പി.വി അന്‍വറിന്റെ ഫോട്ടോക്കൊപ്പം മെയ് ദിനാശംസകള്‍ നേര്‍ന്ന് വി.ടി ബല്‍റാം; അയല്‍പക്കക്കാരുടെ അടുക്കളയിലെ വിശേഷങ്ങള്‍ തിരക്കി ട്രോളാക്കലാണ് ബല്‍റാമിന്റെ പണിയെന്ന് അന്‍വര്‍
Kerala News
പി.വി അന്‍വറിന്റെ ഫോട്ടോക്കൊപ്പം മെയ് ദിനാശംസകള്‍ നേര്‍ന്ന് വി.ടി ബല്‍റാം; അയല്‍പക്കക്കാരുടെ അടുക്കളയിലെ വിശേഷങ്ങള്‍ തിരക്കി ട്രോളാക്കലാണ് ബല്‍റാമിന്റെ പണിയെന്ന് അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd May 2019, 9:10 pm

കോഴിക്കോട്: ഫേസ്ബുക്കില്‍ വാക്‌പോരുമായി നിലമ്പൂര്‍ എം.എല്‍.എയും ലോക്‌സഭാ പൊന്നാനി സ്ഥാനാര്‍ഥിയുമായ പി.വി അന്‍വറും തൃത്താല എം.എല്‍.എ വി.ടി ബല്‍റാമും. തൊഴിലാളി ദിനത്തില്‍ വി.ടി ബല്‍റാം ഫേസ്ബുക്കിലിട്ട പോസ്റ്റിനെ തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള വാക്‌പോര് ഉടലെടുത്തത്.

വാട്ടര്‍ തീം പാര്‍ക്കിനു മുന്നില്‍ നില്‍ക്കുന്ന അന്‍വറിന്റെ ഫോട്ടോക്കൊപ്പമായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. ”തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിക്കാര്‍ക്ക്, പ്രത്യേകിച്ച് സി.പി.ഐക്കാര്‍ക്ക് മെയ് ദിനാശംസകള്‍” എന്നായിരുന്നു പോസ്റ്റ്.

സാധാരണ ഫേസ്ബുക്കില്‍ സജീവമല്ലാത്ത അന്‍വര്‍ ബല്‍റാമിനു മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. ‘ഫേസ്ബുക്കില്‍ നിന്ന് പുറത്തിറങ്ങി, ചുറ്റുമുള്ള സഹജീവികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പലര്‍ക്കും സമയമില്ല. അയല്‍പക്കക്കാരുടെ അടുക്കളയിലെ വിശേഷങ്ങള്‍ തിരക്കി ട്രോളാക്കി, ലൈക്കുകള്‍ വാരി കൂട്ടുന്നതിനിടയില്‍, സ്വന്തം വീട്ടിലെ അവസ്ഥയും വല്ലപ്പോഴും അന്വേഷിക്കാന്‍ ഇത്തരക്കാര്‍ കൂട്ടാക്കണം’- എന്നായിരുന്നു അന്‍വറിന്റെ പോസ്റ്റ്.

തൊഴിലാളി ആയാലും മുതലാളി ആയാലും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി അവരില്‍ ഒരാളായി അവര്‍ക്കൊപ്പം നിലയുറപ്പിക്കാന്‍ എനിക്ക് നന്നായി അറിയാമെന്ന ചുട്ട മറുപടിയും അന്‍വര്‍ ബാല്‍റാമിനു കൊടുത്തു.

തൃത്താലയില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ 23 കുടുംബങ്ങള്‍ കഴിയുന്നു എന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം തന്റെ മണ്ഡലമായ പൊന്നാനിയില്‍ പ്രളയകാലത്ത് തകര്‍ന്ന വീടുകള്‍ക്ക് പകരം പുതിയ വീടുകള്‍ പണിയുന്നുവെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ചേര്‍ത്താണ് അന്‍വര്‍ പ്രതികരിച്ചത്.

പിന്നാലെ വിശദീകരണവുമായി ബല്‍റാം രംഗത്തെത്തി. ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത് റവന്യൂ ഉദ്യോഗസ്ഥരാണെന്നും എം.എല്‍.എമാര്‍ക്ക് അതില്‍ യാതൊരു പങ്കുമില്ലെന്നും തനിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ സഖാക്കള്‍ അത് ഏറ്റെടുക്കുമെന്നു കരുതിയാണ് അന്‍വറിന്റെ പ്രതികരണമെന്നും ബല്‍റാം പറഞ്ഞു.

കക്കാടം പൊയിലില്‍ ഒരിഞ്ചു ഭൂമിയെങ്കിലും താന്‍ കയ്യേറിയതായി തെളിയിക്കാന്‍ ബല്‍റാമിനു കഴിയുമെങ്കില്‍ അതൊരു ചേഞ്ച് ആയി ഏറ്റെടുക്കണമെന്നും അന്‍വര്‍ വെല്ലുവിളിക്കുന്നുണ്ട്.

അന്‍വറിന്റെ പോസ്റ്റില്‍ ഇരുവരും തമ്മിലും ഇവരുടെ അനുഭാവികള്‍ തമ്മിലം തര്‍ക്കങ്ങളും വാഗ്വാദങ്ങളും നടക്കുന്നുണ്ട്.