|

സിക്ക വൈറസ്; ബോധവല്‍ക്കരണ ക്യാംപെയ്‌നുമായി ഫെയ്‌സ് ബുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

facebook-chat
ലോകത്തെ ഭീതിയിലാക്കിയ സിക്ക വൈറസിനെ കുറിച്ച് ബോധവല്‍കരിക്കാന്‍ സാമൂഹ്യ മാധ്യമമായ ഫെയ്‌സ് ബുക്കും ഒരുങ്ങുന്നു. ബോധവല്‍കരണ കാംപെയ്ന്‍ സംഘടിപ്പിക്കുമെന്ന് ബുധനാഴ്ച സി.ഇ.ഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.

ക്യാംപെയ്‌നു തുടക്കം കുറിച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് പോര്‍ച്ചുഗീസില്‍ ഇന്ന് ആദ്യ വീഡിയോ പ്രദര്‍ശിപ്പിച്ചു. കൊതുകുമായി സമ്പര്‍ക്കം വരാനുള്ള സാഹചര്യങ്ങളില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കാന്‍ ഗര്‍ഭിണികള്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിക്കുന്നതായിരുന്നു വീഡിയോ. ബോധവല്‍കരണ പരിപാടികള്‍ തുടരുമെന്ന് പോസ്റ്റിലൂടെ സൂക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു.

ലാറ്റിനമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച സിക്ക വൈറസ് ആഗോള തലത്തില്‍ തന്നെ ഭീക്ഷണി ഉയര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. സിക്ക വൈറസ് ബാധിച്ച് 4000 കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.