പി.എസ്.ജി സൂപ്പര്‍താരം സെര്‍ജിയോ റാമോസ് ക്ലബ്ബുമായി പിരിയുകയാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പാരീസിയന്‍ ക്ലബ്ബില്‍ രണ്ട് സീസണ്‍ ചെലവഴിച്ച റാമോസ് ക്ലബ്ബ് വിടുകയാണെന്ന് വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. എന്നാല്‍ തന്റെ പുതിയ തട്ടകത്തെ കുറിച്ചുള്ള വിവരം താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ആരാധകരുടെ ആശങ്കകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോ. റാമോസ് പി.എസ്.ജി വിട്ടാല്‍ എങ്ങോട്ട് പോകുമെന്ന കാര്യത്തില്‍ ചെറിയ സൂചന നല്‍കിയിരിക്കുകയാണ് അദ്ദേഹം.
സൗദി അറേബ്യന്‍ ക്ലബ്ബ് റാമോസിനെ നോട്ടമിട്ടിട്ടുണ്ടെന്നും ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടുമെന്നുമാണ് റൊമാനോ വിഷയത്തില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
2021ലാണ് റാമോസ് ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ ജോയിന്‍ ചെയ്യുന്നത്. ആദ്യ സീസണില്‍ പപരിക്കിന്റെ പിടിയിലായ റാമോസിന് 13 മത്സരങ്ങളില്‍ മാത്രമെ പങ്കെടുക്കാന്‍ സാധിച്ചിരുന്നുള്ളൂ.
പാരീസിയന്‍ ജേഴ്‌സിയില്‍ ഇതുവരെ 44 മത്സരങ്ങളിലാന് റാമോസ് ബൂട്ടുകെട്ടിയിട്ടുള്ളത്. രണ്ട് ലീഗ് വണ്‍ ടൈറ്റിലുകളുടക്കം പി.എസ്.ജിക്കായി മൂന്ന് ട്രോഫികള്‍ സ്വന്തമാക്കാനും താരത്തിന് സാധിച്ചു.
അതേസമയം, കഴിഞ്ഞ ഫെബ്രുവരിയിലാണ് പി.എസ്.ജി സൂപ്പര്‍താരം സെര്‍ജിയോ റാമോസ് സ്പാനിഷ് ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്‌പെയിനിനായി 18 വര്‍ഷം ബൂട്ടുകെട്ടിയ റാമോസ് ടീമിന്റെ ക്യാപ്റ്റനായും തിളങ്ങിയിട്ടുണ്ട്.
ദേശീയ ജേഴ്‌സിയില്‍ 180 മത്സരങ്ങളാണ് താരം കളിച്ചത്. 2010ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമില്‍ റാമോസ് അംഗമായിരുന്നു.
Content Highlights: Fabrizio Romano on Sergio Ramos’s club transfer