ചരിത്രം കുറിച്ചവര്‍ വീണ്ടും ഒരുമിക്കുന്നു? ക്രിസ്റ്റ്യാനോ ബയേര്‍ ലെവര്‍കൂസനിലേക്ക്? വമ്പന്‍ അപ്‌ഡേറ്റുമായി ഫാബ്രീസിയോ റൊമാനോ
Sports News
ചരിത്രം കുറിച്ചവര്‍ വീണ്ടും ഒരുമിക്കുന്നു? ക്രിസ്റ്റ്യാനോ ബയേര്‍ ലെവര്‍കൂസനിലേക്ക്? വമ്പന്‍ അപ്‌ഡേറ്റുമായി ഫാബ്രീസിയോ റൊമാനോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th May 2024, 7:03 pm

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ സീസണോടെ അല്‍ നസര്‍ വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. ബുണ്ടസ് ലീഗയില്‍ ചരിത്രം കുറിച്ച ഇതിഹാസ പരിശീലകന്‍ സാബി അലോണ്‍സോയോടൊപ്പം താരം ബയേര്‍ ലെവര്‍കൂസനില്‍ പന്തുതട്ടുമെന്നാണ് ഇതിന് പിന്നാലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

എന്നാല്‍ ഈ വിഷയത്തില്‍ കൃത്യമായ അപ്‌ഡേറ്റ് നല്‍കുകയാണ് ഫുട്‌ബോള്‍ ജേണലിസ്റ്റായ ഫാബ്രീസിയോ റൊമാനോ. റൊണാള്‍ഡോ അല്‍ നസറില്‍ സന്തുഷ്ടനാണെന്നും താരം സൗദി ക്ലബ്ബ് വിടില്ല എന്നും റൊമാനോ വ്യക്തമാക്കി.

റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെ സഹതാരമായിരുന്ന സാബി അലോണ്‍സോക്കൊപ്പം ഒരിക്കല്‍ക്കൂടി കൈകോര്‍ക്കുന്നതിനായി താരം ബയേര്‍ ലെവര്‍കൂസനിലേക്ക് ചുവടുമാറ്റാന്‍ ഒരുങ്ങുകയാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്.

 

യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ മൂന്ന് ലീഗിലും ടോപ് സ്‌കോററായ റൊണാള്‍ഡോ ബുണ്ടസ് ലീഗയിലും തന്റെ പ്രഭാവം വ്യക്തമാക്കാനെത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയിലും അതിവേഗം ചര്‍ച്ചയായിരുന്നു. എന്നാല്‍ ട്രാന്‍സ്ഫര്‍ എക്‌സ്‌പേര്‍ട്ട് ഫാബ്രീസിയോ റൊമാനോയുെട കൃത്യമായ അപ്‌ഡേറ്റുകളെത്തിയതോടെ താരം ജര്‍മനിയിലേക്കെത്തില്ല എന്ന് ഉറപ്പായിരിക്കുകയാണ്.

കഴിഞ്ഞ സീസണില്‍ ചരിത്രം കുറിച്ചാണ് ഇരുവരും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ പ്രശംസകളേറ്റുവാങ്ങിയത്.

സൗദി പ്രോ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം ഗോള്‍ നേടിയാണ് റൊണാള്‍ഡോ ചരിത്രമെഴുതിയത്. 35 ഗോളും 11 അസിസ്റ്റുമാണ് അല്‍ അലാമിയുടെ മഞ്ഞക്കുപ്പായത്തില്‍ റോണോ സ്വന്തമാക്കിയത്.

 

ഇതോടെ നാല് വിവിധ ലീഗുകളില്‍ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന ആദ്യ താരമെന്ന നേട്ടവും റൊണാള്‍ഡോയെ തേടിയെത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ചരിത്രമെഴുതിയ എല്‍ ബിച്ചോ ലാ ലീഗയില്‍ റയല്‍ മാഡ്രിഡിനൊപ്പവും സീരി എയില്‍ യുവന്റസിനൊപ്പവും സുവര്‍ണപാദുകം നേടി.

ഇതിന് പുറമെ മറ്റൊരു ചരിത്ര നേട്ടമാണ് റൊണാള്‍ഡോയെ തേടിയെത്തിയിരുന്നു. സൗദി പ്രോ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന നേട്ടത്തിലേക്കാണ് ഫുട്‌ബോള്‍ ലെജന്‍ഡ് നടന്നു കയറിയത്. 2018-19 സീസണില്‍ 34 ഗോളുകളുമായി തിളങ്ങിയ ഹംദള്ളയായിരുന്നു ഇതിന് മുമ്പ് ഈ നേട്ടത്തില്‍ ഒന്നാമതുണ്ടായിരുന്നത്.

അതേസമയം, ബുണ്ടസ് ലീഗയുടെ ചരിത്രത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ കിരീടമുയര്‍ത്തിയ ആദ്യ ടീമെന്ന ഖ്യാതി ബയേര്‍ ലെവര്‍കൂസന് നേടിക്കൊടുത്താണ് സാബി അലോണ്‍സോ എന്ന പരിശീലകന്‍ ഇതിഹാസ തുല്യനായി മാറിയത്. ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിന്റെ ഏകാധിപത്യം തച്ചുടച്ചാണ് സാവി ലെവര്‍കൂസനെ കിരീടമണിയിച്ചത്.

 

ബുണ്ടസ് ലീഗ കിരീടത്തിനൊപ്പം ഡി.എഫ്.ബി പോകള്‍ കിരീടവും സാവി ബയേറിന് നേടിക്കൊടുത്തിരുന്നു. 1 എഫ്.സി.കെയെ എതിരില്ലാത്ത ഒറ്റ ഗോളിന് തകര്‍ത്തായിരുന്നു ബയേര്‍ കിരീടമണിഞ്ഞത്.

യൂറോപ്പ ലീഗിന്റെ ഫൈനലിലും പ്രവേശിച്ച ലെവര്‍കൂസന് സാവിക്കൊപ്പം ട്രിപ്പിള്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ടായിരുന്നു. അവീവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തന്‍ ലുക്മാന്റെ ഹാട്രിക്കില്‍ അറ്റ്‌ലാന്‍ഡ കിരീടമണിഞ്ഞപ്പോള്‍ സീസണിലെ ആദ്യ തോല്‍വിയും ഏക തോല്‍വിയുമാണ് ബയേറിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

 

 

Content highlight: Fabrizio Romano denies the reports sating Cristiano Ronaldo will move to Bayer Leverkusen