ലോക ഫുട്ബോളില്‍ ഏറ്റവും മികച്ച താരം ലയണല്‍ മെസിയെന്ന് എ.സി. മിലാന്‍ കോച്ച് ഫാബിയോ കാപെല്ലോ. പ്രത്യേക കഴിവുകളുള്ള താരമാണ് മെസിയെന്നും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സ്‌കില്ലുകള്‍ താരത്തിനുണ്ടെന്ന് അദ്ദേഹം കാട്ടിത്തന്നിട്ടുണ്ടെന്നും കാപെല്ലോ പറഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ മീഡിയ ഔട്‌ലെറ്റായ ബിറ്റ്‌ബോളിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘താരങ്ങളില്‍ ആരെങ്കിലും ബാലണ്‍ ഡി ഓര്‍ നേടുമായിരിക്കും എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മെസിയാണോ മികച്ചതെന്ന് ചോദിച്ചാല്‍ ഞാന്‍ അര്‍ജന്റൈന്‍ സ്‌ട്രൈക്കറുടെ പേര് പറയും. മെസി പ്രതിഭയാണ്, കാരണം, കളത്തില്‍ അദ്ദേഹത്തിന്റെ നിലവാരവും വേഗതയും മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്,’ കാപെല്ലോ പറഞ്ഞു.
അതേസമയം, ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജി വിട്ട് മെസി ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. താരത്തിന്റെ ക്ലബ്ബ് മാറ്റത്തില്‍ അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മെസിയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് പുതിയ അപ്‌ഡേഷനുമായി പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോ രംഗത്തെത്തിയിരുന്നു. പി.എസ്.ജി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയറുടെ വാക്കുകള്‍ ഉദ്ധരിച്ച് കൊണ്ട് റൊമാനോ ട്വീറ്റ് ചെയ്യുകയായിരുന്നു.
‘ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള അവസരം എനിക്കുണ്ടായി. ഈ വാരാന്ത്യത്തില്‍ പാര്‍ക് ഡെസ് പ്രിന്‍സസില്‍ ക്ലെര്‍മോണ്ടിനെതിരെ പി.എസ്.ജിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കും,’ പി.എസ്.ജി കോച്ച് പറഞ്ഞതായി റൊമാനോ ട്വീറ്റ് ചെയ്തു.
ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ പി.എസ്.ജി ജേഴ്സിയില്‍ മെസി അവസാനമായി കളത്തിലിറങ്ങും. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നും മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി നേരത്തെ അറിയിച്ചിരുന്നു.