സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്ര മരുന്നുകള്‍ ഓഫര്‍ ചെയ്യുന്ന പോസ്റ്റുകള്‍ നീക്കം ചെയ്ത് ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും
World News
സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്ര മരുന്നുകള്‍ ഓഫര്‍ ചെയ്യുന്ന പോസ്റ്റുകള്‍ നീക്കം ചെയ്ത് ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th June 2022, 4:36 pm

വാഷിങ്ടണ്‍: സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്ര മരുന്നുകള്‍ ഓഫര്‍ ചെയ്യുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാനാരംഭിച്ച് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും.

ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമല്ല എന്ന വിവാദമായ അമേരിക്കന്‍ സുപ്രീംകോടതിയുടെ വിധിക്ക് പിന്നാലെയാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഈ നീക്കം.

ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള മുന്‍കാല നിയമങ്ങള്‍ കോടതിവിധിക്ക് പിന്നാലെ വെള്ളിയാഴ്ച മുതല്‍ പെട്ടെന്ന് പ്രാബല്യത്തില്‍ വന്ന രാജ്യത്തെ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന സ്ത്രീകളെ സഹായിക്കാനാണ് ഇത്തരം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങുകയായിരുന്നു.

സുപ്രീംകോടതി വിധിക്ക് പിന്നാലെ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്ര ഗുളികകള്‍ നിയമപരമായി എങ്ങനെ ലഭിക്കുമെന്ന് വിശദീകരിക്കുന്ന മീമുകളും സ്റ്റാറ്റസ് അപ്ഡേറ്റുകളും സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചത്.

യു.എസ് സുപ്രീംകോടതി അബോര്‍ഷന്‍ നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചുവെങ്കിലും രാജ്യത്തെ സംസ്ഥാനങ്ങള്‍ ഇത് നടപ്പില്‍ വരുത്തുന്നതില്‍ വ്യത്യാസമുണ്ടാകും. റിപബ്ലിക്കന്‍ പാര്‍ട്ടി നയിക്കുന്ന ചില സംസ്ഥാനങ്ങള്‍ ഉടന്‍ തന്നെ ഗര്‍ഭഛിദ്രം നിരോധിക്കുകയോ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയോ ചെയ്യും.

എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നയിക്കുന്ന മിക്കവാറും സംസ്ഥാനങ്ങളും സുപ്രീംകോടതി വിധിക്കെതിരെ നീങ്ങി ഗര്‍ഭഛിദ്രത്തിനുള്ള അവകാശം സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വിധിക്കെതിരായ നിയമനടപടികളിലേക്കാണ് ഇത്തരം സംസ്ഥാനങ്ങള്‍ കടക്കുന്നത്.

അതേസമയം, കോടതിയുടെ ഔദ്യോഗിക വിധിപ്രസ്താവം പുറത്തുവരുന്നത് വരെ ടെക്‌സസ് സ്‌റ്റേറ്റ് കാത്തിരിക്കും. വിധി വെള്ളിയാഴ്ച പുറപ്പെടുവിച്ചുവെങ്കിലും ഔദ്യോഗികമായി ജഡ്ജ്‌മെന്റ് പുറത്തുവരാന്‍ ഒരു മാസമെങ്കിലും എടുക്കും.

1973ല്‍ രാജ്യത്തുടനീളം ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ റോയ് v/s വേഡ് എന്ന സുപ്രധാന കേസിലെ വിധിയാണ് യു.എസ് സുപ്രീംകോടതി റദ്ദാക്കിയത്. കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ക്ക് ഭൂരിപക്ഷമുള്ള കോടതി ആറിനെതിരെ ഒമ്പത് വോട്ടുകള്‍ക്കാണ് 50 വര്‍ഷത്തോളം പഴക്കമുള്ള കേസിലെ വിധി തിരുത്തിക്കൊണ്ട് വിവാദ വിധി പ്രസ്താവിച്ചത്.

സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും വിധിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ വിധിയെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു മുന്‍ യു.എസ് പ്രസിഡന്റും റിപബ്ലിക്കന്‍ നേതാവുമായ ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.

യു.എസിനകത്തും പുറത്തും വിധിക്കെതിരെ പ്രതിഷേധപ്രകടനങ്ങളും അരങ്ങേറുന്നുണ്ട്.

Content Highlight: Facebook and Instagram remove posts offering abortion pills to women after controversial US supreme court verdict