| Wednesday, 24th May 2023, 9:05 am

നെയ്മര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്? വിഷയത്തില്‍ പ്രതികരണവുമായി ഫാബ്രിസിയോ റൊമാനോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ ബ്രസീലിയന്‍ സൂപ്പര്‍താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സീസണിന്റെ അവസാനത്തോടെ താരം പി.എസ്.ജിയില്‍ നിന്ന് പുറത്ത് കടക്കുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു അഭ്യൂഹങ്ങള്‍ ശക്തമായത്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ഫുട്‌ബോള്‍ ജേണലിസറ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോ.

നെയ്മര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നുമാണ് റൊമാനോ പറഞ്ഞത്. ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു റൊമാനോയുടെ പ്രതികരണം.

‘നെയ്മറിന്റെ ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് പി.എസ്.ജിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. നെയ്മറിനെ പുറത്താക്കുന്നതിനെ കുറിച്ച് പി.എസ്.ജിയില്‍ നിന്ന് തീരുമാനങ്ങള്‍ ഉണ്ടായിരുന്നു. ഈ സീസണിന്റെ അവസാനത്തോടെ വിഷയത്തില്‍ പരിഹാരം ഉണ്ടാകും,’ റൊമാനോ ട്വീറ്റ് ചെയ്തു.

പി.എസ്.ജിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറിയ നെയ്മര്‍ക്ക് ലോകകപ്പിന് ശേഷം തന്റെ പഴയ മികവിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല. ലീഗ് വണ്ണില്‍ ലോസ്‌ക് ലില്ലിക്കെതിരായ മത്സരത്തില്‍ ഗുരുതരമായി പരിക്കേറ്റതോടെ ശസ്ത്രക്രിയക്ക് വിധേയനാവുകയും ഈ സീസണില്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ താരം നാട്ടില്‍ പാര്‍ട്ടി ചെയ്ത് ഉല്ലസിക്കുകയാണെന്ന് ആരോപിച്ച് പി.എസ്.ജി ആരാധകര്‍ താരത്തിന്റെ വീട്ടിനുമുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇത് പി.എസ്.ജിക്ക് വലിയ തലവേദന സൃഷ്ടിക്കുകയും മാനേജ്‌മെന്റ് താരത്തിന് വേണ്ട സുരക്ഷ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പി.എസ്.ജിയുമായുള്ള കരാര്‍ 2027 വരെ നിലനില്‍ക്കെ ഈ സീസണിന്റെ അവസാനത്തോടെ താരത്തെ പുറത്താക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

2017ല്‍ 223 മില്യണ്‍ യൂറോയുടെ ലോക റെക്കോഡ് ട്രാന്‍സ്ഫറിലാണ് പി.എസ്.ജി നെയ്മറെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. എന്നാല്‍ പരിക്കുകള്‍ തുടര്‍ച്ചയായി വേട്ടയാടാന്‍ തുടങ്ങിയതോടെ താരത്തിന് പി.എസ്.ജിയില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഇഞ്ച്വറി കാരണം 100ലധികം മത്സരങ്ങളാണ് നെയ്മര്‍ക്ക് പി.എസ്.ജിയില്‍ നഷ്ടമായത്.

ഇതിനിടെ, തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങാന്‍ നെയ്മര്‍ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നിലവില്‍ ബാഴ്സയിലെ സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാല്‍ താരത്തെ സൈന്‍ ചെയ്യിക്കാന്‍ ബ്ലൂഗ്രാനക്ക് നിര്‍വാഹമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പാനിഷ് ന്യൂസ് ഔട്ട്ലെറ്റായ റെലെവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Fabrizio Romano reacts on Neymar’s Manchester United signing

We use cookies to give you the best possible experience. Learn more