ലോക ഫുട്‌ബോളില്‍ ഏറ്റവും മികച്ച താരം ലയണല്‍ മെസിയെന്ന് മുന്‍ എ.എസ് റോമ കോച്ച് ഫാബിയോ കാപെല്ലോ. പ്രത്യേക കഴിവുകളുള്ള താരമാണ് മെസിയെന്നും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സ്‌കില്ലുകള്‍ താരത്തിനുണ്ടെന്ന് അദ്ദേഹം കാട്ടിത്തന്നിട്ടുണ്ടെന്നും കാപെല്ലോ പറഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ മീഡിയ ഔട്ട്‌ലെറ്റായ ബിറ്റ്ബോളിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘താരങ്ങളില്‍ ആരെങ്കിലും ബാലണ്‍ ഡി ഓര്‍ നേടുമായിരിക്കും എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മെസിയാണോ മികച്ചതെന്ന് ചോദിച്ചാല്‍ ഞാന്‍ അര്‍ജന്റൈന്‍ സ്ട്രൈക്കറുടെ പേര് പറയും. മെസി പ്രതിഭയാണ്, കാരണം, കളത്തില്‍ അദ്ദേഹത്തിന്റെ നിലവാരവും വേഗതയും മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്,’ കാപെല്ലോ പറഞ്ഞു.
അതേസമയം, ഈ സീസണിന്റെ അവസാനത്തോടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ് അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ബ്രേക്ക് എടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.
1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.
ജൂലൈ 16നാണ് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ പ്രെസന്റ് ചെയ്യാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.