| Friday, 6th January 2023, 10:17 am

നിന്റെ മകള്‍ക്ക് ഇങ്ങനെ നടക്കാമല്ലോ എന്ന് പലരും ചോദിച്ചു, ഇപ്പോള്‍ പ്രോഗ്രാം ചെയ്യുമ്പോള്‍ രണ്ടുവട്ടം ആലോചിക്കും: രശ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ താരമാണ് രശ്മി. നിരവധി കോമഡി പരിപാടികളില്‍ താരം തിളങ്ങിയിട്ടുണ്ട്. രശ്മി കൈരളി ടി.വിയില്‍ അവതരിപ്പിച്ച ഗോസിപ് കോമഡി ഷോക്കെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സിനിമാ താരങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പറയുന്ന പരിപാടിയായിരുന്നു അത്.

പരിപാടിയുടെ ഭാഗമായി ശ്രിന്ദ, എസ്തര്‍, ഗോപിക രമേശ് തുടങ്ങിയ നടിമാരുടെ ഫോട്ടോഷൂട്ടിനെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ശ്രിന്ദയും എസ്തറും ഇതിനെതിരെ രംഗത്ത് വരുകയും ചെയ്തു. ആ വിവാദത്തിനെ കുറിച്ച് കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് രശ്മി.

‘ഞാന്‍ ചെയ്ത് കൊണ്ടിരുന്ന പ്രോഗ്രാമാണത്. അതില്‍ രണ്ട് കഥാപാത്രങ്ങളുണ്ടായിരുന്നു. തങ്കു, സുശീല എന്നാണ് അവരുടെ പേര്. അവര്‍ക്ക് ജീവിതത്തില്‍ ഒന്നും ആവാന്‍ പറ്റിയിട്ടില്ല. സിനിമാക്കാരുടെ ഗോസിപ്പ് പറയുകയും മറ്റുള്ളവരുടെ ജീവിതം കണ്ട് അസൂയപ്പെടുകയും ചെയ്യുന്ന കഥാപാത്രങ്ങളാണവര്‍.

ഒരിക്കലുമത് രശ്മിയോ എന്റെ കൂടെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റോ ആയിരുന്നില്ല. എന്നെ അടുത്ത് അറിയാവുന്നവര്‍ക്ക് അറിയാം അസൂയയൊന്നും ആരോടും തോന്നാത്ത ഒരാളാണ് ഞാനെന്ന്. നമുക്കുള്ളത് നമുക്ക് കിട്ടും, അല്ലാതെ വേറെയൊന്നിനോടും ആര്‍ത്തിയൊന്നുമില്ലാത്ത ആളാണ് ഞാന്‍.

അത് ക്യാരക്ടറാണെന്ന് ചിന്തിക്കാതെയാണ് പലരും ഭയങ്കരമായി നമ്മളെ ചീത്ത വിളിക്കുകയും മോശം വാക്കുകള്‍ പറയുകയും ചെയ്തത്. എന്റെ മകള്‍ ഒരു ഫോട്ടോ ഇട്ടാല്‍ അതിനടിയില്‍ വന്ന് വരെ കമന്റിടും. നിന്റെ മകള്‍ക്കിങ്ങനെ നടക്കാമല്ലോ പിന്നെ എന്താടി അവരിങ്ങനെ നടന്നാല്‍ എന്നൊക്കെയാണ് ചോദിക്കുന്നത്.

മാനസികമായി ഭയങ്കര പ്രശ്‌നമായിരുന്നു. ആദ്യം വിചാരിച്ചു കുറച്ച് ദിവസം കഴിയുമ്പോള്‍ മാറുമെന്ന്. എന്നാല്‍ രണ്ട് മൂന്ന് ദിവസം കാത്തിരുന്നു എന്നിട്ടും മാറ്റമൊന്നും സംഭവിച്ചില്ല. അപ്പോഴാണ് ഇതിനൊരു മറുപടി കൊടുക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഇന്ന് ഷോ ചെയ്യുമ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കും. ഇപ്പോള്‍ അങ്ങനത്തെ അവസ്ഥയിലായി. കോമഡിക്ക് വേണ്ടി ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായി. എന്ത് പറഞ്ഞാലും അതിനെ വിമര്‍ശിക്കാന്‍ ആളുകള്‍ ഇരിക്കുന്നുണ്ട്,’ രശ്മി പറഞ്ഞു.

content highlight: actress rashmi talks about social media attack

We use cookies to give you the best possible experience. Learn more