| Tuesday, 15th August 2023, 7:59 am

പി.എസ്.ജി വിട്ട നെയ്മര്‍ ബാഴ്‌സയിലേക്ക് വരാതിരിക്കാനുള്ള പ്രധാന കാരണം അയാള്‍; വെളിപ്പെടുത്തി റൊമാനോ

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ് സെന്റ് ഷെര്‍മാങ് വിട്ട നെയ്മര്‍ ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നായിരുന്നു ഫുട്‌ബോള്‍ ലോകം ഒന്നാകെ ഉറ്റുനോക്കിയത്. ലോകമെമ്പാടും ആരാധകരുള്ള ബ്രസീലിയന്‍ ഇന്റര്‍നാഷണലിന്റെ ട്രാന്‍സ്ഫര്‍ ഫുട്‌ബോള്‍ സര്‍ക്കിളുകളിലെല്ലാം പ്രധാന ചര്‍ച്ചയുമായിരുന്നു.

നെയ്മര്‍ ബാഴ്‌സയിലേക്ക് മടങ്ങിപ്പോകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ താരം അല്‍ ഹിലാലിനൊപ്പം കൈകോര്‍ക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത്.

നെയ്മര്‍ ബാഴ്‌സയിലേക്ക് മടങ്ങിപ്പോകാതിരിക്കാനുള്ള പ്രധാന കാരണം വെളിപ്പെടുത്തുകയാണ് ഫു്ടബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്‌പേര്‍ട്ടുമായ ഫാബ്രീസിയോ റൊമാനോ.

സാവി ടീമിന്റെ പരിശീലകനായി ഇരിക്കുന്നതിനാലാണ് നെയ്മര്‍ ബാഴ്‌സയിലേക്ക് മടങ്ങിപ്പോകാന്‍ വിമുഖത കാണിച്ചതെന്നാണ് റൊമാനോ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് പ്രമുഖ കായികമാധ്യമമായ സ്‌പോര്‍ട്‌സ്‌കീഡയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തന്റെ പോഡ്കാസ്റ്റായ ‘ഹിയര്‍ വി ഗോ’യില്‍ സംസാരിക്കവെയാണ് റൊമാനോ ഇക്കാര്യം പറഞ്ഞത്. തന്നെ വളര്‍ത്തിയ മുന്‍ ക്ലബ്ബിലേക്ക് മടങ്ങാന്‍ നെയ്മറിന് ആഗ്രഹമുണ്ടായിരുന്നുവെന്നും സാവി മാനേജര്‍ ആയിരിക്കുന്നിടത്തോളം കാലം നെയ്മര്‍ ബാഴ്‌സയിലേക്ക് മടങ്ങിയെത്തില്ല എന്നും റൊമാനോ പറഞ്ഞു.

നെയ്മര്‍ തിരികെ ടീമിലെത്തുന്നതില്‍ താരത്തിന്റെ മുന്‍ സഹതാരം കൂടിയായ സാവിക്ക് താത്പര്യമുണ്ടായിരുന്നില്ല എന്നും നെയ്മര്‍ ബാഴ്‌സയിലെത്തുന്നത് തടയാന്‍ സാവി ശ്രമിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മാനേജ്‌മെന്റിന് നെയ്മറിനെ ടീമിലെത്തിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സാവി നെയ്മറിനെ ലക്ഷ്വറി സൈനിങ് മാത്രമായിട്ടായിരുന്നു കണ്ടത്.

ഡ്രസിങ് റൂമിന്റെ പോസ്റ്റീവ് അന്തരീക്ഷം നെയ്മറിന്റെ വരവോടെ തകര്‍ക്കാന്‍ സാവി ആഗ്രഹിച്ചിരുന്നില്ലെന്നും റൊമാനോ അഭിപ്രായപ്പെട്ടു.

അതേസമയം, അല്‍ ഹിലാലുമായി നെയ്മര്‍ രണ്ട് വര്‍ഷത്തേക്കുള്ള കരാറിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം നിലവില്‍ സൗദിയില്‍ എത്തിയിട്ടുണ്ടെന്നും വൈദ്യ പരിശോധനക്ക് ശേഷം ഈ ആഴ്ച തന്നെ നെയ്മറിനെ ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

നെയ്മറിന്റെ ട്രാന്‍സ്ഫറിലൂടെ ഏകദേശം നൂറ് മില്യണിനടുത്താണ് പി.എസ്.ജിക്ക് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമ്മറില്‍ കൈലിദൗ കൗലിബാലി, റൂബന്‍ നീവ്‌സ് അടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ച അല്‍ ഹിലാല്‍ നെയ്മറിനെയും തട്ടകത്തിലെത്തിച്ച് സ്‌ക്വാഡ് സ്‌ട്രെങ്ത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്.

Content Highlight: Fabrizio Romano about Neymar’s transfer

We use cookies to give you the best possible experience. Learn more