| Thursday, 4th August 2022, 3:50 pm

ആര്‍ക്കായാലും ഒരു തെറ്റുപറ്റും; ഫാബ്രിസിയോയുടെ റിപ്പോര്‍ട്ട് നിഷേധിച്ച് ക്ലബ്ബ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്തെ വാര്‍ത്തകളും ട്രാന്‍സ്ഫറുകളുമെല്ലാം ആരാധകര്‍ക്ക് മുന്നില്‍ എത്തിക്കുന്ന ജേണലിസ്റ്റാണ് ഫാബ്രിസിയോ റോമാനോ. കളിക്കളത്തിന് പുറത്ത് ഒരു സൂപ്പര്‍താര പരിവേഷം തന്നെ അദ്ദേഹത്തിന് ആരാധകര്‍ക്കിടയിലുണ്ട്.

ക്ലബ്ബുകള്‍ രഹസ്യമായി നടത്തുന്ന ട്രാന്‍സ്ഫറുകള്‍ വരെ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഫുട്‌ബോല്‍ വാര്‍ത്തകള്‍ക്ക് അദ്ദേഹമൊരു ട്രസ്റ്റബിള്‍ സോഴ്‌സ് തന്നെയാണ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹത്തിന് തെറ്റ് പറ്റിയിരിക്കുകയാണ്.

ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ച മാര്‍ക്ക് കുക്കറെല്ലയുടെ ട്രാന്‍സ്ഫര്‍ നിരസിച്ചു താരത്തിന്റെ ക്ലബ്ബ് ബ്രൈറ്റന്‍ ആന്‍ഡ് ആല്‍ബിയോന്‍ രംഗത്തെത്തിയിരിക്കുകയാണ്.

50 മില്യണ്‍ പൗണ്ടിലധികം നല്‍കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി ടാര്‍ഗറ്റ് ആയ മാര്‍ക്ക് കുക്കറെല്ലയെ ചെല്‍സി ഹൈജാക്ക് ചെയ്തത്, താരം ഇന്ന് ലണ്ടനിലേക്ക് തിരിക്കും,അദ്ദേഹത്തിന്റെ മെഡിക്കല്‍ ടെസ്റ്റ് ഇന്ന് നടക്കുമെന്നായിരുന്നു ഫാബ്രീസിയോ ട്വീറ്റ് ചെയ്തത്.

എന്നാല്‍ ഫാബ്രിസിയോയുടെ റിപ്പോര്‍ട്ട് നിരസിക്കുന്ന തരത്തിലുള്ള കുറിപ്പ് ബ്രൈറ്റണ്‍ ആന്‍ഡ് ആല്‍ബിയോണ്‍ ഔദ്യോഗികമായി സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ആരുമായും മാര്‍ക്ക് കുക്കുറെല്ല ധാരണയില്‍ എത്തിയിട്ടില്ല എന്നായിരുന്നു ക്ലബ്ബ് അറിയിച്ചത്.

‘ഇന്ന് വൈകുന്നേരം നിരവധി മാധ്യമങ്ങളില്‍ നിന്നുള്ള തെറ്റായ റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്, മാര്‍ക്ക് കുക്കുറെല്ലയെ വില്‍ക്കാന്‍ ഒരു ക്ലബ്ബുമായും കരാറില്‍ എത്തിയിട്ടില്ല,’ ബ്രൈറ്റണ്‍ ആന്‍ഡ് ആല്‍ബിയോണ്‍ ട്വിറ്ററില്‍ കുറിച്ചു.

ഫാബ്രിസിയോ റൊമാനോയുടെ ട്രാന്‍സ്ഫര്‍ റിപ്പോര്‍ട്ട് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ക്ലബ്ബ് സ്ഥിരീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു, ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ ലോകത്ത് ഏറ്റവും വിശ്വാസയോഗ്യമായ വാര്‍ത്തകള്‍ നല്‍കുന്നത് റൊമാനോയാണെന്ന് ആരാധകരും വിശ്വസിക്കുന്നുണ്ട്, എന്നാല്‍ ഇതിനെതിരെ ക്ലബ്ബ് നേരിട്ട് വന്നതോടെ ഇനി ഈ ട്രാന്‍സ്ഫര്‍ എന്താവുമെന്ന് ആരാധകരും ഉറ്റു നോക്കുകയാണ്.

ചെല്‍സിയെ സംബന്ധിച്ചിടത്തോളം ഈ ട്രാന്‍സ്ഫര്‍ വളരെ നിര്‍ണായകമാണ്, റാഫിന്യ, കൗണ്ടെ എന്നീ ട്രാന്‍സ്ഫറുകള്‍ ഉറപ്പിച്ച ശേഷം ബാഴ്‌സലോണ ഹൈജാക്ക് ചെയ്തത് ക്ലബ്ബിനെ ചെറുതായൊന്നുമല്ല ബാധിച്ചത്. പ്രതിരോധത്തിലേക്ക് മാര്‍ക്ക് കുക്കുറെല്ലയെ ഏകദേശം ഉറപ്പിച്ച ശേഷം ട്രാന്‍സ്ഫര്‍ പാളി പോകുമോ എന്ന പേടിയിലാണ് ആരാധകരും.

Content Highlights: Fabrizio Romano made a mistake in a transfer news

We use cookies to give you the best possible experience. Learn more