| Thursday, 18th July 2019, 6:38 pm

ഫേസ് ആപ്പ് പണിതരുമോ?; സൂക്ഷിക്കണമെന്ന് സൈബര്‍ വിദഗ്ധര്‍; എഫ്.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനുഷ്യമുഖങ്ങളെ നിമിഷങ്ങള്‍ക്കകം പ്രായമേറിയതാക്കി മാറ്റുന്ന ഫേസ് ആപ്പ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആപ്പിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ സെനറ്റ് മൈനോററ്റി ലീഡര്‍ ചാക്ക് ഷൂമര്‍. ആപ്പ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുകയാണെന്നും ആപ്പിനെക്കുറിച്ച് എഫ്.ബി.ഐ അന്വേഷിക്കണമെന്നുമാണ് ചാക്ക് ഷൂമര്‍ ആവശ്യപ്പെടുന്നത്.

അമേരിക്കന്‍ സമൂഹത്തെ ഗുരുതര പ്രശ്‌നങ്ങളിലേക്ക് തള്ളിവിടാനുതകുന്ന ആപ്പാണെന്ന് ചാക്ക് ഷൂമര്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഇദ്ദേഹം ട്വീറ്റ് ചെയ്തു. അമേരിക്കന്‍ ജനങ്ങളുടെ വ്യക്തിവിവരങ്ങള്‍ വിദേശ ശക്തിയുടെ തടവില്‍ ആകുന്ന അവസ്ഥയാണ് ഫേസ്ആപ്പ് ഉണ്ടാക്കുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ്.

ചാക്ക് ഷൂമറിന് പുറമെ നിരവധി സൈബര്‍സെക്യൂരിറ്റി വിദഗ്ധരും ആപ്പിനെതിരെ ചുവപ്പുകാര്‍ഡുമായി രംഗത്തെത്തിയിട്ടുണ്ട്.

വയര്‍ലെസ് ലാബ്‌സ് എന്ന റഷ്യന്‍ കമ്പനിയാണ് ആപ്പിന് പിന്നില്‍. ആപ്പിന്റെ ടേംസ് ആന്റ് കണ്ടീഷന്‍സില്‍ തന്നെ ചിത്രങ്ങള്‍ മറ്റ് പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമെന്ന മുന്നറിയിപ്പുണ്ട്. ആപ്പ് വഴി എഡിറ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ക്ക് ഒരിക്കലും അവസാനിക്കാത്തതും മാറ്റാന്‍ കഴിയാത്തതുമായ റോയല്‍റ്റി ആപ്ലിക്കേഷന് സ്വന്തമാണെന്ന് ആപ്പ് നിബന്ധന വയ്ക്കുന്നു. റഷ്യന്‍ കമ്പനിയാണ് ആപ്പ് നിര്‍മ്മാതാക്കള്‍ എന്നതാണ് അമേരിക്കയില്‍ പ്രശ്‌നങ്ങളുയരാന്‍ കാരണം.

‘തമാശ എന്ന രീതിയിലാണ് ആളുകള്‍ വ്യാപകമായി ഫേസ് ആപ്പ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരം ആപ്പുകള്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്താനും മറ്റ് സ്ഥലങ്ങളില്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കാനുമുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല’, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ റോബര്‍ട്ട് സിസിലിയാനോ പറയുന്നു. ഫേസ്ബുക്കിലൂടെ നിരവധിപ്പേര്‍ കുടുങ്ങിയ കേംബ്രിഡ്്ജ് അനലിറ്റിക കേസ് ആപ്പ് ഉപയോഗിക്കുന്നവര്‍ ഓര്‍മ്മിക്കണമെന്ന മുന്നറിയിപ്പും ഇദ്ദേഹം നല്‍കുന്നു. 2016ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനുവേണ്ടി ബ്രിട്ടണ്‍ നടത്തിയ വിവരങ്ങളുടെ ചോര്‍ത്തലായിരുന്നു അന്ന് ‘ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്’ എന്ന ചോദ്യോത്തര പരിപാടിയിലൂടെ അരങ്ങേറിയത്.

അതേസമയം വയര്‍ലെസ് ലാബ്‌സ് തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ചു. ആപ്പിലൂടെ ലഭിക്കുന്ന ചിത്രങ്ങള്‍ സ്ഥിരമായി സൂക്ഷിക്കാറില്ലെന്നും, മറ്റ് വിവരങ്ങള്‍ ശേഖരിക്കാറില്ലെന്നും വയര്‍ലെസ് ലാബ്‌സ് പറഞ്ഞു. അമേരിക്കയില്‍ നിന്നോ മറ്റ് രാജ്യങ്ങളില്‍ നിന്നോ ഉള്ള വിവരങ്ങള്‍ റഷ്യയിലേക്ക് എത്തിക്കുന്നില്ലെന്നും വയര്‍ലെസ് ലാബ്‌സ് അവകാശപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more