| Wednesday, 22nd April 2020, 9:26 am

ജിയോയുടെ ഓഹരി സ്വന്തമാക്കി ഫേസ്ബുക്ക്; ഇന്ത്യയില്‍ നടത്താനിരിക്കുന്ന പദ്ധതികളുടെ തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെലികോം ഭീമന്‍ റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരി സ്വന്തമാക്കി ഫേസ്ബുക്ക്. 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ജിയോയില്‍ ഫേസ്ബുക്ക് നടത്തിയിരിക്കുന്നത്. ഇതോടെ ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ചെറുകിട ഓഹരി ഉടമയായി ഫേസ്ബുക്ക് മാറി.

ഫേസ്ബുക്കും റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസും തമ്മില്‍ ഇന്ത്യയില്‍ നടത്താനിരിക്കുന്ന പുതിയ പദ്ധതികളുടെ ഭാഗമായാണ് ഓഹരി സ്വന്തമാക്കിയിരിക്കുന്നത്. എകണോമിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്ക് റിലയന്‍സുമായി ചേര്‍ന്ന് വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പുതിയ അപ്ലിക്കേഷന്‍ വികസിപ്പിക്കാനൊരുങ്ങുന്നുണ്ട്. ചൈനീസ് ആപ്പായ വി ചാറ്റിന് സമാനമായി മെസേജിംഗിന് ഒപ്പം തന്നെ ഓണ്‍ലൈന്‍
പണമടയ്ക്കല്‍, ഫ്ളൈറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യല്‍, ഷോപ്പിംഗ് എന്നിവ സാധ്യമാക്കുന്ന ആപ്പാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫേസ്ബുക്കും സംയുക്തമായാണ് ആപ്പ് വികസിപ്പിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റിലയന്‍സ് റീട്ടെയില്‍ സ്റ്റോര്‍സിലൂടെയും ജിയോയിലൂടെയും ഓണ്‍ലൈന്‍ ഷോപ്പിംഗും ജിയോ മണിയിലൂടെ ഓണ്‍ലൈന്‍ പേയ്മെന്റും ഈ ആപ്പിലൂടെ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒപ്പം ഉപയോക്താക്കളുടെ ചെലവ് വിവരക്കണക്കുകളും ആപ്പ് നല്‍കും. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് നേരത്തെ ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സര്‍വീസ് തുടങ്ങാനുള്ള അനുമതി വാങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ 37 കോടിയലധികം സബ്സ്‌ക്രൈബേര്‍സ് ഉള്ള ജിയോയുമായി ധാരണയിലെത്തിയാല്‍ ലാഭകരമാവുമെന്നാണ് ഫേസ്ബുക്ക് കണക്കു കൂട്ടുന്നത്. ഇന്ത്യയില്‍ ടിക് ടോക് വലിയ ജനപ്രീതി നേടിയ സാഹചര്യത്തില്‍ ഇന്ത്യയിലെ ലോക്കല്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി കൈകോര്‍ക്കാന്‍ ഫേസ്ബുക്ക് നേരത്തെ തീരുമാനിച്ചിരുന്നു.

നേരത്തെ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന ഫേസ്ബുക്കിന്റെ പദ്ധതിയായ ഫ്രീബേസിക് ഇന്ത്യയില്‍ പരാജയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലുമായി ചേര്‍ന്ന് വൈഫൈ നെറ്റ് വര്‍ക്കുകള്‍ കൂട്ടാനുള്ള പദ്ധതിയായ എക്സ്പ്രസ് വൈഫൈയ്ക്കും ഇന്ത്യയില്‍ കാര്യമായ ചലനമുണ്ടാക്കായിട്ടില്ല.

We use cookies to give you the best possible experience. Learn more