| Saturday, 26th February 2022, 2:14 pm

റഷ്യക്കെതിരെ തിരിച്ചടിച്ച് ഫേസ്ബുക്ക്; റഷ്യന്‍ മാധ്യമങ്ങളുടെ പരസ്യങ്ങള്‍ക്ക് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: രാജ്യത്ത് ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്തിയ റഷ്യയുടെ നടപടിക്കെതിരെ തിരിച്ചടിച്ച് ടെക് ഭീമന്‍.

റഷ്യന്‍ സ്റ്റേറ്റ് മാധ്യമത്തിന്റെ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഫേസ്ബുക്ക് തിരിച്ചടിച്ചത്. ഫേസ്ബുക്ക് വഴി റഷ്യന്‍ സ്റ്റേറ്റ് മാധ്യമങ്ങള്‍ക്ക് വരുമാനം നേടാനുള്ള അവസരങ്ങളെയാണ് ഫേസ്ബുക്ക് വെള്ളിയാഴ്ച തടഞ്ഞത്.

ഉക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായിക്കൂടിയാണ് ഫേസ്ബുക്കിന്റെ നടപടി.

ആര്‍.ഐ.എ നൊവോസ്ടി അടക്കമുള്ള നാല് റഷ്യന്‍ ന്യൂസ് ഓര്‍ഗനൈസേഷനുകള്‍ക്കും വിലക്കുണ്ട്.

നേരത്തെ ഫേസ്ബുക്കിന്റെ ഉപയോഗം രാജ്യത്ത് നിയന്ത്രിച്ചുകൊണ്ട് റഷ്യയും പ്രസ്താവനയിറക്കിയിരുന്നു. ഫാക്ട് ചെക്കര്‍മാരെയും കണ്ടന്റ് വാണിങ് ലാബലുകളും ഫേസ്ബുക്കില്‍ നിന്ന് ഒഴിവാക്കണം എന്ന റഷ്യന്‍ അധികൃതരുടെ ആവശ്യം ഫേസ്ബുക്ക് നിരാകരിച്ചതോടെയായിരുന്നു റഷ്യ പ്ലാറ്റ്‌ഫോമിന് രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അതിന് മറുപടിയെന്നോണമാണ് ഇപ്പോള്‍ ഫേസ്ബുക്കിന്റെ നടപടിയും വന്നിരിക്കുന്നത്.

അതേസമയം ഉക്രൈന്‍ തലസ്ഥാനമായ കീവിലടക്കം റഷ്യയുടെ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ താന്‍ നാടുവിട്ട് പോയിട്ടില്ലെന്നും റഷ്യക്കെതിരെ ഉക്രൈന്‍ പോരാടുമെന്നും വിശദീകരിച്ചുകൊണ്ട് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരുമെന്നും ട്വിറ്ററില്‍ പങ്കുവച്ച പുതിയ വിഡിയോയില്‍ സെലെന്‍സ്‌കി പറഞ്ഞിട്ടുണ്ട്.


Content Highlight: Facebook bans Russian state media from running ads, monetizing

Latest Stories

We use cookies to give you the best possible experience. Learn more