കാലിഫോര്‍ണിയ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയം, തെരഞ്ഞെടുപ്പ്, സാമൂഹ്യ പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മെറ്റ(ഫേസ്ബുക്ക്). നവംബറില്‍ നടക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം.
നിയന്ത്രണം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന പരസ്യങ്ങള്‍ക്ക് തുടര്‍ന്ന് വിലക്കുണ്ടാകില്ലെന്നും, യു.എസിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിയന്ത്രണം ഒഴിവാക്കുമെന്നും മെറ്റ അറിയിച്ചു. കമ്പനിയുടെ ഗ്ലോബല്‍ അഫയേഴ്സ് പ്രസിഡന്റ് നിക്ക് ക്ലെഗാണ് ഈ വിവരം അറിയിച്ചത്.
ഇടക്കാല തെരഞ്ഞെടുപ്പിന് വേണ്ടി 40 ലധികം സംഘങ്ങളിലായി നൂറു കണക്കിന് ആളുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് മെറ്റ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതിനുവേണ്ടി 500 കോടി ഡോളര്‍ ആഗോള തലത്തില്‍ കമ്പനി ചെലവാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയ, തിയതി, സമയം, തെരഞ്ഞെടുപ്പ് രീതി എന്നിവയെ തെറ്റായി വ്യഖ്യാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും പരസ്യങ്ങളും കമ്പനി അനുവദിക്കില്ലെന്നും മെറ്റ അറിയിച്ചു.
വോട്ട് ചെയ്യുന്നതിന് ജനങ്ങളെ പിന്തുണക്കുന്ന പരസ്യങ്ങളും തെരഞ്ഞെടുപ്പിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന പരസ്യങ്ങളും അനുവദിക്കില്ല. അതേസമയം, പ്രാദേശിക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച പുതിയ വിവരങ്ങള്‍ ഫേസ്ബുക്ക് വഴി പങ്കുവെക്കാന്‍ സാധിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഫേസ്ബുക്കിലൂടെയും മറ്റ് മെറ്റ കമ്പനിയുടെ കീഴില്‍ വരുന്ന സമൂഹ മാധ്യമങ്ങളിലൂടെയും നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ക്ക് തടയിടാനാണ് ഈ നീക്കം. 2020ലാണ് ആദ്യമായി ഫേസ്ബുക്ക് യു.എസ് തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.