| Friday, 27th May 2022, 12:27 pm

യുറോപ്പിനെ നേരിടാന്‍ ഞങ്ങള്‍ റെഡിയാണ്; എംബാപെക്കതിരെ ആഞ്ഞടിച്ച് ബ്രസീലിയന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം നവംബറിലാണ് ലോകമൊന്നാകെ കാത്തിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പ് അടുക്കുമ്പോള്‍ ആരാധകര്‍ക്കിടയിലും കളിക്കാര്‍ക്കിടയിലും വാക്‌പോരുകളും, വെല്ലുവിളികളും ഫുട്‌ബോള്‍ ലോകത്ത് സാധാരണയാണ്.

ഫുട്‌ബോള്‍ ലോകത്തെ പ്രധാന ശക്തികേന്ദ്രമാണ് ലാറ്റിന്‍ അമേരിക്കയും യുറോപ്പും. ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും ഈ വന്‍കരകളിലെ ടീമുകള്‍ക്കാണ്.

കഴിഞ്ഞ ദിവസമായിരുന്നു ഫ്രാന്‍സിന്റെ സൂപ്പര്‍താരം കിലിയന്‍ എംബാപെ ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോളിനെ താഴ്ത്തിക്കൊണ്ടുള്ള പ്രസ്താവന നടത്തിയത്.

അമേരിക്കന്‍ ഫുട്‌ബോള്‍ വളരെ എളുപ്പമാണെന്നും യുറോപ്യന്‍ ഫുട്‌ബോള്‍ മൈലുകള്‍ മുമ്പിലാണെന്നും എംബാപെ പറഞ്ഞിരുന്നു.

എംബാപെയുടെ വാക്കുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത് ബ്രസീലിയന്‍ താരം ഫാബിനോയാണ്.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ യോഗ്യതാ മത്സരങ്ങള്‍ കളിക്കുകയാണെങ്കില്‍ തന്റെ രാജ്യവും ചിരവൈരികളായ അര്‍ജന്റീനയും അതാത് ഗ്രൂപ്പുകളില്‍ ഒന്നാമതായിരിക്കുമെന്ന് ബ്രസീലിയന്‍ താരം പറഞ്ഞു.

‘ ഇവിടെ കളിക്കാന്‍ എളുപ്പല്ല, ഇവിടുത്തെ കളിശൈലി വ്യതസ്തമാണ്. ഞങ്ങള്‍ക്ക് ബൊളീവിയ പോലുള്ള സ്ഥലങ്ങളില്‍ കളിക്കണം, ഫ്രാന്‍സ് അവിടെ കളിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങള്‍ കളിച്ചിരുന്നുവെങ്കില്‍ ബ്രസീലും അര്‍ജന്റീനയും ഗ്രൂപ്പുകളില്‍ ഒന്നാമതായി ഫിനിഷ് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’, ഇങ്ങനെയാണ് ഫാബിനോയുടെ മറുപടി.

ലാറ്റില്‍ അമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയും, ബ്രസീലും ടോപ്പില്‍ ഫിനിഷ് ചെയതിരുന്നു. യുറോപ്പ്യന്‍ ക്വാളിഫയറില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഫ്രാന്‍സ് ലോകകപ്പ് യോഗ്യത നേടിയത്.

നേരത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ ലോകകപ്പിനായി കൂടുതല്‍ സജ്ജരാണെന്നാണ് എംബാപെ പറഞ്ഞത്. യുവേഫ നേഷന്‍സ് ലീഗും ഭൂഖണ്ഡത്തിലുടനീളമുള്ള മറ്റ് രാജ്യങ്ങളിലെ ഫുട്‌ബോളിന്റെ ഉയര്‍ന്ന നിലവാരവുമാണ് ഇതിന് കാരണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

2022 ഫിഫ ലോകകപ്പിനെ കുറിച്ച് ടി.എന്‍.ടി സ്പോര്‍ട് എന്ന ബ്രസീലിയന്‍ ചാനലിലായിരുന്നു എംബാപെയുടെ വിവാദ പരാമര്‍ശം. ബ്രസീല്‍ ലോകകപ്പില്‍ ഫേവറിറ്റുകളില്‍ ഒന്നാണെന്നും എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ള എതിരാളികള്‍ക്കെതിരെ അവര്‍ സ്ഥിരമായി കളിക്കാറില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അര്‍ജന്റീന ഉള്‍പ്പെടെയുള്ള ദക്ഷിണ അമേരിക്കന്‍ ടീമുകള്‍ക്ക് ടൂര്‍ണമെന്റില്‍ അത് ദോഷകരമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

എന്നാല്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിടിട്ടുള്ളത് ലാറ്റിന്‍ അമേരിക്കന്‍ ടീമായ ബ്രസീലാണ്.

Content Highlights: Fabinho Replies to Mbape’s opinion about latin football

We use cookies to give you the best possible experience. Learn more