| Monday, 18th July 2011, 12:17 pm

ഫേസ്ബുക്കിലെ മാപ്പിളപ്പെണ്‍കുട്ടികളും സദാചാര പോലീസുകാരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചാട്ടുളി/മറിയം

തലയില്‍ തട്ടമിട്ട കുറച്ചു മാപ്പിളപ്പെണ്‍കുട്ടികള്‍ വയനാട്ടിലോ മറ്റോ ടൂറിന് പോയപ്പോള്‍ മൊബൈല്‍ ക്യാമറയില്‍ ഫോട്ടെയടുക്കുന്ന ചിത്രം കുറച്ച് ദിവസമായി ഫേസ്ബുക്ക്, ഗൂഗിള്‍ ബസ് തുടങ്ങിയ ഇടങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കയാണ്.

“ഹൊ..! എന്തൊരു മാപ്പിള സംസ്‌കാരം! ഇതിനാണ് രാഷ്ട്രീയക്കാരും സാംസ്‌കാരിക നായകരും “പുരോഗതി” എന്നു പുലമ്പുന്നത്…” എന്ന അടിക്കുറിപ്പോടെയാണ് തൊപ്പിയും താടിയും വെച്ച ഒരു കുട്ടി മുസ്‌ല്യാര്‍ പയ്യന്‍ ഈ കമന്റ് പാസാക്കിയത്. കേരളത്തിലെ മാപ്പിളപ്പെണ്‍കുട്ടികള്‍ പെട്ടുപോയ ഗതികേടിനെ ഓര്‍ത്ത് വിലപിച്ചുകൊണ്ട് ടിയാന്റെ(സുന്നി വിദ്യാര്‍ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തിലുള്ള ദര്‍ശന ടി.വി പ്രോഗ്രാം മോണിറ്റര്‍ എന്ന് ടിയാന്റെ ഫേസ്ബുക്ക് പ്രൊഫൈലിലുണ്ട്) സുഹൃത്തുക്കള്‍ കമന്റ് കോളത്തില്‍ കണ്ണീര്‍ തൂകുന്നുണ്ട്.

“ഇവര്‍ ഭാവിയിലെ നല്ല ഫോട്ടോഗ്രാഫര്‍മാര്‍ ആയിക്കൊള്ളട്ടെ. പക്ഷേ, ഭാവിയിലെ ഫാത്വിമ മിര്‍നീസിമാരും ഖദീജാ മുംതാസുമാരും ആമിനാ വദൂദുമാരും ആവാതിരിക്കാന്‍ നമുക്കു പ്രാര്‍ഥിക്കാം. പിന്നെ, എല്ലാവരോടുമായി ഒരു കാര്യം. ആരാന്റുമ്മാക്കു പിരാന്തുണ്ടാവുമ്പോ കാണാന്‍ പെരുത്ത് രസണ്ടാവും. പക്ഷേങ്കി, അവനാന്റുമ്മാക്കാവുമ്പോ ഇത്തിരി പൊള്ളും..” – ഇത് പോസ്റ്റുകാരന്‍ തന്നെ കമന്റായിക്കൊടുത്തിരിക്കുന്നു.

ഈ ഫോട്ടോ കാണുമ്പോള്‍ കരച്ചില്‍ വരുന്നു .. മുസ്ലിം പെണ്‍കുട്ടികളുടെ അഴിഞ്ഞാട്ടങ്ങള്‍ .. അള്ളാഹുവേ നീ കാക്കണേ .. ആമീന്‍.. ഇത് മറ്റൊരു കമന്ററുടെ അഭിപ്രായം… ഫോട്ടോയെച്ചൊല്ലി ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഫേസ് ബുക്ക് വിട്ട് ചര്‍ച്ച ഗൂഗിള്‍ ബസ്സിലേക്കും കയറിക്കഴിഞ്ഞു.

ഒന്നാമതായി ഫോട്ടോ പോസ്റ്റ് ചെയ്ത മാന്യദേഹത്തോട് ചില കാര്യങ്ങള്‍ ചോദിക്കട്ടെ… കുറച്ച് പെണ്‍കുട്ടികളുടെ ഫോട്ടോയെക്കുറിച്ചാണല്ലോ ചര്‍ച്ച. അവരുടെ അനുവാദത്തോടെയാണോ ഈ ഫോട്ടോ എടുത്തത്. അവരുടെ അനുമതിയില്ലാതെ പെണ്‍കുട്ടികളുടെ ഫോട്ടോ പൊതുഇടമായ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് എന്ത് ന്യായമാണ് പറയാനുള്ളത്. നിങ്ങള്‍ പറയുന്ന ഇസ്‌ലാം മത വിശ്വാസപ്രകാരം തന്നെ ഇത് തെറ്റല്ലേ… പെണ്‍കുട്ടികളുടെ ധാര്‍മ്മികത ചോദ്യം ചെയ്യാന്‍ പോകുന്നതിന് മുമ്പ് മുസ്‌ലിയാര്‍ ഇക്കാര്യം മറന്നു പോയോ…

പിന്നെ ആ പെണ്‍കുട്ടികള്‍ ചെയ്ത തെറ്റെന്താണെന്ന് പറഞ്ഞു തന്നാല്‍ കൊള്ളാം. വേഷം കണ്ടാല്‍ പ്രകോപിതനായിപ്പോകുന്നുവെന്നും ഇതാണ് സ്ത്രീ പീഡനത്തിന് കാരണവുമെന്നാണല്ലോ നിങ്ങള്‍ പറയുന്നത്. നിങ്ങളുടെ പ്രകോപന ന്യായം അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ ആ പെണ്‍കുട്ടികള്‍ മാന്യമായ വസ്ത്രമല്ലേ ധരിച്ചത്. ശരീരം മറയ്ക്കുന്ന ചുരിദാര്‍ ധരിച്ചു. നിങ്ങള്‍ പറയുന്ന പോലെ തലയില്‍ തട്ടമിട്ടു.

പര്‍ദയിട്ടാല്‍ മാത്രമേ ഇസ്‌ലാമാകൂവെന്നായിക്കും നിങ്ങള്‍ വിശ്വസിക്കുന്നത്. കേരളത്തില്‍ പര്‍ദ കടന്നുവന്നതെന്ന് എപ്പോഴാണ് നിങ്ങളുടെ ഉസ്താദുമാരോട് ചോദിച്ചു നോക്കുന്നത് നന്നായിരിക്കും. സ്വന്തം വല്ല്യുമ്മ പര്‍ദയണിഞ്ഞാണോ ജീവിച്ചതെന്ന് അവരോട് ചോദിക്കണം. അപ്പോള്‍ നിങ്ങള്‍ക്ക് പറയാനുണ്ടാവുക അവര്‍ പണ്ടൊന്നും ജോലിക്കും അല്ലാതെയും പുറത്ത് പോയിരുന്നില്ലെന്നായിരിക്കും. അതുകൊണ്ടാണ് അവര്‍ പര്‍ദ ധരിക്കാതിരുന്നതെന്നായിരിക്കും. അവര്‍ പുറത്ത് പോയിരുന്നില്ല, പക്ഷെ പുറത്ത് പോകാതിരുന്നവര്‍ സമ്പന്നമായ മുസ്‌ലിം തറവാട്ടില്‍ കഴിയുന്ന പെണ്ണുങ്ങളായിരുന്നു. അവര്‍ക്ക് തിന്നാനുള്ളത് ഖജനാവില്‍ നിറച്ചുവെച്ചിരുന്നു.

പക്ഷെ അന്ന് പട്ടിണിപ്പാവങ്ങളായ പാവപ്പെട്ട മുസ്‌ലിം ഉമ്മമാരും പെങ്ങന്‍മാരും കുടിയാന്‍മാര്‍ക്കൊപ്പം പാടത്ത് പണിയെടുക്കുകയായിരുന്നു. മുതലാളിമാരുടെ വീട്ടില്‍ എല്ലുമുറിയെ ജോലി ചെയ്യുകയായിരുന്നു. അതെ, അരവയര്‍ നിറക്കാന്‍ അവര്‍ പുറത്തിറങ്ങിയിരുന്നു. മാപ്പിളമാര്‍ ഗള്‍ഫ് കണ്ട് വന്ന ശേഷമാണ് പര്‍ദ ഇവിടേക്ക് വന്നതെന്ന ഓര്‍ക്കണം സദാചാര പോലീസുകാരേ…

സ്ത്രീക്ക് പുറത്തിറങ്ങാന്‍ പാടില്ല, ഒന്ന് പുറം കാഴ്ച കാണാന്‍ പാടില്ല, മൊബൈല്‍ പിടിക്കാന്‍ പാടില്ല. ഇത്തരം വരട്ടുവാദങ്ങളൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലെന്റെ മുസ്‌ല്യാരെ… സ്ത്രീകള്‍ അക്ഷരം പഠിക്കരുതെന്ന് നിങ്ങളുടെ പണ്ഡിത സഭയായ സമസ്ത പണ്ട് ഫത്‌വ ഇറക്കിയിരുന്നു. ഈ ഫത്‌വ പുതിയ കാലത്ത് അങ്ങിനെ തന്നെ പറയാന്‍ നിങ്ങള്‍ക്ക് കഴിയുമോ?…

അന്യപുരുഷനും സ്ത്രീയും പരസ്പരം കാണുന്നത് തെറ്റാണെന്ന് ഇസ്‌ലാം പറയുന്നു. അങ്ങിനെ പറഞ്ഞ് സ്ത്രീയെ വീട്ടിലിരുത്തിയ നിങ്ങള്‍ വിദ്യാഭ്യാസ കച്ചവടം നടത്താന്‍ സ്‌കൂളും നഴ്‌സറിയും തുടങ്ങിയപ്പോള്‍ ചുരുങ്ങിയ ശമ്പളത്തിന് ടീച്ചര്‍മാരെ ആവശ്യമായി വന്നു. അപ്പോ അവരെ വിളിച്ചു. അവിടെ ആണും പെണ്ണും തമ്മില്‍ കാണുന്നതിന് ഒരു പ്രശ്‌നവുമില്ല. പ്രമുഖമായ ഒരു മത സ്ഥാപനത്തില്‍ സ്‌കൂള്‍ മാനേജരായ വലിയ മുസ്‌ലിയാര്‍ ഇടക്കിടെ അധ്യാപക യോഗത്തിനെത്തുമ്പോള്‍ ആദ്യമൊക്കെ ഒരു മറ മുന്നില്‍ വെച്ചിരുന്നു. പിന്നെ മുസ്‌ലിയാര്‍ തന്നെ പറഞ്ഞു നമ്മള്‍ തമ്മില്‍ എന്തിനാ ഒരു മറ. കുട്ടി മുസ്‌ല്യാക്കന്‍മാര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന (ചെലവിന്) വീട്ടിലെ ഉമ്മമാരെയും പെങ്ങന്‍മാരെയും നോക്കാറില്ലെ… അവിടെ ഈ മതത്തിന്റെ വിലക്കുകളൊന്നുമില്ലേ…

ഞമ്മന്റെ കാര്യം വരുമ്പോള്‍ ഒരു മതവുമില്ല, ഒരു വിലക്കുമില്ല. എത്ര അന്യസ്ത്രീകളോട് നിങ്ങള്‍ മുഖത്ത് നോക്കി സംസാരിച്ചിട്ടുണ്ട്. അപ്പോ നിങ്ങള്‍ പറയും ഞങ്ങള്‍ മത പണ്ഡിതന്‍മാര്‍ ധാര്‍മ്മികതയുള്ളവരാണ് മുഖത്ത് നോക്കുന്നത് കൊണ്ട് മറ്റ് അബദ്ധങ്ങളൊന്നും സംഭവിക്കില്ലെന്ന്. പിന്നെ അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. എത്ര മൊല്ലാക്കമാര്‍ മദ്രസയില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് പിടിയിലായിട്ടുണ്ട്(ആണ്‍കുട്ടികളുടെ പീഡനം വേറെ… അത് പിന്നെ പറയാം)… എത്ര പേര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന വീട്ടില്‍ നിന്ന് അനാശാസ്യത്തിന് പിടിയിലായിട്ടുണ്ട്. കണക്കുകളൊന്നും പറയിപ്പിക്കരുത്.

വീഡിയോ ക്യാമറ കണ്ടാല്‍ ഹാലിളകിയിരുന്നു ഈ വിഭാഗത്തിന്. കല്ല്യാണത്തില്‍ വീഡിയോ ക്യാമറ വെച്ചതിന് കലാപങ്ങളുണ്ടായ സ്ഥലമുണ്ട്( വീഡിയോ ക്യാമറയുടെ ഗുണവും ദോഷവും വേറെ ചര്‍ച്ച ചെയ്യാം…). സമ്മേളനങ്ങളും സ്വലാത്ത് ഹല്‍ഖകളും തുടങ്ങി സ്വന്തം കലാപാരിപാടികള്‍ക്ക് വീഡിയോ ആകാം… വീട്ടിലിരുന്ന മുസ് ല്യാരുടെ വട്ടത്താടിയുള്ള ഫോട്ടോ അന്യ പെണ്ണ് കാണുന്നതിന് ഒരു പ്രശ്‌നവുമില്ല… ഫേസ് ബുക്കിലെ ഈ സദാചാര പോലീസുകാരന്‍ ഇനി നടത്താന്‍ പോകുന്ന ചാനലില്‍ ആരാണാവോ പരിപാടികള്‍ അവതരിപ്പിക്കുക, മുസ്‌ല്യാക്കന്‍മാര്‍ ഗിരിപ്രഭാഷണം നടത്തുമ്പോള്‍ വീട്ടിലിരിക്കുന്ന സ്ത്രീകള്‍ നിങ്ങളുടെ മുഖം കാണില്ലേ…

അപ്പോ… പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നതോ മറ്റ് ഇടപെടല്‍ നടത്തുന്നതോ ഒന്നുമല്ല പ്രശ്‌നം, അതെല്ലാം ഞമ്മന്റെ മുഖേന ആയിരിക്കണം. അത്രയേ പ്രശ്‌നമുള്ളൂ…

പുരുഷന് നാല് കെട്ടാം… പക്ഷെ കെട്ടുന്നതിന് ഇസ്‌ലാം പറയുന്ന നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് ഈ മുസ്‌ല്യാക്കന്‍മാര്‍ ആലോചിക്കാറുണ്ടോ… മൊഴി ചൊല്ലുന്നതിന് മുമ്പ് മതം തന്നെ പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാറുണ്ടോ… ഒന്നുമില്ല. പകരം നിക്കാഹിന് പോയി അതിന്റെ പണം കീശയിലിട്ട് പോരും. പിന്നെ അവര്‍ ജീവിച്ചാലും മരിച്ചാലും പ്രശ്‌നമില്ല. മതം തന്നെ അവള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ നിങ്ങള്‍ പള്ളിയില്‍ നിന്ന് കിത്താബിലെ വരികള്‍ ഉറക്കെ ചൊല്ലിക്കോള്ളൂ.. അവകാശത്തിനായി അവള്‍ തെരുവിലിറങ്ങിക്കഴിഞ്ഞു. ഇനി മതത്തെ നിന്ദിച്ചവളെന്നും കുലംകെട്ടവളെന്നും നിങ്ങള്‍ക്കവളെ വിളിക്കാം….

പെണ്‍കുട്ടികളെ ഓര്‍ത്ത് വിലപിച്ച മാന്യദേഹത്തിന്റെ ഫേസ്ബുക്ക് ലിങ്ക്.. http://www.facebook.com/profile.php?id=100002071669943&sk=wall ഫേസ് ബുക്ക് വാളില്‍ പോസ്റ്റു ചെയ്ത ചിത്രം ഇപ്പോള്‍ മാറ്റിയിട്ടുണ്ട്.
(പെണ്‍കുട്ടികളുടെ ഫോട്ടോവെച്ച് മോശം രീതിയില്‍ ചര്‍ച്ച നടക്കുന്നത് അവര്‍ അറിഞ്ഞുവോ എന്ന് അറിയില്ല. അവരുടെ അനുമതി ഇല്ലാത്തതിനാല്‍ ഞങ്ങള്‍ ആ ഫോട്ടോ ഇവിടെ പ്രസിദ്ധീകരിക്കുന്നില്ല)


We use cookies to give you the best possible experience. Learn more