്രേമികളോടും സമൂഹത്തോടും സുല്‍ഫത്ത് ചോദിക്കുന്നത്.
ശക്തിയും ബുദ്ധിയും വേഗവും കൂടിച്ചേര്‍ന്ന ഫുട്‌ബോള്‍ മത്സരം സ്ത്രീകള്‍ക്കും ആസ്വദിക്കാന്‍ പറ്റുന്നുണ്ട്. സമത്വത്തിന്റെ പേരില്‍ സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെ കളിച്ചാല്‍ മത്സരത്തിന്റെ സൗന്ദര്യം നഷ്ട്‌പ്പെടും. ഈ കളി പുരുഷന്മാര്‍ക്ക് മാത്രം കളിക്കാന്‍ പറ്റുന്നതാണ്.
സ്ത്രീകള്‍ കളിച്ചാല്‍ ഗ്രൗണ്ടില്‍ നിന്നും കൂടുതല്‍ പരിക്കുപറ്റും. പന്തിനു പുറകെ ഓടുന്ന പുരുഷ കളിക്കാരന്റെ അത്രയും കായികക്ഷമത സ്ത്രീക്കില്ല. ചിലത് സ്ത്രീക്ക് അപ്രാപ്യമാണ്. ഇനി കളിച്ചേ പറ്റുവെങ്കില്‍… അവാം.. ഒരു കൈ നോക്കാം. തുടങ്ങി നീളുന്നു പോസ്റ്റുകള്‍ക്ക് താഴെയുള്ള കമന്റുകള്‍.
“ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രൊജക്ടര്‍ വച്ച് വലിയ സ്‌ക്രീനില്‍ കളികാണുന്നത് പൂര്‍ണ്ണമായും ആണുങ്ങള്‍ മാത്രമാണ്. ഇവിടെയെല്ലാം ആരവങ്ങളും ആഘോഷങ്ങളും പുരുഷന്മാരുടെ കേന്ദ്രമാണ്”. മറ്റൊരു കമന്റാണിത്.
പുരുഷന്മാരുടെ കൂടെ സ്ത്രീയും ട്രാന്‍സ്‌ജെന്‍ഡറും ഒരേപോലെ പന്തു തട്ടാനും ബാറ്റുവീശാനും കളിക്കളങ്ങളില്‍ ഇറങ്ങണം. നമ്മുടെ കളിക്കളങ്ങള്‍ അതിനുവേണ്ടി പരുവപ്പെടണമെന്നും നീതിപൂര്‍വമായ ജെന്‍ഡര്‍ ന്യൂട്രല്‍ പൊതുഇടങ്ങളാണ് സമൂഹത്തിനു ആവശ്യമെന്നും സാമൂഹ്യ മാധ്യമങ്ങള്‍ ഒന്നടങ്കം പറയുന്നുണ്ട്.
ഇത്തരത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും സ്ത്രീകളെ കളിയാക്കിയും പരിഹസിച്ചും നടക്കുന്ന ചര്‍ച്ചകളാണ് കൂടുതലും.
വേള്‍ഡ് കപ്പ് തുടങ്ങുന്നത് അറിഞ്ഞിരിക്കുമല്ലോ..
കുറച്ച് നിയമങ്ങള്‍ ഞങ്ങള്‍ പുരുഷന്മാര്‍ക്ക് നിങ്ങളോട് പറയാനുണ്ട് … ശ്രദ്ധിച്ചാലും …
വേള്‍ഡ് കപ്പ് അവസാനിക്കുന്നത് വരെ റിമോട്ടിലുള്ള പൂര്‍ണ്ണ അധികാരം ഞങ്ങള്‍ക്കായിരിക്കും
നിങ്ങളുടെ കൂട്ടുകാര്‍, കുടുംബക്കാര്‍ അവരോടൊക്കെ ഒന്ന് സൂചിപ്പിച്ചേക്ക് ജനനം, മരണം, കല്യാണം, അടിയന്തരം എന്ത് കോപ്പ് ഉണ്ടായാലും ഞങ്ങള്‍ ഇത് കഴിഞ്ഞേ വരുള്ളൂ എന്ന്
Also Read ഫുട്ബോൾ മാത്രല്ല എല്ലാ കളികളും നിങ്ങടേതാണ്…
ഹാഫ് ടൈമിനും കളി കഴിഞ്ഞതിനു ശേഷവും സംസാരം ആവശ്യമില്ല
കണ്ട കളിയുടെ ഹൈലൈറ്റ്‌സ് ചിലപ്പോള്‍ കാണുന്നതായിരിക്കും
ഇടക്ക് കേറി ഇന്ത്യയുടെ കളി എന്നാ, ബാര്‍സിലോണ വേഴ്‌സസ് ഇറ്റലി ആണോ എന്നുള്ള ചോദ്യങ്ങള്‍ ചോദിക്കില്ലെന്ന് ഉറപ്പു വരുത്തണം
ഫ്രണ്ട്‌സ് കളി കാണാന്‍ വന്നെന്നിരിക്കും അപ്പോള്‍ മുഖം നൈക്കിന്റെ ലോഗോ പോലെ ആവരുത്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലുക്ക്നെ പറ്റി മിണ്ടരുത് ഞങ്ങള്‍ക്കത് ഇഷ്ടമല്ല
കളി കണ്ടു കൊണ്ടിരിക്കുമ്പോള്‍ ടി.വിയുടെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തരുത്
ആവേശം കൊണ്ട് ഞങ്ങള്‍ പലതും കാണിക്കുന്നതായിരിക്കും അപ്പോ കേറി ഉണ്ടാക്കരുത്
ബ്രസീലിലെ റൊണാള്‍ഡോയും പോര്‍ച്ചുഗലിലെ റൊണാള്‍ഡോയും കുടുംബകാരാണോ എന്ന് ചോദിക്കരുത്
ഹോളിവുഡ്, ബോളിവുഡ് നടിമാരൊക്കെ ഇഷ്ടപ്പെട്ട ടീമിന്റെ ജേഴ്‌സി ധരിച്ച് ചിലപ്പോള്‍ കളി കാണാന്‍ വന്നെന്നിരിക്കും. അതൊക്കെ ഞങ്ങള്‍ കായികാവേശത്തോടെ നോക്കി കാണുന്നതായിരിക്കും
ഇതൊക്കെ നിങ്ങള്‍ പാലിച്ചാല്‍ നിങ്ങളുടെ സൗന്ദര്യത്തിനു യാതൊരു കേടുപാടുകളും സംഭവിക്കില്ലെന്നു ഞങ്ങള്‍ ഉറപ്പ് തരുന്നു
വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അക്കമിട്ടു നിരത്തിയ തീര്‍ത്തും സ്ത്രീ വിരുദ്ധമായിട്ടുള്ള സ്ത്രീകള്‍ക്കുള്ള നിര്‍ദേശങ്ങളാണിവ. പ്രമുഖ ട്രോള്‍ ഗ്രൂപ്പുകളിലും സ്ത്രീ വിരുദ്ധമായി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു. ഫുട്‌ബോള്‍ കളിയെകുറിച്ച് ഒരക്ഷരം അറിയാത്തവരാണ് സ്ത്രീകള്‍ എന്നും സീരിയല്‍ കാണാനാണ് സ്ത്രീകള്‍ക്കു താല്‍പ്പര്യം എന്നും സമര്‍ത്ഥിക്കുന്ന ട്രോളുകളായിരുന്നു പലതും.