മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിത്, ചിരി മായാതെ മടങ്ങൂ: കെ.കെ രമ
national news
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിത്, ചിരി മായാതെ മടങ്ങൂ: കെ.കെ രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2024, 2:11 pm

വടകര: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയോട് ചിരിച്ചു കൊണ്ട് മടങ്ങാന്‍ പറഞ്ഞ് വടകര എം.എല്‍.എ കെ.കെ രമ. തന്റെ ഫേസ്ബുക്ക് പേജിലാണ് രമ ഇക്കാര്യം കുറിച്ചത്. വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ 1,15,157 വോട്ടുകളുടെ ലീഡുയര്‍ത്തി മുന്നേറുമ്പോള്‍ കെ.കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയാണ്.

‘മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്.ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേ മടങ്ങാവൂ. മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിത്. മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേര്‍ത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യര്‍ക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേര്‍ത്തു പിടിച്ച് യാത്രയാക്കുകയാണ്,’ എന്നിങ്ങനെയാണ് രമ ഫേസ്ബുക്കില്‍ കുറിച്ചത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ ജയം ഉറപ്പിച്ച മട്ടില്‍ പങ്കു വച്ച പോസ്റ്റിനു കീഴില്‍ നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്. ഇതിലും ഭംഗിയായി എഴുതാനാവില്ലെന്നും, ടി.പിയുടെ നാടാണ് വാടകരയെന്നും ചിലര്‍ കമന്റിട്ടപ്പോള്‍, ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ടീച്ചറെ നമുക്ക് ആവശ്യമുണ്ടെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാന്‍ കഴിയുന്നതല്ലേ ഭാഗ്യമെന്നും, വരും തെരഞ്ഞെടുപ്പുകളില്‍ മതമല്ല മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാന്‍ ഇന്നാട് ബാക്കിയുണ്ടെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വടകരയില്‍ ഷാഫി പറമ്പിലിന്റെ വിജയം ഏകദേശം ഉറപ്പിച്ച മട്ടിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ആദ്യ ഫലസൂചനകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജക്ക് അനുകൂലമായിരുന്നെങ്കിലും പിന്നീട് വന്ന ഫലങ്ങളോടെ ഷാഫി പറമ്പില്‍ ഉയര്‍ന്ന ലീഡ് നില നിര്‍ത്തുകയായിരുന്നു.

Content Highlight: face book post of K.K Rama