ലോക ഫുട്‌ബോളില്‍ ഏറ്റവും മികച്ച താരം ലയണല്‍ മെസിയെന്ന് എ.സി. മിലാന്‍ കോച്ച് ഫാബിയോ കാപെല്ലോ. പ്രത്യേക കഴിവുകളുള്ള താരമാണ് മെസിയെന്നും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സ്‌കില്ലുകള്‍ താരത്തിനുണ്ടെന്ന് അദ്ദേഹം കാട്ടിത്തന്നിട്ടുണ്ടെന്നും കാപെല്ലോ പറഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ മീഡിയ ഔട്ലെറ്റായ ബിറ്റ്ബോളിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘താരങ്ങളില്‍ ആരെങ്കിലും ബാലണ്‍ ഡി ഓര്‍ നേടുമായിരിക്കും എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മെസിയാണോ മികച്ചതെന്ന് ചോദിച്ചാല്‍ ഞാന്‍ അര്‍ജന്റൈന്‍ സ്ട്രൈക്കറുടെ പേര് പറയും. മെസി പ്രതിഭയാണ്, കാരണം, കളത്തില്‍ അദ്ദേഹത്തിന്റെ നിലവാരവും വേഗതയും മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്,’ കാപെല്ലോ പറഞ്ഞു.
അതേസമയം, ക്ലബ്ബ് മെസി നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ പി.എസ്.ജിയില്‍ താരത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ക്ലബ്ബിന്റെ അനുമതിയില്ലാതെ മെസി രാജ്യം വിട്ടതിന് പി.എസ്.ജി താരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തുടര്‍ന്ന് താരം തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് സഹതാരങ്ങളോട് ക്ഷമാപണം നടത്തുകയും പി.എസ്.ജി താരത്തിന്റെ വിലക്ക് നീക്കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ മെസി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
എന്നാല്‍ ക്ലബ്ബ് മാറ്റത്തിന്റെ കാര്യത്തില്‍ മെസി തീരുമാനം എടുത്തിട്ടില്ലെന്നും ഈ സീസണ്‍ അവസാനിക്കുമ്പോള്‍ മാത്രമെ ട്രാന്‍സ്ഫറിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും താരത്തിന്റെ പിതാവും ഏജന്റുമായി ജോര്‍ജ് മെസി നിലപാട് അറിയിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് അറുതി വീഴുകയായിരുന്നു.
ലീഗ് വണ്ണില്‍ ഇതുവരെ കളിച്ച 34 മത്സരങ്ങളില്‍ നിന്ന് 25 ജയവും 78 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി. മെയ് 14ന് അജാസിയോക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
Content Highlights: Fabio Capello praises Lionel Messi