ആധുനിക ഫുട്‌ബോളില്‍ ലയണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ ഗോട്ട് എന്നത് ആരാധകരെ കുഴപ്പിക്കുന്ന ചോദ്യമാണ്.
മെസി-റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ തന്റെ ഇഷ്ടതാരം ആരെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് എ.സി മിലാന്‍ കോച്ച് ഫാബിയോ കാപെല്ലോ. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ് മികച്ച താരമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പ്രത്യേക കഴിവുകളുള്ള താരമാണ് മെസിയെന്നും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സ്‌കില്ലുകള്‍ താരത്തിനുണ്ടെന്ന് അദ്ദേഹം കാട്ടിത്തന്നിട്ടുണ്ടെന്നും കാപെല്ലോ പറഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ മീഡിയ ഔട്ലെറ്റായ ബിറ്റ്ബോളിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘താരങ്ങളില്‍ ആരെങ്കിലും ബാലണ്‍ ഡി ഓര്‍ നേടുമായിരിക്കും. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മെസിയാണോ മികച്ചതെന്ന് ചോദിച്ചാല്‍ ഞാന്‍ അര്‍ജന്റൈന്‍ സ്ട്രൈക്കറുടെ പേര് പറയും. മെസി പ്രതിഭയാണ്, കാരണം, കളത്തില്‍ അദ്ദേഹത്തിന്റെ നിലവാരവും വേഗതയും മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്,’ കാപെല്ലോ പറഞ്ഞു.
ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി വിജയിച്ചിരുന്നു. ലെന്‍സിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. മത്സരത്തില്‍ മെസി ഒരു ഗോള്‍ നേടിയിരുന്നു. എംബാപ്പെ, വിറ്റിന്‍ഹ എന്നിവരാണ് പി.എസ്.ജിക്കായി ഗോള്‍ നേടിയ മറ്റുതാരങ്ങള്‍.
ബാഴ്സലോണക്കായി 778 മത്സരങ്ങള്‍ കളിച്ച മെസി 672 ഗോളുകളാണ് ക്ലബ്ബിനായി സ്വന്തമാക്കിയിട്ടുള്ളത്. പി.എസ്.ജിയില്‍ 68 മത്സരങ്ങളില്‍ നിന്നും 30 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.
ഈ സീസണില്‍ പാരിസ് ക്ലബ്ബിനായി 35മത്സരങ്ങള്‍ കളിച്ച മെസി 20 ഗോളുകളും 17 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. റൊണാള്‍ഡോ തന്റെ ക്ലബ്ബായ അല്‍ നസറിനായി ഇതുവരെ 11 ഗോളുകളും 2 അസിസ്റ്റുകളും സ്വന്തമാക്കി.
അതേസമയം ലീഗ് വണ്ണില്‍ നിലവില്‍ 31 മത്സരങ്ങളില്‍ നിന്നും 23 വിജയങ്ങളോടെ 72 പോയിന്റുമായി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.