കേന്ദ്രം പറഞ്ഞിട്ടല്ല, തെറ്റായി നീക്കം ചെയ്യപ്പെട്ടതാകാം; #resignmodi ഹാഷ്ടാഗ് നീക്കം ചെയ്യപ്പെട്ടതില്‍ വിശദീകരണവുമായി ഫേസ്ബുക്ക്
national news
കേന്ദ്രം പറഞ്ഞിട്ടല്ല, തെറ്റായി നീക്കം ചെയ്യപ്പെട്ടതാകാം; #resignmodi ഹാഷ്ടാഗ് നീക്കം ചെയ്യപ്പെട്ടതില്‍ വിശദീകരണവുമായി ഫേസ്ബുക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th April 2021, 11:14 am

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന തരത്തില്‍ ആരംഭിച്ച #resignmodi ഹാഷ്ടാഗ് നീക്കം ചെയ്ത സംഭവത്തില് വിശദീകരണവുമായി ഫേസ്ബുക്ക്. ഹാഷ്ടാഗ് തെറ്റായി നീക്കം ചെയ്യപ്പെട്ടതാകാം എന്നും പുനഃസ്ഥാപിച്ചെന്നും ഫേസ്ബുക്ക് അറിയിച്ചു.

ഹാഷ് ടാഗ് നീക്കം ചെയ്യപ്പെട്ടതില്‍ അന്വേഷണം നടത്തുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ ‘റിസൈന്‍ മോദി’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചത്. എന്നാല്‍ ഈ പ്രതിഷേധത്തെ മറയ്ക്കാനാണ് ഹാഷ്ടാഗ് നീക്കം ചെയ്തതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്.

‘കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളോട് പറഞ്ഞതനുസരിച്ചല്ല, ഹാഷ്ടാഗ് നീക്കം ചെയ്യപ്പെട്ടത് എന്തോ തെറ്റായ കാരണം കൊണ്ടാണ്. അത് പുനഃസ്ഥാപിച്ചിട്ടുണ്ട്,’ ഫേസ്ബുക്ക് പറഞ്ഞു.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്ത നല്‍കിയ അന്താരാഷ്ട്ര മാധ്യമമായ ദി ഓസ്ട്രേലിയനെതിരെ നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ശക്തമായതിന് പിന്നാലെ ഓക്സിജന്‍, വാക്സിന്‍ ക്ഷാമം എന്നിവ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയുടെ നയങ്ങള്‍ക്കെതിരെ സംസാരിച്ചതിനാണ് ദി ഓസ്ട്രേലിയനെതിരെ കേന്ദ്രം രംഗത്തുവന്നത്.

കൊവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ പോസ്റ്റു ചെയ്ത ട്വീറ്റുകള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 52ഓളം ട്വീറ്റുകള്‍ക്കെതിരെ ട്വിറ്റര്‍ നടപടി സ്വീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Facebook Blocks, Then Restores, Content Calling on Indian Prime Minister Modi to Resign