| Sunday, 23rd July 2017, 2:39 pm

'സെക്‌സി ദുര്‍ഗ' യെന്ന് മിണ്ടരുത്' ചിത്രത്തിലെ നായികയിട്ട പോസ്റ്റ് നീക്കം ചെയ്ത് ഫേസ്ബുക്ക് : അത് നിലവാരത്തിന് യോജിച്ചതല്ലെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ചിത്രമാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ. എന്നാല്‍ ഈ ചിത്രത്തിന്റെ “പേരുപോലും മിണ്ടരുത്” എന്നതാണ് ഫേസ്ബുക്കിന്റെ നിലപാട്.

ചിത്രം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങള്‍ സൂചിപ്പിച്ച സെക്‌സി ദുര്‍ഗയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാജശ്രീ ദേശ്പാണ്ഡെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് നിലവാരത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ് ഫേസ്ബുക്ക് നീക്കം ചെയ്തത്.


Also Read: സഹപാഠിയെ ആക്രമിച്ചു പണം തട്ടാന്‍ ശ്രമം: എം.80 മൂസ ഫെയിം അതുല്‍ ശ്രീവ അറസ്റ്റില്‍


ഫേസ്ബുക്കില്‍ നിന്നുള്ള കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ രാജശ്രീ തന്നെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.

“22ലേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങി നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ചിത്രമാണ് സെക്‌സി ദുര്‍ഗ. എന്തുകൊണ്ട് എനിക്ക് അതിനെക്കുറിച്ച് മിണ്ടുകപോലും ചെയ്തുകൂടാ? ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു.. നന്ദി ഫേസ്ബുക്ക്..” എന്ന കുറിപ്പോടെയാണ് തന്റെ പോസ്റ്റ് നീക്കം ചെയ്തകാര്യം രാജശ്രീ അറിയിച്ചത്.

ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് യോജിക്കാത്തയാളാണ് താനെന്നും രാജശ്രീ പരിഹാസത്തോടെ കുറിക്കുന്നു.

സെക്‌സി ദുര്‍ഗയെന്ന ചിത്രത്തിന്റെ പേര് സോഷ്യല്‍ മീഡിയകളില്‍ ആക്രമണത്തിന് കാരണമായിരുന്നു. ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില് രാജശ്രീയ്ക്കും അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു.

ഒരു രാത്രിയാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടിവരുന്ന ഇന്ത്യന്‍ പുരുഷ സമൂഹത്തെയാണ് സെക്‌സി ദുര്‍ഗയിലൂടെ അവതരിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more