ന്യൂദല്‍ഹി: ഇന്റര്‍നെറ്റ് സമത്വം ഉറപ്പുവരുത്തുമെന്ന ട്രായ്യുടെ തീരുമാനത്തെ തുടര്‍ന്ന് ഫെയ്‌സ് ബുക്ക് വിവാദ സേവനമായ ഫ്രീബേസിക്‌സ് ഇന്ത്യയില്‍ നിര്‍ത്തലാക്കുന്നു. കൂടാതെ ട്രായ് ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിലും നിരക്കില്‍ തുല്ല്യത പാലിക്കുന്നതിലും വിവേചനം പാടില്ലെന്നുമുള്ള തീരുമാനമെടുക്കുകയും ചെയ്തിരുന്നു.
നിര്‍ദേശം മറികടന്ന് പ്രവര്‍ത്തിച്ചാല്‍ സേവനദാതാക്കളില്‍ നിന്നും ദിവസം 50,000 രൂപമുതല്‍ 50ലക്ഷം വരെ പിഴയീടാക്കുമെന്നും ട്രായ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് സി.ഇ.ഒ സൂക്കര്‍ബര്‍ഗ് കഴിഞ്ഞദിവസം നിരാശ പ്രകടിപ്പിച്ചിരുന്നു. പക്ഷേ, കണക്ടിങ്ങ് ഇന്ത്യ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും എല്ലാവര്‍ക്കും നെറ്റ് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും സൂക്കര്‍ ബര്‍ഗ് തന്റെ ഫെയ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
പക്ഷേ, ട്രായ് യുടെ കര്‍ശനമായ തീരുമാനത്തെ തുടര്‍ന്ന് ഫെയ്‌സ് ബുക്കിന് ഇന്ത്യയില്‍ ഫ്രീ ബേസിക്‌സ് സേവനം നടപ്പാക്കുന്നതില്‍ നിന്നും പിന്മാറേണ്ടി വരികയാണ്.
ഫ്രീ ബേസിക്‌സ് കാമ്പയിന്റെ പരസ്യത്തിനു വേണ്ടി ഇന്ത്യയില്‍ മാത്രം ഫെയ്‌സ്ബുക്ക് ചിലവഴിച്ചത് 300കോടി രൂപയാണ്. എല്ലാ ആളുകള്‍ക്കും ലഭ്യമാവത്തക്ക രീതിയിലും, ഡാറ്റയ്ക് പണമടക്കാന്‍ കഴിയാത്തവര്‍ക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിലും സൗജന്യ ഇന്റര്‍നെറ്റ് ലഭ്യതയ്ക്ക് വേണ്ടിയാണ് ഫ്രീ ബേസിക്‌സ് ആവിഷ്‌കരിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് സി.ഇ.ഒ സൂക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.
എന്നാല്‍ പരസ്യ പ്രചരണത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള അവകാശവാദങ്ങളാണെന്നും അത് വിശ്വസനീയമല്ലെന്നുമുള്ള രീതിയില്‍ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് ഉപഭോക്താക്കളുടെ ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ടായിരുന്നു.
പദ്ധതിക്കെതിരെ ടെലികോം അതോറിറ്റിക്കും ഒരുപാട് പരാതികള്‍ ലഭിച്ചിരുന്നു.ഇതിന്റെ ഫലമായാണ് ട്രായ് നെറ്റ് സമത്വം ഉറപ്പാക്കണമെന്നും ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിലും നിരക്കില്‍ തുല്ല്യത പാലിക്കുന്നതിലും വിവേചനം പാടില്ലെന്നുമുള്ള തീരുമാനത്തിലെത്തിയത്.