ഫേസ്ബുക്കിനെ വിളിപ്പിച്ച തീരുമാനം അന്യായമായി കാണാനാകില്ല; ദല്‍ഹി കലാപക്കേസില്‍ ഫേസ്ബുക്ക് മേധാവി നിയമസഭാ സമിതിക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി
ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനോട് നിയമസഭാസമിതിക്ക് മുന്നില്‍ ഹാജാരാവണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി.
ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ ഉപയോക്താക്കളോടുള്ള ഉത്തരവാദിത്തം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതി ദല്‍ഹി കലാപക്കേസില്‍ ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി.
ഫേസ്ബുക്ക് ഇന്ത്യാ മേധാവി അജിത് മോഹനെ 2020ല്‍ നടന്ന ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട നിയമസഭാ സമിതി വിളിപ്പിച്ചതിനെതിരെ ഫേസ്ബുക്ക് നല്കിയ ഹരജി പരിഗണിക്കവെയാണ് കോടതി കടുത്ത നിലപാട് സ്വീകരിച്ചത്.
സമാധാനവും ഐക്യവും ഉറപ്പുവരുത്തുന്നതിന് രൂപീകരിച്ചതാണ് നിയമസഭാസമിതിയെന്നും ഫേസ്ബുക്ക് മേധാവി സമിതിയുടെ മുന്നില്‍ ഹാജരാവണമെന്നും കോടതി വ്യക്തമാക്കി.
സമിതിയുടെ നിയമപരിധിയ്ക്ക് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ വന്നാല്‍ ഫേസ്ബുക്ക് പ്രതിനിധിയ്ക്ക് അതിന് മറുപടി പറയാതിരിക്കാം. എന്നാല്‍ സമിതിയ്ക്കു മുന്നില്‍ ഹാജരാവാത്തത് അപക്വമായ തീരുമാനമാണെന്ന് കോടതി പറഞ്ഞു. ജനങ്ങളെ സ്വാധീനിക്കാന്‍ ശക്തിയും അതിനുള്ള സാധ്യതയും സാമൂഹികമാധ്യമങ്ങളുടെ പ്ലാറ്റ്ഫോമുകള്‍ക്കുണ്ട്.
സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ചകളിലൂടേയും പോസ്റ്റുകളിലൂടേയും സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കാന്‍ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ഇതില്‍ വരുന്ന ഉള്ളടക്കങ്ങളിലെ സത്യം ഉറപ്പുവരുത്താന്‍ സാധാരണക്കാര്‍ക്ക് മാര്‍ഗ്ഗമില്ലെന്നും കോടതി പറഞ്ഞു. ഇത്തരം സാഹചര്യത്തിലാണ് ദല്‍ഹി കലാപക്കേസില്‍ ഫേസ്ബുക്കിനെ വിളിപ്പിക്കുന്നതെന്ന് കോടതി പറഞ്ഞു.
ഫേസ്ബുക്കിനെ വിളിപ്പിച്ച നിയമസഭാസമിതിയുടെ തീരുമാനം അന്യായമായി കാണാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.