മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ഫ്രാന്‍സിന്റെയും മിഡ്ഫീല്‍ഡര്‍ താരമാണ് പോള്‍ പോഗ്ബ. മികച്ച പാസുകള്‍ കൊണ്ടും അപ്രതീക്ഷിത ഷോട്ടുകള്‍ കൊണ്ടും മികച്ച പ്രകടനമായിരുന്നു പോഗ്ബ ടീമുകള്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ കുറച്ചുകാലമായി ഫോമില്ലായ്മയില്‍ വലയുകയാണ് താരം.
ഈ സീസണോടെ താരത്തിന്റെ മാഞ്ചസ്റ്ററുമായുള്ള കരാര്‍ അവസാനിച്ചിരുന്നു. തന്റെ പഴയ ക്ലബ്ബായ യുവന്റസിലേക്കാണ് താരം തിരിച്ചുപോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഇയാളെ ടീമിലെത്തിച്ചിട്ട് ഒരു കാര്യവുമില്ലെന്നാണ് മുന്‍ യുവന്റസ് താരമായ ഫാബിയൊ കന്നവാരൊയുടെ അഭിപ്രായം.
‘പോഗ്ബ യുവെയിലേക്കോ? യുവന്റസില്‍ മുമ്പ് കളിച്ച അനുഭവത്തില്‍ നിന്നും യഥാര്‍ത്ഥ ആ പഴയ പോഗ്ബ വീണ്ടും വരികയാണെങ്കില്‍ യുവന്റസ് എടുക്കുന്നതില്‍ കാര്യമുണ്ട്. എന്നാല്‍ സമീപകാല സീസണുകളിലെ പോഗ്ബ യുവന്റസിനോ ഫ്രാന്‍സിനോ ഒരു പ്രയോജനവുമില്ലാത്തയാളാണ്,’ കന്നവാരൊ പറഞ്ഞു.
മുന്‍ കാലങ്ങളില്‍ കളിച്ച പോഗ്ബയാണെങ്കില്‍ ടീമിന് ഗുണമാണെന്നും എന്നാല്‍ യുണൈറ്റഡ് കാലഘട്ടത്തില്‍ കാണിച്ച പ്രകടനമാണെങ്കില്‍ ടീമിന് ഒരു ഉപകാരവുമില്ലെന്നാണ് കന്നവാരൊ പറഞ്ഞത്.
2012 മുതല്‍ 2016 സീസണ്‍ വരെ യുവന്റസിന്റെ മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനമായിരുന്നു പോഗ്ബ കാഴ്ചവെച്ചത്. യുവന്റസിനായി 178 മത്സരങ്ങളില്‍ നിന്നും 34 ഗോളുകളും 40 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.
സീരി-എ ടീമിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഫോം താരത്തെ 2016-ല്‍ മാഞ്ചസ്റ്റര്‍ 89 മില്യണ്‍ പൗണ്ട് എന്ന ലോക റെക്കോര്‍ഡിന് വീണ്ടും സൈന്‍ ചെയ്യാന്‍ കാരണമായി.
എന്നാല്‍ അതിന് ശേഷം താരം യുണൈറ്റഡിനായി ശരാശരി പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഈ സീസണില്‍ നോര്‍വിച്ച് സിറ്റിക്കും, ലിവര്‍പൂളിനും എതിരായ അവസാന രണ്ട് മത്സരങ്ങളില്‍ താരത്തെ യുണൈറ്റഡിന്റെ ആരാധകര്‍ തന്നെ കൂവിയിരുന്നു.
യുണൈറ്റഡിനായി 224 മത്സരങ്ങളില്‍ നിന്ന് 40 ഗോളുകളും 38 പ്രീമിയല്‍ ലീഗ് അസിസ്റ്റും രണ്ട് കിരീടങ്ങളും പോഗ്ബ നേടിയിട്ടുണ്ട്.