| Wednesday, 17th July 2019, 10:37 pm

ഇന്ത്യന്‍ ഉപഭോക്താക്കളെ ബ്ലോക്ക് ചെയ്ത് ഫേസ്ആപ്; ട്രെന്‍ഡിംഗ് ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏജ് ഫില്‍ട്ടറോടു കൂടിയ ഫോട്ടോ എഡിറ്റിംഗ് ആപ്പായ ഫേസ്ആപ് ഇന്ത്യയിലെ ഉപഭോക്താക്കളെ ബ്ലോക്ക് ചെയ്ത നിലയില്‍. ഇന്ത്യയില്‍ ആപ്പിന്റെ ആന്‍ഡ്രോയ്ഡ്, ഐ.ഓ.എസ് വേര്‍ഷനുകകള്‍ യഥാക്രമം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ പ്ലേ സ്റ്റാറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നുണ്ട് എങ്കിലും പ്രവര്‍ത്തിക്കുന്നില്ല.

ട്വിറ്ററില്‍ നിരവധി ഉപഭോക്താക്കളാണ് ഇന്ത്യയില്‍ ഫേസ്ആപ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് അഭിപ്രായപ്പെട്ടത്. നിരവധി ടെക് വെബ്‌സൈറ്റുകളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

എറര്‍ സന്ദേശം കാണിച്ച് പിന്നീട് ശ്രമിക്കാനാണ് ആപ്പ് ഇന്ത്യന്‍ ഉപഭോക്താക്കളോട് പറയുന്നത്. റഷ്യന്‍ ഡവലപ്പര്‍മാര്‍ 2017 ജനുവരിയിലാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നത്. അതിന് ശേഷം പലപ്പോളും ആപ് വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്.

ആപ്പ് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് ചിത്രങ്ങളെ മാറ്റി മറിക്കുന്നത്. പല തരം ഫില്‍ട്ടറുകളും പ്രായത്തിനൊപ്പം ലിംഗം മാറ്റാനുമുള്ള സൗകര്യവും ഫേസ് ആപില്‍ ലഭ്യമാണ്.എന്നാല്‍ ഈ ആപ്പിന്റെ ഉപയോഗം അത്ര സുരക്ഷിതമല്ലെന്നാണ് പ്രമുഖ ടെക് വെബ്‌സൈറ്റായ ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ് ആപ് ഉപയോഗിക്കണമെങ്കില്‍ ഫോട്ടോ ലൈബ്രറിയിലേക്ക് ആക്സസ് നല്‍കുന്നതിനുള്ള സമ്മതം നല്‍കണം. ഇങ്ങനെ അനുമതി നല്‍കിയാല്‍ ഉപഭോക്താവിന്റെ ഫോട്ടോ ലൈബ്രറിയിലെ ഏതു ചിത്രവും എടുത്ത് ആപ്പ് ഡെവലപ്പര്‍ക്ക് പരിശോധിക്കാനാവും. ഇത് സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more