| Thursday, 14th September 2023, 1:19 pm

വീഡിയോ; ഇവനൊക്കെ ബാറ്റ് ചെയ്യുമ്പോള്‍ എവിടെയിരുന്നാലും രക്ഷയില്ല 😨😨 ഗള്ളി ക്രിക്കറ്റിലെ ബാറ്ററുടെ ദുഃസ്വപ്നം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തിലെ ഒരു തകര്‍പ്പന്‍ ഷോട്ടിന്റെ വീഡിയോ ആണ് ക്രിക്കറ്റ് സര്‍ക്കിളുകളില്‍ വൈറലാകുന്നത്. പ്രൊവിഡന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന ഗയാന ആമസോണ്‍ വാറിയേഴ്‌സ് – ജമൈക്ക താലവാസ് മത്സരത്തിനിടെയാണ് കമന്റേററ്റര്‍മാരുടെ കിളി പറത്തിയ ഷോട്ട് പിറന്നത്.

താലവാസ് താരം ഫാബിയന്‍ അലന്റെ ഷോട്ട് ചെന്നുപതിച്ചത് കമന്ററി ബോക്‌സിലേക്കാണ്. ബോക്‌സിന്റെ ഗാര്‍ഡ് തകര്‍ത്ത് പന്ത് കമന്ററി ബോക്‌സിനുള്ളിലെത്തുകയും ചെയ്തിരുന്നു.

മത്സരത്തിന്റെ 18ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. മുന്‍ പ്രോട്ടീസ് താരം ഡ്വെയ്ന്‍ പ്രിട്ടോറിയസ് എറിഞ്ഞ സ്ലോവര്‍ ഡെലിവറി ഫാബിയന്‍ സിക്‌സറിന് തൂക്കുകയായിരുന്നു. ഈ ഷോട്ടാണ് കമന്ററി ബോക്‌സിനുള്ളില്‍ ചെന്നുവീണത്. സംഭവത്തിന്റെ വീഡിയോ വൈറലാണ്.

മത്സരത്തില്‍ രണ്ട് സിക്‌സറിന്റെ അകമ്പടിയോടെ 14 പന്തില്‍ 21 റണ്‍സാണ് ഫാബിയന്‍ അലന്‍ നേടിയത്.

അതേസമയം, ജമൈക്ക താലവാസിനെ പരാജയപ്പെടുത്തി ഗയാന ആമസോണ്‍ വാറിയേഴ്‌സ് വിജയം സ്വന്തമാക്കിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ താലവാസിന് ക്യാപ്റ്റന്‍ ബ്രാന്‍ഡന്‍ കിങ്ങിന്റെ അര്‍ധ സെഞ്ച്വറിയാണ് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. 32 പന്തില്‍ 52 റണ്‍സാണ് കിങ് നേടിയത്.

14 പന്തില്‍ 21 റണ്‍സ് നേടിയ ഫാബിയന്‍ അലനും 14 പന്തില്‍ 20 റണ്‍സ് നേടിയ റെയ്മണ്‍ റീഫറുമാണ് താലവാസിനായി റണ്‍സ് നേടിയ മറ്റ് താരങ്ങള്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ 152ന് അഞ്ച് എന്ന നിലയില്‍ താലവാസ് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ താലവാസിനായി ഓപ്പണര്‍മാര്‍ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ വിക്കറ്റില്‍ 112 റണ്‍സാണ് ഓപ്പണര്‍മാരായ സിയാം അയ്യൂബും മാത്യു നന്ദുവും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 35 പന്തില്‍ 37 റണ്‍സ് നേടിയ നന്ദുവിനെ പുറത്താക്കി ക്രിസ് ഗ്രീനാണ് കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ അപ്പോഴേക്കും താലവാസിന്റെ വിധി തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരുന്നു. രണ്ടാം വിക്കറ്റായി അയ്യൂബ് പുറത്താകുമ്പോള്‍ വിജയത്തിന് വെറും 12 റണ്‍സകലെയായിരുന്നു വാറിയേഴ്‌സ്. 53 പന്തില്‍ അഞ്ച് സിക്‌സറും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 85 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ ഒമ്പത് പന്തും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കെ ഗയാന ആമസോണ്‍ വാറിയേഴ്‌സ് വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ അപരാജിത കുതിപ്പ് തുടര്‍ന്ന വാറിയേഴ്‌സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് മത്സരത്തില്‍ നിന്നും ആറ് ജയം ഉള്‍പ്പെടെ 13 പോയിന്റാണ് വാറിയേഴ്‌സിനുള്ളത്. എട്ട് മത്സരത്തില്‍ നിന്നും അഞ്ച് പോയിന്റുമായി അഞ്ചാമതാണ് താലവാസ്.

സെപ്റ്റംബര്‍ 15നാണ് ഗയാനയുടെ അടുത്ത മത്സരം. സെന്റ് ലൂസിയ കിങ്‌സാണ് എതിരാളികള്‍.

CONTENT HIGHLIGHT: Fabian Allen’s sixer hits commentary box

We use cookies to give you the best possible experience. Learn more